|

ദൃശ്യം പോലൊരു സിനിമയായിരിക്കും തുടരും: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമാപ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹന്‍ലാല്‍- തരുണ്‍ മൂര്‍ത്തി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന തുടരും. സൗദി വെള്ളക്ക, ഓപ്പറേഷന്‍ ജാവ എന്നീ മികച്ച സിനിമകള്‍ക്ക് ശേഷം തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന സിനിമയാണ് തുടരും. പുതിയ സംവിധായകരോടൊപ്പം മോഹന്‍ലാല്‍ സിനിമ ചെയ്യുന്നില്ലെന്ന് വിമര്‍ശനം ഉയരുന്നതിനിടയിലാണ് തരുണ്‍ മൂര്‍ത്തിയുമൊത്തുള്ള സിനിമ സംഭവിക്കുന്നത്.

ഇപ്പോള്‍ തുടരും എന്ന ചിത്രത്തെ കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. തന്റെ അടുത്ത സിനിമയാണ് തുടരും എന്നും താനും തരുണ്‍ മൂര്‍ത്തിയും ആദ്യമായി ഒന്നിച്ച് പ്രവര്‍ത്തിക്കുന്ന ചിത്രമാണിതെന്നും മോഹന്‍ലാല്‍ പറയുന്നു. ദൃശ്യം പോലൊരു സിനിമയായിരിക്കും തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഗലാട്ട പ്ലസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘എന്റെ അടുത്ത സിനിമ തുടരും, എന്നെ സംബന്ധിച്ച് അദ്ദേഹം ഒരു പുതിയ സംവിധായകനാണ്. എനിക്ക് അദ്ദേഹം പുതിയതാണ്. കാരണം ഞങ്ങള്‍ ഇതുവരെ ഒന്നിച്ച് സിനിമ ചെയ്തിട്ടില്ല. എന്നാല്‍ അദ്ദേഹം ആ സിനിമ വളരെ നന്നായി എടുത്തിട്ടുണ്ട്. ഇതൊരു ദൃശ്യം പോലത്തെ സിനിമയാണ്,’ മോഹന്‍ലാല്‍ പറയുന്നു.

ഒരിടവേളക്ക് ശേഷം മോഹന്‍ലാലും ശോഭനയും ഒന്നിക്കുന്ന പ്രത്യേകയും തുടരും എന്ന ചിത്രത്തിനുണ്ട്. പത്തനംതിട്ടയിലെ റാന്നിയിലെ ഒരു സാധാരണ ടാക്‌സി ഡ്രൈവര്‍ ഷണ്‍മുഖം എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ എത്തുന്നത്. ചിത്രത്തിന്റേതായി നേരെത്തെ പുറത്തിറങ്ങിയ ഗാനങ്ങള്‍ ആരാധകര്‍ ഏറ്റെടുത്തിരുന്നു.

ജനുവരി 26 ന് തുടരും തിയേറ്ററുകളിലെത്തും എന്നായിരുന്നു നേരത്തെ അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരുന്നത്. എന്നാല്‍ ചിത്രത്തിന്റെ റിലീസ് തിയ്യതി പിന്നീട് മാറ്റുകയിരുന്നു. അനൗണ്‍സ്മെന്റ് മുതല്‍ക്ക് തന്നെ ആരാധകര്‍ ചിത്രത്തിന് മേല്‍ വലിയ പ്രതീക്ഷകള്‍ വെച്ചിരുന്നു. പുലിമുരുകന്‍, ലൂസിഫര്‍ എന്നീ ചിത്രങ്ങളിലെ അമാനുഷിക കഥാപാത്രങ്ങളില്‍ നിന്ന് ഇടവേളയെടുത്ത് സാധാരണക്കാരനായി മോഹന്‍ലാല്‍ അവതരിക്കുന്നത് കാണാന്‍ പ്രേക്ഷകര്‍ കാത്തിരിക്കുകയാണ്.

Content Highlight: Mohanlal says Thudarum Movie have similarities to Drishyam Movie

Video Stories