നാല് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന നടന വിസ്മയമാണ് ലാലേട്ടന്‍ എന്ന് മലയാളികള്‍ സ്നേഹപൂര്‍വ്വം വിളിക്കുന്ന മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയര്‍ ആരംഭിച്ച അദ്ദേഹം ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ്.
ഇപ്പോള്‍ റെക്കോഡ് ബുക്കിങ് സ്വന്തമാക്കികൊണ്ട് എമ്പുരാന്‍ റിലീസിനൊരുങ്ങുകയാണ്.
പൃഥ്വിരാജ്-മോഹന്‍ലാല്‍ കൂട്ടുകെട്ടില്‍ പിറന്ന ലൂസിഫറിന്റെ തുടര്‍ച്ചയായാണ് എമ്പുരാന്‍ തീയേറ്ററുകളില്‍ എത്തുന്നത്. ഇപ്പോള്‍ ദൃശ്യം മലയാള സിനിമക്ക് നല്‍കിയ വലിയ ഓപ്പണിങ്ങിനെ കുറിച്ചും എമ്പുരാന്‍ സിനിമയെ കുറിച്ചും സംസാരിക്കുകയാണ് മോഹന്‍ലാല്‍. എമ്പുരാന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് തെലുങ്കു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മലയാള സിനിമക്ക് വലിയ രീതിയില്‍ ഓപ്പണിങ് നേടിത്തന്ന സിനിമയാണ് ദൃശ്യം 2 എന്നും ദൃശ്യത്തിന്റെ രണ്ടാം ഭാഗം കണ്ടതിന് ശേഷം ആളുകള്‍ ഫസ്റ്റ് പാര്‍ട്ട് കാണാന്‍ തുടങ്ങിയെന്നും മോഹന്‍ലാല്‍ പറയുന്നു.
എമ്പുരാന്‍ ഒരു ലാന്‍ഡ്മാര്‍ക്ക് സിനിമയാകുമെന്നൊന്നും താന്‍ പറയുന്നില്ലെന്നും ഞങ്ങള്‍ക്കും വലിയ സിനിമകള്‍ ഉണ്ടാക്കാന്‍ സാധിക്കുമെന്ന് കാണിക്കുന്ന ഒരു അറ്റംപ്റ്റാണ് എമ്പുരാന്‍ എന്ന സിനിമയെന്നും മോഹന്‍ലാല്‍ പറയുന്നു.
‘കൊവിഡ് കാലത്ത് നമ്മള്‍ കുറച്ച് സിനിമകള്‍ ചെയ്തിട്ടുണ്ട്. പ്രത്യേകിച്ച് മലയാള ഇന്‍ഡസ്ട്രിക്ക് വലിയൊരു ഓപ്പണിങ് നല്‍കിയ സിനിമയാണ് ദൃശ്യം 2. ദൃശ്യം 2 കണ്ടതിനുശേഷം ആളുകള്‍ ദൃശ്യത്തിന്റെ ഫസ്റ്റ് പാര്‍ട്ട് കാണാന്‍ തുടങ്ങി, അതിനുശേഷം എത്രയോ സിനിമകള്‍. എമ്പുരാന്‍ ഇന്‍ഡസ്ട്രിയിലെ ഒരു ലാന്‍ഡ് മാര്‍ക്കാകുമെന്നൊന്നും ഞാന്‍ പറയുന്നില്ല.
പക്ഷേ ഞങ്ങള്‍ വളരെ എഫേര്‍ട്ട് എടുത്ത് കൊണ്ട് മലയാള സിനിമ ഇന്‍ഡസ്ട്രിയില്‍ ഒരു സിനിമ ചെയ്തു. ഈ സിനിമയെ മലയാളത്തിലെ ഏറ്റവും മികച്ച ചിത്രങ്ങളില്‍ ഒന്നായി പ്രദര്‍ശിപ്പിക്കാന്‍ ഞങ്ങള്‍ക്ക് കഴിയും. അങ്ങനെ ഞങ്ങള്‍ക്കും വലിയ സിനിമകള്‍ ഉണ്ടാക്കാന്‍ കഴിയും. എമ്പുരാന്‍ അത്തരത്തില്‍ ഒരു അറ്റംപ്റ്റാണ്,’ മോഹന്‍ലാല്‍ പറയുന്നു.
Content Highlight: Mohanlal says that drishyam was an opening to Malayalam industry