| Friday, 21st October 2022, 10:31 am

'മോഹന്‍ലാലും ഷാജി കൈലാസും റൂട്ട് മാറ്റി മക്കളേ'; ഒറ്റക്ക് നിന്ന് അഭിനയിച്ച് തകര്‍ക്കുന്ന എലോണ്‍ ടീസര്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

13 വര്‍ഷങ്ങളുടെ ഇടവേളക്ക് ശേഷം ഷാജി കൈലാസും മോഹന്‍ലാലും ഒന്നിക്കുന്ന എലോണിന്റെ ടീസര്‍ പുറത്ത്. സമീപകാലത്തിറങ്ങിയ മോഹന്‍ലാലിന്റെയും ഷാജി കൈലാസിന്റെയും ചിത്രങ്ങളില്‍ നിന്നും വ്യത്യസ്തമാകും എലോണ്‍ എന്ന സൂചനകളാണ് ടീസര്‍ നല്‍കുന്നത്.

സിനിമയില്‍ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന കാളിദാസ് എന്ന കഥാപാത്രം മാത്രമേ ഉണ്ടാവുകയുള്ളു എന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ ടീസര്‍ ആ കാളിദാസിനെ കുറിച്ച് ആകാംക്ഷയുണര്‍ത്തിയിരിക്കുകയാണ്.

ഒരു കീ ഹോളിലൂടെ കാണുന്ന കാളിദാസിലൂടെയാണ് ടീസര്‍ തുടങ്ങുന്നത്. പിന്നീട് ദാസ് എന്നും ദാസേട്ടനെന്നും പറഞ്ഞ് തന്നെ ഇയാള്‍ പരിചയപ്പെടുത്തുന്നു.

ഒരു മുറിയുടെ അകത്തുള്ള കാളിദാസിനെയാണ് ടീസറില്‍ പ്രധാനമായും കാണാനാകുന്നത്. അതേസമയം ചിത്രത്തില്‍ ഫോണ്‍കോളുകളിലൂടെയുള്ള ശബ്ദ സാന്നിധ്യമായി സിദ്ദിഖും പൃഥ്വിരാജും കടന്നുവരുന്നുണ്ട്.

ട്രാന്‍സ്‌പെരന്റ് മാസ്‌കും കയ്യില്‍ സാനിറ്റൈസറുമായി ഹീറോയിക്കായി നടന്നുവരുന്ന കാളിദാസിലാണ്, നിഗൂഢത ധ്വനിക്കുന്ന എലോണിന്റെ ടീസര്‍ അവസാനിക്കുന്നത്. റിയല്‍ ഹീറോസ് ആര്‍ ഓള്‍വെയ്‌സ് എലോണ്‍ എന്ന വാചകവും ടീസറിലുണ്ട്. നേരത്തെ എലോണിന്റെ മറ്റൊരു ടീസറും പുറത്തുവന്നിരുന്നു.

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് എലോണ്‍ നിര്‍മ്മിക്കുന്നത്. രാജേഷ് ജയരാമനാണ് തിരക്കഥ. അഭിനന്ദ് രാമാനുജം ക്യാമറയും ഡോണ്‍ മാക്‌സ് എഡിറ്റിങ്ങും നിര്‍വഹിക്കുന്നു. ജേക്ക്‌സ് ബിജോയിയാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

അതേസമയം മോഹന്‍ലാല്‍ ചിത്രമായ മോണ്‍സ്റ്റര്‍ ഒക്ടോബര്‍ 21 ന് തിയേറ്ററുകളിലെത്തിയിരിക്കുകയാണ്.
ചിത്രത്തില്‍ ലക്കി സിങ് എന്ന കഥാപാത്രമായി ആണ് മോഹന്‍ലാല്‍ എത്തുന്നത്. രണ്ട് ഗെറ്റപ്പിലാണ് മോഹന്‍ലാല്‍ സിനിമയില്‍ കടന്നുവരുന്നത്. പുലിമുരുകന് ശേഷം മോഹന്‍ലാലും വൈശാഖും ഉദയകൃഷ്ണയും വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് മോണ്‍സ്റ്റര്‍.

Content Highlight: Mohanlal-Shaji Kailas movie Alone teaser released

We use cookies to give you the best possible experience. Learn more