മോണ്‍സ്റ്ററിലെ നായകനും വില്ലനും തിരക്കഥ തന്നെയാണെന്ന് മോഹന്‍ലാല്‍. ഒരുപാട് പ്രത്യേകതകളുള്ള സിനിമയാണ് മോണ്‍സ്റ്ററെന്നും മലയാളത്തില്‍ ആദ്യമായിട്ടിരിക്കും ഇത്ര ധൈര്യപൂര്‍വം ഇങ്ങനെയൊരു പ്രമേയം അവതരിപ്പിക്കുന്നതെന്നും ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞു.
‘ഏറെ പ്രത്യേകതകളുള്ള ചിത്രമാണ് മോണ്‍സ്റ്റര്‍. ഒരുപാട് സര്‍പ്രൈസ് എലമെന്റുകളുണ്ട്. പ്രമേയമാണ് ഇതിലെ പ്രത്യേകത. ഒരുപക്ഷേ മലയാളത്തില്‍ ആദ്യമായിട്ടായിരിക്കും ഇങ്ങനെ ഒരു പ്രമേയം ഇത്ര ധൈര്യപൂര്‍വം അവതരിപ്പിച്ചിരിക്കുന്നത്. തിരക്കഥ തന്നെയാണ് താരം.
ഹീറോ, വില്ലന്‍ കോണ്‍സെപ്‌റ്റൊക്കെ ഒക്കെ ഈ സിനിമയിലുണ്ടോന്ന് ചോദിച്ചാല്‍ തിരക്കഥ തന്നെയാണ് നായകന്‍, തിരക്കഥ തന്നെയാണ് വില്ലന്‍. ആ സിനിമയെ പറ്റി ഇത്രയേ പറയാനുള്ളൂ. വളരെ അപൂര്‍വമാണ് ഇത്തരം സിനിമകളില്‍ ഒരു ആക്ടറെന്ന നിലയില്‍ അഭിനയിക്കാന്‍ സാധിക്കുന്നത്. ഈ സിനിമയില്‍ അഭിനയിച്ചതില്‍ വളരെയധികം ഹാപ്പിയാണ് ഞാന്‍,’ മോഹന്‍ലാല്‍ പറഞ്ഞു.
ഒക്ടോബര്‍ 21നാണ് മോണ്‍സ്റ്റര്‍ റിലീസ് ചെയ്യുന്നത്. പുലിമുരുകനു ശേഷം മോഹന്‍ലാലിനെ നായകനാക്കി വൈശാഖ് സംവിധാനം ചെയ്യുന്നുവെന്നതാണ് തന്നെയാണ് ഏറ്റവും വലിയ ആകര്‍ഷണം. ഉദയ് കൃഷ്ണയാണ് മോണ്‍സ്റ്ററിന്റെ തിരക്കഥ.
അതേസമയം എല്‍.ജി.ബി.ടി.ക്യു രംഗങ്ങള്‍ ഉള്ളതിനാല്‍ ഗള്‍ഫ് മേഖലയില്‍ ചിത്രത്തിന് പ്രദര്‍ശനാനുമതി നിഷേധിച്ചിരിക്കുകയാണ്. ആവശ്യമായ മാറ്റങ്ങള്‍ വരുത്തി ചിത്രം വീണ്ടും സമര്‍പ്പിക്കാന്‍ മോണ്‍സ്റ്ററിന്റെ പ്രവര്‍ത്തകര്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ സമയമെടുക്കുമെന്നതിനാല്‍ 21ന് ഗള്‍ഫില്‍ റിലീസ് സാധ്യമാകില്ല എന്നാണ് റിപ്പോര്‍ട്ട്.
സതീഷ് കുറുപ്പ് ആണ് മോണ്‍സ്റ്ററിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്. എഡിറ്റിങ് ഷമീര്‍ മുഹമ്മദ്, സംഗീതം ദീപക് ദേവ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സിദ്ധു പനയ്ക്കല്‍, സംഘട്ടനം സ്റ്റണ്ട് സില്‍വ, വസ്ത്രാലങ്കാരം സുജിത്ത് സുധാകരന്‍, സ്റ്റില്‍സ് ബെന്നറ്റ് എം. വര്‍ഗീസ്, പ്രൊമോ സ്റ്റില്‍സ് അനീഷ് ഉപാസന, പബ്ലിസിറ്റി ഡിസൈന്‍സ് ആനന്ദ് രാജേന്ദ്രന്‍ തുടങ്ങിയവരാണ് ചിത്രത്തിന്റെ മറ്റ് പ്രവര്‍ത്തകര്‍.
Content Highlight: Mohanlal says that Monster is a never-before-seen theme in Malayalam