| Sunday, 24th November 2024, 2:24 pm

പടത്തിന്റെ പരാജയം ഒരു നടന്റെ പേരില്‍ ആരോപിക്കപ്പെടുന്നത് മലയാള സിനിമയില്‍ മാത്രം: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഒരു സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞാല്‍ തന്റെ ഉത്തരവാദിത്തം കഴിഞ്ഞുവെന്നും പിന്നെയുള്ളത് ആ സിനിമ കാണുന്നവരുടെ ഉത്തരവാദിത്തമാണെന്നും പറയുകയാണ് മോഹന്‍ലാല്‍. ആ സിനിമയെ സ്വീകരിക്കണോ വേണ്ടയോവെന്നത് പ്രേക്ഷകരുടെ ചോയ്‌സാണെന്നും നടന്‍ പറയുന്നു.

ഒരു സിനിമ റിലീസിന് എത്തുമ്പോള്‍ അത് പ്രതീക്ഷക്കൊത്ത് ഉയരുകയെന്നത് ഒരു നടനെ സംബന്ധിച്ച് വലിയ ഉത്തരവാദിത്തമല്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു മോഹന്‍ലാല്‍.

സിനിമ തിയേറ്ററില്‍ വന്നാല്‍ പിന്നെ തനിക്ക് അടുത്ത സിനിമയെ കുറിച്ച് മാത്രമേ ചിന്തിക്കാന്‍ പറ്റുകയുള്ളൂവെന്നും കാരണം ആ സിനിമ റിലീസായി കഴിഞ്ഞാല്‍ പിന്നെ അതില്‍ ഒരു കറക്ഷനും ചെയ്യാന്‍ കഴിയില്ലെന്നും നടന്‍ പറഞ്ഞു.

സിനിമയുടെ പരാജയം ഒരു നടന്റെ പേരില്‍ ആരോപിക്കപ്പെടുന്നത് മലയാള സിനിമയില്‍ മാത്രമായിരിക്കുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ മറ്റു സ്ഥലങ്ങളിലൊക്കെ സംവിധായകന്റെ പേരിലാണ് ആ സിനിമയുടെ പരാജയം ആരോപിക്കപ്പെടുകയെന്നും അദ്ദേഹം പറയുന്നു.

‘ഒരു സിനിമയില്‍ അഭിനയിച്ച് കഴിഞ്ഞാല്‍ പിന്നെ എന്റെ ഉത്തരവാദിത്തം കഴിഞ്ഞു. ഇനിയുള്ളത് ആ സിനിമ കാണുന്നവരുടെ ചോയ്‌സാണ്. ആ സിനിമയെ സ്വീകരിക്കണോ വേണ്ടയോ എന്നത് പ്രേക്ഷകരുടെ ചോയ്‌സാണ്.

ആ സിനിമ ഷൂട്ട് ചെയ്ത് തിയേറ്ററില്‍ വന്നാല്‍ പിന്നെ എനിക്ക് എന്റെ അടുത്ത സിനിമയെ കുറിച്ച് മാത്രമേ ചിന്തിക്കാന്‍ പറ്റുകയുള്ളൂ. കാരണം ഒരു സിനിമ റിലീസായി കഴിഞ്ഞാല്‍ പിന്നെ അതില്‍ ഒരു കറക്ഷനും ചെയ്യാന്‍ കഴിയില്ലല്ലോ. അതുകൊണ്ട് തന്നെ ആ ഉത്തരവാദിത്തങ്ങള്‍ പിന്നീട് നമ്മള്‍ ഷെയര്‍ ചെയ്യും.

സത്യത്തില്‍ തിരക്കഥാകൃത്തും സംവിധായകനും ഉള്‍പ്പെടെ ഒരുപാട് ആളുകള്‍ ചേര്‍ന്ന വലിയൊരു കോണ്‍ഗ്രസാണ് ഒരു സിനിമ. ഒരുപക്ഷെ ഒരു നടന്റെ പേരില്‍ സിനിമയുടെ പരാജയം ആരോപിക്കപ്പെടുന്നത് മലയാള സിനിമയില്‍ മാത്രമായിരിക്കാം.

എന്നാല്‍ മറ്റു സ്ഥലങ്ങളിലൊക്കെ സംവിധായകന്റെ പേരിലാണ് ആ സിനിമയുടെ പരാജയം ആരോപിക്കപ്പെടുക. എനിക്ക് തന്നിരിക്കുന്ന റോള്‍ ഏറ്റവും നന്നായി ചെയ്യാന്‍ ശ്രമിക്കുകയെന്നത് മാത്രമാണ് എന്റെ ഉത്തരവാദിത്തം,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal Says only in Malayalam cinema is a film’s failure blamed on an actor

We use cookies to give you the best possible experience. Learn more