|

മമ്മൂട്ടിയോട് എനിക്ക് ഏറ്റവും കൂടുതല്‍ അസൂയയുള്ളത് അക്കാര്യത്തിലാണ്; മോഹന്‍ലാല്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സിനിമയില്‍ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ മമ്മൂട്ടിയെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്ന കാര്യങ്ങളാണ് ശ്രദ്ധേയമാവുന്നത്. മമ്മൂട്ടിയുടെ അഭിനയശൈലിയെക്കുറിച്ചും ശരീരസംരക്ഷണത്തെക്കുറിച്ചും മോഹന്‍ലാല്‍ പറഞ്ഞ വാക്കുകള്‍ മലയാള സിനിമാലോകത്തെ കഴിഞ്ഞ ദിവസങ്ങളിലെ ചര്‍ച്ചയായിരുന്നു.

മമ്മൂട്ടിയെക്കുറിച്ച് ഗൃഹലക്ഷ്മിക്ക് വേണ്ടി എഴുതിയ കുറിപ്പില്‍ മോഹന്‍ലാല്‍ പറഞ്ഞ ഒരു കാര്യമാണ് വീണ്ടും ചര്‍ച്ചയായി മാറിയിരിക്കുന്നത്. മമ്മൂട്ടിയോട് ഒരു കാര്യത്തില്‍ തനിക്ക് അസൂയയുണ്ടെന്നാണ് ലേഖനത്തില്‍ മോഹന്‍ലാല്‍ പറയുന്നത്.

‘കാലങ്ങളായി സ്വന്തം ശരീരം കാത്തുസൂക്ഷിക്കുന്ന നടനാണ് മമ്മൂട്ടി. ചിട്ടയോടെ ഇക്കാര്യം വര്‍ഷങ്ങളായി പാലിക്കുന്ന ഒരേയൊരാളെ മാത്രമേ ഞാന്‍ കണ്ടിട്ടുള്ളൂ. അത് അദ്ദേഹമാണ്. ഇക്കാര്യത്തിലാണ് എനിക്ക് മമ്മൂട്ടിയോട് ഏറ്റവുമധികം അസൂയയുള്ളതും. ആത്മനിയന്ത്രണം മമ്മൂട്ടിയില്‍ നിന്നും മനസ്സിലാക്കേണ്ടതാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

പടയോട്ടം എന്ന സിനിമയുടെ കാലത്ത് കണ്ട അതു പോലെ തന്നെയാണ് ഇന്നും മമ്മൂട്ടിയെന്ന് താന്‍ പറഞ്ഞാല്‍ അതൊരു ക്ലീഷേയാവുമെന്നും എന്നാല്‍ അതാണ് യഥാര്‍ത്ഥത്തില്‍ ശരിയെന്നും മോഹന്‍ലാല്‍ പറയുന്നു.

‘ശരീരം, ശാരീരം, സംസാര രീതി, സമീപനങ്ങള്‍ എന്നിവയില്‍ മമ്മൂട്ടിക്ക് ഒരു മാറ്റവും വന്നിട്ടില്ല. ആയുര്‍വേദ ചികിത്സയൊന്നും മമ്മൂട്ടിക്ക് ആവശ്യമില്ല. ഇക്കാര്യത്തില്‍ ആയുര്‍വേദം മമ്മൂട്ടിയില്‍ നിന്നാണ് പഠിക്കേണ്ടത്. ആത്മനിയന്ത്രണം മമ്മൂട്ടിയില്‍ നിന്ന് പഠിക്കേണ്ട ഒന്നാണ്.

നിരവധി തവണ ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്. തനിക്ക് ആവശ്യമുള്ള അളവ് കഴിഞ്ഞാല്‍ പിന്നെ ഒരു തരി പോലും മമ്മൂട്ടി ഭക്ഷണം കഴിക്കില്ല. അവര്‍ എത്ര പ്രിയപ്പെട്ടവരാണെങ്കിലും എത്ര നിര്‍ബന്ധിച്ചാലും അങ്ങനെ തന്നെയാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

മമ്മൂട്ടി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ഫോട്ടോ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. മമ്മൂട്ടിയുടെ ചിട്ടയായ വ്യായാമത്തെക്കുറിച്ച് ഇതിനുമുമ്പ് ട്രെയിനര്‍മാരും തുറന്നുപറഞ്ഞിട്ടുണ്ട്. സിനിമാ ഷൂട്ടിംഗില്‍ ആണെങ്കില്‍ പോലും ദിവസവും മുടങ്ങാതെ വ്യായാമം ചെയ്യുന്നയാളാണ് മമ്മൂട്ടി.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mohanlal says that he jealous about Mammootty

Latest Stories