|

കര്‍ട്ടന് പിറകില്‍ നില്‍ക്കാന്‍ ആഗ്രഹിക്കുന്ന ഒരാളാണ് ഞാന്‍; അത് ഷൈ ആയതുകൊണ്ടല്ല: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളികള്‍ എല്ലാകാലവും ആഘോഷിക്കുന്ന നടനാണ് മോഹന്‍ലാല്‍. 45 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മോഹന്‍ലാല്‍ എന്ന നടന്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളില്‍ തന്റെ സാന്നിധ്യമറിയിച്ച മോഹന്‍ലാല്‍ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായക കുപ്പായവും അണിഞ്ഞു.

തനിക്ക് കര്‍ട്ടന് പുറകില്‍ നില്‍ക്കാനാണ് ഇഷ്ടമെന്ന് പറയുകയാണ് മോഹന്‍ലാല്‍. ഡിസപ്പിയറിങ് ആക്ട് എന്നാണ് അതിനെ പറയുന്നതെന്നും ആക്ഷന്റെയും കാറ്റിന്റെയും ഇടയിലാണ് സിനിമയെന്നും മോഹന്‍ലാല്‍ പറയുന്നു. ഒരു സിനിമയില്‍ അഭിനേതാവ് കുറച്ച് സമയം മാത്രമേ ഉള്ളുവെന്നും ബാക്കി സമയമെല്ലാം താന്‍ മോഹന്‍ലാലായാണ് നില്‍ക്കാറുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വേറെയൊരു കഥാപാത്രമായി മാറുന്നത് തന്നെ സംബന്ധിച്ചൊരു മെഡിറ്റേഷനും ഡിസ്അപ്പിയറിങ് ആക്റ്റും ആണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മന്ത്രി സജി ചെറിയാനുമായി നടന്ന അഭിമുഖത്തില്‍ തിരശീലയ്ക്ക് പിന്നില്‍ നില്‍ക്കാനാണോ കൂടുതല്‍ ഇഷ്ടമെന്ന മന്ത്രിയുടെ ചോദ്യത്തിന് മറുപടി നല്‍കുകയാണ് മോഹന്‍ലാല്‍.

‘ഡിസപ്പിയറിങ് ആക്ട് എന്നാണ് അതിനെ പറയുന്നത്. ആക്ഷന്റെയും കട്ടിനും ഇടയിലാണ് സിനിമയില്‍. നാടകവും ബാക്കിയുള്ള പെര്‍ഫോമന്‍സുകളുമൊക്കെ വേറെയാണ്. ആക്ടര്‍ സിനിമയില്‍ വളരെ കുറച്ച് സമയം മാത്രമേയുള്ളൂ. ബാക്കി സമയം ഞാന്‍ മോഹന്‍ലാല്‍ ആയി തന്നെയാണ്.

വേറെയൊരു കഥാപാത്രമായി മാറുന്നത് എന്നെ സംബന്ധിച്ചൊരു മെഡിറ്റേഷനാകാം, അല്ലെങ്കിലൊരു ഡിസപ്പിയറിങ് ആക്ട് എന്ന് വേണമെങ്കില്‍ പറയാം. മോഹന്‍ലാല്‍ എന്ന് പറയുന്ന ആളെ മാറ്റിനിര്‍ത്തിയിട്ട്, വേറെ ഒരാളായി മാറി നമ്മള്‍ തിരിച്ചു പോകുന്നു. അങ്ങ് പറഞ്ഞതുപോലെ ഞാന്‍ കര്‍ട്ടന് പിറകില്‍ നില്‍ക്കാന്‍ ആ?ഗ്രഹിക്കുന്ന ഒരാളാണ്.

അതൊരു ഷൈ ആയിട്ടുള്ള കാര്യമില്ല. അങ്ങനെയാണ് അതിന്റെ സ്വഭാവം. ആദ്യം മുതലേ അങ്ങനെയാണ്. ഒരുപക്ഷേ അതുകൊണ്ടായിരിക്കാം ഇത്തരം കഥാപാത്രങ്ങള്‍ ചെയ്യാന്‍ പറ്റുന്നത്. അത് എങ്ങനെ എന്ന് ചോദിച്ചാല്‍ അതെനിക്ക് പറയാനറിയില്ല. അത് ദൈവികമായ ഒരു അനുഗ്രഹമായാണ് ഞാന്‍ കാണുന്നത്,’ മോഹന്‍ലാല്‍ പറയുന്നു.

Content highlight: Mohanlal says he like to stay behind the curtains