നാല് പതിറ്റാണ്ടിലധികമായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. ഇത്രയും കാലത്തെ കരിയറില്‍ മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. തന്നിലെ നടനെയും താരത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ചുരുക്കം നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍.
അഭിനയത്തിന് പുറമെ തന്റെ മനസിന് സന്തോഷം തരുന്ന കാര്യങ്ങള്‍ ചെയ്യാന്‍ മോഹന്‍ലാല്‍ ഒരിക്കലും മടി കാണിക്കാറില്ല. തന്റെ പക്കലുള്ള അപൂര്‍വമായ കളക്ഷനുകളെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. തന്റെ ആദ്യചിത്രമായ തിരനോട്ടം ഷൂട്ട് ചെയ്തത് ഒരു 2സി ക്യാമറയിലായിരുന്നെന്നും അത് ഇപ്പോഴും തന്റെ കൈയിലുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ ചിത്രീകരിക്കാനുപയോഗിച്ച ക്യാമറയും താന്‍ സ്വന്തമാക്കിയെന്നും ലോകത്ത് മറ്റൊരു നടന്റെ കൈയിലും അങ്ങനെയൊരു കാര്യം ഉണ്ടാകില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. തന്റെ സുഹൃത്തായ പ്രിയദര്‍ശന്റെ അടുത്ത ചിത്രത്തില്‍ താന്‍ നായകനാകുന്നുണ്ടെന്നും അതിന് മറ്റൊരു പ്രത്യേകതയുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു.
പ്രിയദര്‍ശന്റെ നൂറാമത്തെ സിനിമയാണ് അതെന്നും അയാളുടെ ആദ്യ ചിത്രത്തിലെ നായകന്‍ താനായിരുന്നെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഒരു സംവിധായകന്റെ ആദ്യത്തെയും നൂറാമത്തെയും ചിത്രത്തില്‍ ഒരേ നായകന്‍ എന്നത് അപൂര്‍വ നേട്ടമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഇതെല്ലാം മനഃപൂര്‍വം ചെയ്യുന്നതല്ലെന്നും അങ്ങനെ സംഭവിക്കുന്നതാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഭാഗ്യമെന്നോ യാദൃശ്ചികതയെന്നോ അതിനെ ചിലര്‍ വിളിക്കാറുണ്ടെന്നും എന്നാല്‍ തന്നെ സംബന്ധിച്ച് അതെല്ലാം അതിന്റേതായ രീതിയില്‍ സംഭവിക്കുന്നതാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.
‘കുറച്ച് അപൂര്‍വമായ കോമ്പിനേഷനുകള്‍ എന്റെയടുത്ത് ഉണ്ട്. എന്റെ ആദ്യചിത്രമായ തിരനോട്ടം ഷൂട്ട് ചെയ്തത് ഒരു 2സി ക്യാമറയിലാണ്. അത് ഇപ്പോഴും എന്റെ കൈയിലുണ്ട്. അതുപോലെ മഞ്ഞില്‍ വിരിഞ്ഞ പൂക്കളില്‍ ഫസ്റ്റ് ഷോട്ട് എടുത്ത ക്യാമറയും എന്റെ കൈയിലുണ്ട്. ലോകത്ത് മറ്റൊരു നടന്റെ കൈയിലും ഇതൊന്നും കാണില്ലെന്ന് ഉറപ്പാണ്.
അതുമാത്രമല്ല, വേറൊരു കാര്യം കൂടിയുണ്ട്. പ്രിയദര്‍ശന്‍ ഇനി രണ്ട് സിനിമകള്‍ കൂടി ചെയ്താല്‍ അയാള്‍ 100 സിനിമ എന്ന മാജിക് നമ്പറിലെത്തും. 100ാമത്തെ ചിത്രത്തില്‍ ഞാനാണ് നായകന്‍. ഒരു സംവിധായകന്റെ ആദ്യത്തെ സിനിമയിലും 100ാമത്തെ സിനിമയിലും ഒരേ നായകന്‍ എന്ന അപൂര്‍വനേട്ടം ആ സിനിമയിലൂടെ നടക്കും. ഇതൊന്നും കരുതിക്കൂട്ടി ചെയ്യുന്നതല്ല, ആ ഒരു ഓളത്തില്‍ സംഭവിക്കുന്നതാണ്. പലരും ഭാഗ്യമെന്നും യാദൃശ്ചികമെന്നും പറയുന്നുണ്ട്. അതെല്ലാം അതിന്റേതായ രീതിയല്‍ നടക്കും,’ മോഹന്‍ലാല്‍ പറയുന്നു.
Content Highlight: Mohanlal says that he have a rare collection of the camera that used to shoot his first film