| Monday, 27th September 2021, 11:01 am

മോഹന്‍ലാല്‍-ഷാജി കൈലാസ് ചിത്രത്തിന് തുടക്കം; പൂജാ ചിത്രങ്ങള്‍ പുറത്തുവിട്ട് ആശീര്‍വാദ് സിനിമാസ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മോഹന്‍ലാല്‍- ഷാജി കൈലാസ് കൂട്ടുകെട്ടിലൊരുങ്ങുന്ന പുതിയ ചിത്രത്തിന് തുടക്കം. ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് സിനിമ നിര്‍മിക്കുന്നത്. സിനിമയുടെ പൂജാ ചിത്രങ്ങള്‍ ആശിര്‍വാദ് സിനിമാസ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്.

12 വര്‍ഷത്തിന് ശേഷമാണ് ഷാജി കൈലാസ്- മോഹന്‍ലാല്‍ കൂട്ടുകെട്ട് ഒന്നിക്കുന്ന ഒരു ചിത്രം എത്തുന്നത്.

ഷാജി കൈലാസ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ 2000ല്‍ എത്തിയ സൂപ്പര്‍ഹിറ്റ് ചിത്രം ‘നരസിംഹ’മായിരുന്നു ആശിര്‍വാദ് സിനിമാസിന്റെ ലോഞ്ചിംഗ് ചിത്രം. ആശിര്‍വാദിന്റെ 30ാം ചിത്രമാണ് ഇത്.

2009ല്‍ പുറത്തെത്തിയ ക്രൈം ത്രില്ലര്‍ ചിത്രം ‘റെഡ് ചില്ലീസി’നു ശേഷം മോഹന്‍ലാല്‍ നായകനാവുന്ന ഷാജി കൈലാസ് ചിത്രം കൂടിയാണിത്. മുന്‍പ് ഷാജി കൈലാസിന്റെ ടൈം, സൗണ്ട് ഓഫ് ബൂട്ട്, മദിരാശി, ജിഞ്ചര്‍ എന്നീ സിനിമകള്‍ക്ക് രചന നിര്‍വ്വഹിച്ച രാജേഷ് ജയരാമനാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുന്നത്.

അതേസമയം പൃഥ്വിരാജിനെ നായകനാക്കി ‘കടുവ’ എന്ന ചിത്രം ഷാജി കൈലാസ് ആരംഭിച്ചിരുന്നു. ഏപ്രില്‍ 16ന് ആദ്യ ഷെഡ്യൂള്‍ ആരംഭിച്ചിരുന്ന ചിത്രം പത്ത് ദിവസത്തിനു ശേഷം കൊവിഡ് രണ്ടാംതരംഗത്തെ തുടര്‍ന്ന് നിര്‍ത്തിവെക്കുകയായിരുന്നു.


എട്ട് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാജി കൈലാസ് സംവിധാന രംഗത്തേക്ക് തിരിച്ചെത്തുന്ന ചിത്രമായാണ് ഇത് പ്രഖ്യാപിക്കപ്പെട്ടത്. എന്നാല്‍ ഒരുപക്ഷേ ആദ്യം പൂര്‍ത്തിയാവുക മോഹന്‍ലാല്‍ ചിത്രമായിരിക്കും.

അതേസമയം പൂര്‍ത്തിയായതും നിര്‍മ്മാണത്തിന്റെ വിവിധ ഘട്ടങ്ങളില്‍ ഉള്ളതുമായ നിരവധി പ്രോജക്റ്റുകളാണ് മോഹന്‍ലാലിന്റേതായി പുറത്തുവരാനുള്ളത്. പ്രിയദര്‍ശന്റെ മരക്കാര്‍, ബി ഉണ്ണികൃഷ്ണന്റെ ആറാട്ട് എന്നിവ പോസ്റ്റ് പ്രൊഡക്ഷന്‍ പൂര്‍ത്തിയായി റിലീസ് തീയതി കാത്തിരിക്കുന്നവയാണ്.

ലൂസിഫറിനു ശേഷം പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ബ്രോ ഡാഡി പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. ദൃശ്യം 2നു ശേഷം ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന 12th മാന്‍ ചിത്രീകരണഘട്ടത്തിലുമാണ്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mohanlal – Shaji Kailas movie started shooting, location pics

We use cookies to give you the best possible experience. Learn more