കൊച്ചി: സ്ത്രീകളുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് വേണ്ടി ഇന്റേണല്‍ കമ്മിറ്റി സംഘടനയില്‍ ഉണ്ടെന്ന് അമ്മ പ്രസിഡന്റ് മോഹന്‍ലാല്‍. ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം ഡബള്യൂ.സി.സി അംഗങ്ങള്‍ വനിതാ കമ്മീഷനെ കണ്ടതിന്റെ പശ്ചാത്തലത്തില്‍ സംഘടനയില്‍ ഇന്റേണല്‍ കമ്മിറ്റി വേണമെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ പി. സതീദേവി പറഞ്ഞിരുന്നു.
ഇതിന് മറുപടിയായാണ് മോഹന്‍ലാലിന്റെ പ്രതികരണം. ജനറല്‍ ബോഡിയിലെ ദൃശ്യങ്ങള്‍ ക്യാമറയില്‍ പകര്‍ത്തിയതിന് ഷമ്മി തിലകനോട് വിശദീകരണം തേടാനും അമ്മ എക്‌സിക്യൂട്ടീവില്‍ തീരുമാനമായിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം നടത്തുന്നതിന് പ്രത്യേക കമ്മിറ്റിയെ രൂപീകരിച്ചതായി അമ്മ വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജു പറഞ്ഞു.
മീറ്റിങ്ങില്‍ ഉന്നയിച്ച എല്ലാ പ്രശ്‌നങ്ങളും പ്രത്യേകം കമ്മിറ്റികളെ നിയോഗിക്കുമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ അമ്മ ജനറല്‍ ബോഡിയുമായി ബന്ധപ്പെട്ട വിവാദങ്ങളിലൊന്നായിരുന്നു ഷമ്മി തിലകന്‍ കമ്മിറ്റിയില്‍ നടക്കുന്ന ചര്‍ച്ചകള്‍ മൊബൈല്‍ ക്യാമറയില്‍ പകര്‍ത്തിയത്.
അതേസമയം, തൊഴിലിടങ്ങളിലെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രൊഡക്ഷന്‍ കമ്പനികള്‍ തയ്യാറാവണം. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് ആയതിനാല്‍ നിയമസഭയില്‍ വെക്കേണ്ടതില്ലെന്ന് ബന്ധപ്പെട്ട വകുപ്പ് മന്ത്രി പറഞ്ഞിട്ടുണ്ട്. സിനിമ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ഒരു നിയമം കേരളത്തില്‍ ആവശ്യമാണെന്ന് ഡബ്ള്യൂ.സി.സി അംഗങ്ങളുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷം സതീദേവി പറഞ്ഞിരുന്നു.
തുല്യ വേതനം ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്താനും സംസ്ഥാന സര്‍ക്കാറിന്റെ ഭാഗത്തുനിന്ന് ഇടപെടല്‍ ആവശ്യമാണ്. ഇക്കാര്യം സര്‍ക്കാറിന്റെ ശ്രദ്ധയില്‍പ്പെടുത്തുമെന്നും സതീദേവി പറഞ്ഞിരുന്നു.
അതേസമയം, നടിക്ക് നീതി ലഭിക്കാന്‍ മുട്ടാവുന്ന എല്ലാ വാതിലുകളും മുട്ടുമെന്ന് ഡബ്ള്യൂ.സി.സി അംഗങ്ങള്‍ പറഞ്ഞു. ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് എത്രയും പെട്ടെന്ന് പുറത്തുവരണമെന്നാണ് ആഗ്രഹമെന്നും ഇനി കാത്തിരിക്കാന്‍ വയ്യെന്നും അംഗങ്ങള്‍ പറഞ്ഞു.
ആക്രമിക്കപ്പെട്ട നടിക്ക് നീതി ഉറപ്പാക്കണമെന്നും ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ വനിതാ കമ്മീഷന്‍ ഇടപെടണമെന്നുമാണ് ഡബ്ള്യൂ.സി.സിയുടെ ആവശ്യം. കോഴിക്കോട് ഗസ്റ്റ് ഹൗസില്‍ വെച്ചായിരുന്നു കൂടിക്കാഴ്ച.