| Monday, 20th December 2021, 9:33 am

തിരിച്ചുവരണോയെന്ന് തീരുമാനിക്കേണ്ടത് രാജിവെച്ചവരാണ്; അമ്മയിലെ രാജിയില്‍ വീണ്ടും മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അമ്മയുടെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തതോടൊപ്പം നിയമാവലിയില്‍ കാര്യമായ തിരുത്തുകളും നടത്തി സംഘടന. സ്ത്രീ സുരക്ഷക്ക് പ്രാമുഖ്യം നല്‍കിയാണ് അമ്മ നിയമാവലി പുതുക്കിയിരിക്കുന്നത്. ഇതിന്റെ ഭാഗമായി സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടുന്നതിനുള്ള ഇന്റേണല്‍ കമ്മിറ്റി രൂപീകരിക്കും.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ നേരിടുന്നതടക്കമുള്ള കാര്യങ്ങളില്‍ ഡബ്‌ള്യൂ.സി.സി നേരത്തെ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചിരുന്നു.
ഈ ആവശ്യങ്ങള്‍കൂടി ഉള്‍ക്കൊണ്ടാണ് വാര്‍ഷിക ജനറല്‍ ബോഡിയില്‍ അമ്മ നിയമാവലി പുതുക്കിയത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം തടയുന്നതിന് പുറത്തുനിന്ന് ഒരാള്‍കൂടി ഉള്‍പ്പെടുന്ന അഞ്ചംഗ ഇന്റേണല്‍ കമ്മിറ്റി നിലവില്‍ വരും. ലഹരിക്കേസുകളില്‍ പെടുന്ന അമ്മ അംഗങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകും.

അമ്മയില്‍നിന്ന് രാജിവച്ചവര്‍ തിരിച്ചുവരുമോയെന്ന് അവരാണ് തീരുമാനിക്കേണ്ടതെന്നാണ് മോഹന്‍ലാല്‍ പ്രതികരിച്ചത്. നടിയെ ആക്രമിച്ച കേസിലെ പ്രതിയായ ദിലീപിനെ തിരിച്ചെടുക്കുന്നതുമായി ബന്ധപ്പെട്ടാണ് റിമ കല്ലിങ്കല്‍, ഗീതു മോഹന്‍ദാസ്, രമ്യ നമ്പീശന്‍ എന്നിവര്‍ രാജി വെച്ചിരുന്നത്. ആക്രമിക്കപ്പെട്ട നടിയെ പറ്റിയുള്ള ഇടവേള ബാബുവിന്റെ പ്രസ്താവനയില്‍ പ്രതിഷേധിച്ച് പാര്‍വതി തിരുവോത്തും പിന്നീട് രാജി വെച്ചിരുന്നു.

അതേസമയം കഴിഞ്ഞ ദിവസം നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെ അട്ടിമറിച്ച ജയമാണ് വിമതരായി നിന്നവര്‍ നേടിയത്.
വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് നടന്ന മത്സരത്തില്‍ മണിയന്‍ പിള്ള രാജുവും നടി ശ്വേത മേനോനും വിജയിച്ചു.

ഔദ്യോഗിക പാനലായി ആശ ശരത്തിനെയും ശ്വേത മേനോനെയുമായിരുന്നു മത്സരത്തിന് നിര്‍ത്തിയിരുന്നത്. എക്‌സിക്യൂട്ടീവ് കമ്മറ്റിയിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ ഔദ്യോഗിക പാനലിനെതിരെ നിന്ന വിജയ് ബാബുവും ലാലും വിജയിച്ചു. ലാലിന് 212 വോട്ടും വിജയ് ബാബുവിന് 228 വോട്ടുമാണ് ലഭിച്ചത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: mohanlal-says-it-is-up-to-them-to-decide-whether-those-who-resigned-from-amma-will-return

We use cookies to give you the best possible experience. Learn more