തന്റെ സിനിമാ ജീവിതത്തിൽ ഒരു കഥാപാത്രത്തിനായും ആഗ്രഹിച്ചിട്ടില്ല എന്നാണ് മലയാളികളുടെ പ്രിയനടൻ മോഹൻലാൽ പറയുന്നത്.
ഒരിക്കൽപോലും ഒരു അഡ്വക്കേറ്റിന്റെ വേഷം അഭിനയിക്കാൻ താൻ വിചാരിച്ചിട്ടില്ലെന്നും അതിപ്പോൾ തന്നെ തേടിയെത്തിയെന്നും മോഹൻലാൽ പറയുന്നു. ആഗ്രഹിച്ചിട്ട് കിട്ടിയില്ലെങ്കിൽ ഭയങ്കര വിഷമമാവില്ലേയെന്നും പുതിയ ചിത്രം നേരിന്റെ ഭാഗമായി മൂവി വേൾഡ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ താരം പറഞ്ഞു.
‘ഒരു കഥാപാത്രത്തിനായി ആഗ്രഹിച്ചിട്ട് കാര്യമില്ലല്ലോ. ആഗ്രഹിച്ചത് കിട്ടിയില്ലെങ്കിൽ ഭയങ്കര സങ്കടം വരില്ലേ. അതുകൊണ്ട് ഞാൻ അങ്ങനെ ആഗ്രഹിക്കാറില്ല. എന്റെ ജീവിതത്തിൽ ഇതുവരെ ഒരു അഡ്വക്കേറ്റിന്റെ വേഷം ലഭിക്കണമെന്ന് ഞാൻ ആഗ്രഹിച്ചിട്ടില്ല പക്ഷെ അത് കിട്ടി.
മലൈക്കോട്ടൈ വാലിബൻ എന്ന ചിത്രത്തിലെ കഥാപാത്രം ഇതുവരെ സംഭവിക്കാത്ത ഒന്നാണ്. ഒരു സമയവും സ്ഥലവുമില്ലാത്ത യോദ്ധാവിന്റെ കഥയാണ് ആ ചിത്രം പറയുന്നത്. അങ്ങനെ നമ്മൾ ആഗ്രഹിച്ചിട്ടില്ല. പക്ഷെ കഥ പറഞ്ഞു വന്നപ്പോൾ അതിലേക്ക് എത്തിച്ചേർന്നു.
ഒരു സിനിമ സംവിധാനം ചെയ്യണമെന്ന് ഞാൻ വിചാരിച്ചിട്ടേ ഇല്ലായിരുന്നു. ഒരു ത്രി. ഡി സിനിമയാണത്. എനിക്ക് തോന്നുന്നത് ഇന്ത്യയിൽ മറ്റൊരു അഭിനേതാവും അത് ചെയ്തിട്ടില്ല. പുറത്ത് ചെയ്തിട്ടുണ്ടോ എന്ന് എനിക്കറിയില്ല. ആ കാര്യവും സംഭവിച്ചതാണ്. ലൂസിഫർ എന്ന സിനിമയും അങ്ങനെ ഉണ്ടായ ഒരു ചിത്രമാണ്. ആ സിനിമയുടെ വിജയം എന്ന് പറയുന്നത് അതിന്റെ അടുത്ത സിനിമയിലേക്കുള്ള യാത്രയായിരുന്നു. അത് ഞങ്ങൾക്ക് നിർത്താൻ കഴിഞ്ഞില്ല.
ലൂസിഫറിനെക്കാൾ വലിയ ഒരു സിനിമ ചെയ്യണമെന്നാണ്. ആ സിനിമ നമ്മുടെ മലയാളം ഇൻഡസ്ട്രിയെ പുറത്തേക്ക് അറിയിക്കുക എന്നൊരു ധർമം നമുക്കുണ്ട്.