ആഗ്രഹവും സ്‌നേഹവും ഉള്ളതുകൊണ്ടാണ് തുടര്‍ച്ചയായി സിനിമകള്‍ ചെയ്യുന്നതെന്ന് മോഹന്‍ലാല്‍. സ്‌നേഹത്തോടെയാണ് താന്‍ പ്രൊഫഷനെ സമീപിക്കുന്നതെന്നും സിനിമയോടുള്ള ആഗ്രഹവും ഫയറും ഇല്ലാതാവുന്ന നാള്‍ അഭിനയം നിര്‍ത്തുമെന്നും മോഹന്‍ലാല്‍ പറഞ്ഞു. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘അഭിനയിക്കാനുള്ള ഒരു ഫയര്‍ വേണം. അതില്ലെങ്കില്‍ പിന്നെ ഈ പണി നിര്‍ത്തിവെച്ചിട്ട് പോകണം. സിനിമയാണ് ഓക്‌സിജന്‍, ഇതാണ് നമ്മുടെ ജോലി, ഇതാണ് നമ്മുടെ ബ്രെഡ് ആന്‍ഡ ബട്ടര്‍, അങ്ങനെ ഒരു സ്‌നേഹത്തോടെ പ്രൊഫഷനെ സമീപിക്കുന്ന ആളാണ് ഞാന്‍. അതുകൊണ്ട് അത്രയും ജോലി ചെയ്യാനും ഞാന്‍ തയാറാണ്.
റെസ്റ്റ് എടുത്തൂടെ, എന്തിനാണ് തുടര്‍ച്ചയായി ഇങ്ങനെ സിനിമകള്‍ ചെയ്യുന്നത് എന്ന് ചോദിച്ചാല്‍ എനിക്ക് അതിനൊരു ഫയറുണ്ട്. സിനിമയോട് ഒരു ആഗ്രഹമുണ്ട്. ആ ആഗ്രഹം എന്ന് മങ്ങുമോ അന്ന് സിനിമ അഭിനയം നിര്‍ത്തും. ഒരുപാട് പേര് ഇഷ്ടമില്ലാത്ത പല കാര്യങ്ങളും ചെയ്യുന്നുണ്ട്. അതൊരു തോല്‍വിയിലേക്ക് പോകും. അത് അവര്‍ക്ക് ഒരു നിരാശയാവും. ഏറ്റവും രസകരമായി ജോലി ചെയ്യാന്‍ പറ്റുന്ന കാലം വരെ ആ ഫയര്‍ ഞാന്‍ കയ്യില്‍ വെക്കും,’ മോഹന്‍ലാല്‍ പറഞ്ഞു.
നേരാണ് ഉടന്‍ റിലീസ് ചെയ്യുന്ന മോഹന്‍ലാലിന്റെ ചിത്രം. ജീത്തു ജോസഫ് സംവിധാനം ചെയ്യുന്ന ചിത്രം ഡിസംബര്‍ 21നാണ് നേര് റിലീസ് ചെയ്യുന്നത്. പ്രിയ മണി, സിദ്ദീഖ്, അനശ്വര രാജന്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ വിജയമോഹനായിട്ടാണ് ചിത്രത്തില്‍ മോഹന്‍ലാല്‍ വേഷമിടുന്നത്. നേരിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സതീഷ് കുറുപ്പും സംഗീതം വിഷ്ണു ശ്യാമുമാണ്. തിരക്കഥ എഴുതിയിരിക്കുന്നത് ശാന്തി മായാദേവിയാണ്. സൗണ്ട് ഡിസൈന്‍ സിനോയ് ജോസഫ്.
Content Highlight: Mohanlal says that he did films continuously because of desire and love