മലയാള സിനിമാ പ്രേമികള്‍ പ്രഖ്യാപനം മുതല്‍ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന മോഹന്‍ലാല്‍ ചിത്രമായിരുന്നു മലൈക്കോട്ടൈ വാലിബന്‍. മലയാളി പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ട സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ സിനിമയെന്ന പ്രത്യേകതയും വാലിബനുണ്ടായിരുന്നു.
നന്‍പകല്‍ നേരത്ത് മയക്കം എന്ന സിനിമക്ക് ശേഷം ലിജോ സംവിധാനം ചെയ്ത സിനിമയായത് കൊണ്ട് വാലിബന് വലിയ ഹൈപ്പായിരുന്നു ലഭിച്ചത്. മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിക്കുന്ന സിനിമ എന്ന ടാഗിലായിരുന്നു ചിത്രത്തിന്റെ പ്രൊമോഷനുകള്‍ നടന്നത്.
വാലിബന് ഒരു കാലമോ ദേശമോയില്ലെന്നും സിനിമ മറ്റൊരു ഭാഷയില്‍ കണ്ടാല്‍ അത് ഏത് ഭാഷയിലെ സിനിമയാണെന്ന് തോന്നുമെന്നും മോഹന്‍ലാല്‍ പലതവണയായി പറഞ്ഞിരുന്നു. അതുകൊണ്ടാണ് തങ്ങള്‍ കേരളത്തില്‍ ഷൂട്ട് ചെയ്യാതിരുന്നതെന്നും എവിടെയാണ് കഥ നടക്കുന്നതെന്നും ഏത് കാലഘട്ടമാണെന്നും തനിക്ക് അറിയില്ലെന്നും താരം പ്രൊമോഷനുകള്‍ക്കിടയില്‍ പറഞ്ഞതാണ്.
വാലിബനൊരുങ്ങുന്നത് ഇന്ത്യന്‍ സിനിമയില്‍ മുമ്പുണ്ടായിട്ടില്ലാത്ത ഴോണറിലാണെന്നും റിലീസിന് മുമ്പ് നായകന്‍ പറഞ്ഞിരുന്നു. എന്നാല്‍ വലിയ കാത്തിരിപ്പിന് ശേഷം തിയേറ്ററില്‍ എത്തിയ ചിത്രത്തിന് ആദ്യ ദിനം തന്നെ സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. ഇതിനിടയില്‍ തന്റെ സിനിമക്ക് എതിരെ വലിയ ഹേറ്റ് ക്യാമ്പയിന്‍ നടക്കുന്നുവെന്ന ആരോപണമായി സംവിധായകനും രംഗത്ത് എത്തിയിരുന്നു.
തങ്ങള്‍ കഷ്ടപ്പെട്ടിട്ടാണ് മലൈക്കോട്ടൈ വാലിബന്‍ സിനിമ ഷൂട്ട് ചെയ്തിട്ടുള്ളതെന്നും അതൊരിക്കലും മലയാളികള്‍ക്ക് ഒരു മോശം സിനിമ സമ്മാനിക്കാന്‍ വേണ്ടിയല്ലെന്നും ലിജോ കഴിഞ്ഞ ദിവസം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
വാലിബന്‍ തിയേറ്ററില്‍ പോയി കാണണമെന്നും 28 ദിവസം മാത്രമേ പടം തിയേറ്റുകളില്‍ ഉണ്ടാവുകയുള്ളൂവെന്നും ലിജോ എന്ന സംവിധായകനില്‍ പ്രേക്ഷകര്‍ വിശ്വസിക്കുന്നുണ്ടെങ്കില്‍, താന്‍ പറയുന്ന വാക്കുകള്‍ വിശ്വസിക്കണമെന്നും സിനിമ തിയേറ്ററില്‍ നിന്ന് തന്നെ കാണണമെന്നും അദ്ദേഹം പറഞ്ഞിരുന്നു.
സിനിമ കണ്ടവരില്‍ ഒരു വിഭാഗം ആളുകള്‍ സിനിമയെ പറ്റി മികച്ച അഭിപ്രായങ്ങള്‍ പറഞ്ഞപ്പോള്‍ ചിലരില്‍ നിന്ന് വാലിബനെ കുറിച്ച് മോശം അഭിപ്രായമായിരുന്നു വന്നത്.
പിന്നാലെ ഇപ്പോള്‍ മോഹന്‍ലാല്‍ മലൈക്കോട്ടൈ വാലിബന്റെ ഒരു പോസ്റ്റര്‍ പങ്കുവെച്ചിരുന്നു. ‘ഒരു ലിജോ ജോസ് പെല്ലിശ്ശേരി മുത്തശ്ശിക്കഥ’ എന്ന ടാഗ് ചേര്‍ത്ത പോസ്റ്ററായിരുന്നു അത്. വാലിബന്റെ ടൈറ്റിലും അതിനൊപ്പമുണ്ട്. ടൈറ്റിലില്‍ ‘മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിക്കുന്ന’ എന്ന ടാഗാണുള്ളത്.
ഇതിന് താഴെ പോസിറ്റീവും നെഗറ്റീവുമായ നിരവധി കമന്റുകളാണ് വരുന്നത്. ‘ഒരു ലിജോ ജോസ് പെല്ലിശ്ശേരി മുത്തശ്ശിക്കഥ’ എന്ന് ആദ്യമേ തന്നെ പറയാമായിരുന്നു എന്നാണ് കൂടുതല്‍ ആളുകളും കമന്റുകളിടുന്നത്.
‘ഇത് ആദ്യമേ പറഞ്ഞിരുന്നെങ്കില്‍ ഫാന്‍സ് ഈ സിനിമയ്ക്ക് ഇത്രയും ഹൈപ്പ് കൊടുത്ത് ബഹിരാകാശത്ത് എത്തിക്കുമായിരുന്നോ. ഇപ്പോള്‍ ഈ പറഞ്ഞിരിക്കുന്ന ക്യാപ്ഷന് യോജിക്കുന്ന മലയാളത്തില്‍ ഇറങ്ങിയ ഏറ്റവും മികച്ച ചിത്രമായിരിക്കും ഇത്,’ എന്നായിരുന്നു ഒരാളുടെ കമന്റ്.
‘മുത്തശ്ശിക്കഥ ഈ പ്രയോഗം ആദ്യമേ ആകാമായിരുന്നു. ഇന്നലെ കുടുംബത്തോടൊപ്പം പോയി സിനിമ കണ്ടു. ഒരു ഹോളിവുഡ് മേക്കിങ് ഫാന്റസി മൂവിയെന്ന രീതിയില്‍ മികച്ചതാണ് ചിത്രം,’ എന്ന കമന്റും വന്നു.
വളരെ മനോഹരമായ വിഷ്വല്‍സും മികച്ച പ്രൊഡക്ഷന്‍ ക്വാളിറ്റിയുമുള്ള സിനിമയും വ്യത്യസ്തമായ ഒരു മോഹന്‍ലാല്‍ കഥാപാത്രത്തെയും കാണണമെങ്കില്‍, അല്‍പ്പം ലാഗ് ആസ്വാദനത്തിന് പ്രശ്‌നമല്ലെങ്കില്‍ ഒരു വട്ടം തിയേറ്റര്‍ എക്‌സ്പീരിയന്‍സ് ചെയ്യേണ്ട സിനിമ തന്നെയാണ് വാലിബനെന്ന കമന്റുമുണ്ട്.
‘മലയാളത്തിന്റെ മോഹന്‍ലാല്‍ അവതരിക്കുന്ന’ എന്ന ടാഗില്‍ നിന്ന് ‘ഒരു ലിജോ ജോസ് പെല്ലിശ്ശേരിയുടെ മുത്തശ്ശിക്കഥ’യിലേക്കുള്ള മാറ്റം പ്രേക്ഷകര്‍ വലിയ പോസിറ്റീവായാണ് കാണുന്നത്.
Content Highlight: Mohanlal Share Malaikottai Valiban’s Poster that says Valiban Lijo’s Muthashikkatha