|

ഞാന്‍ ഒരു അഭിനേതാവാണ്; ചെറിയ വേഷമാണെങ്കില്‍ പോലും ആരെങ്കിലും അതിലേക്ക് വിളിച്ചാല്‍ വന്ന് ചെയ്യും: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാല് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയര്‍ ആരംഭിച്ച അദ്ദേഹം ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ്. പല തലമുറകളിലുള്ള നടന്മാരുമായും സംവിധായകരുമായും അദ്ദേഹം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

രജിനികാന്ത് നായകനായ ജയിലര്‍ എന്ന സിനിമയില്‍ ഗസ്റ്റ് റോളില്‍ മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. മിനിറ്റുകള്‍ മാത്രമുള്ള വേഷം എന്തുകൊണ്ടാണ് നാഷണല്‍ അവാര്‍ഡ് വരെ ലഭിച്ച താങ്കളെപോലൊരു താരം ചെയ്തതെന്ന ചോദ്യത്തോട് പ്രതികരിക്കുകയാണ് മോഹന്‍ലാല്‍. താന്‍ ഒരു അഭിനേതാവാണെന്നും അതുകൊണ്ടുതന്നെ ചെറിയ ഗസ്റ്റ് റോളാണോ നായകവേഷമാണോ ചെയ്യുന്നത് എന്നൊന്നും നോക്കാറില്ലെന്നും മോഹന്‍ലാല്‍ പറയുന്നു.

സൗഹൃദത്തിന്റെയും സ്‌നേഹത്തിന്റെയും സംസ്‌കാരത്തിന്റെയും മനോഹരമായ കൈമാറ്റമാണ് ഇതിലൂടെ നടക്കുന്നതെന്നും ഒരു സിനിമയില്‍ അഭിനയിക്കാമോ എന്ന് ആരെങ്കിലും ചോദിച്ചാല്‍ ഡേറ്റ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും അഭിനയിക്കുമെന്നും അപ്പോള്‍ കഥാപാത്രത്തിന്റെ വലുപ്പം നോക്കില്ലെന്നും അദ്ദേഹം പറഞ്ഞു. തമിഴ് പ്രസ് മീറ്റില്‍ സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘ഞാന്‍ ഒരു അഭിനേതാവാണ്. അതാണ് എല്ലാം. അപ്പോള്‍ ഞാന്‍ ഗസ്റ്റ് റോളാണോ നായകവേഷമാണോ ചെയ്യുന്നത് എന്നൊന്നും നോക്കാറില്ല. നമ്മുടെ സൗഹൃദത്തിന്റെ, സ്‌നേഹത്തിന്റെ, സംസ്‌കാരത്തിന്റെയൊക്കെ മനോഹരമായ ഒരു കൈമാറ്റമാണിത്.

ഒരു സിനിമയില്‍ അഭിനയിക്കാമോ എന്ന് ചോദിച്ചാല്‍ ഡേറ്റ് ഉണ്ടെങ്കില്‍ തീര്‍ച്ചയായും ഞാന്‍ പോയി അഭിനയിക്കും. അപ്പോള്‍ കഥാപാത്രത്തിന്റെ വലുപ്പമൊന്നും നോക്കില്ല. ഇനിയും ചെറിയ വേഷം പോലും ആണെങ്കിലും ആരെങ്കിലും അതിലേക്ക് വിളിച്ചാല്‍ ഞാന്‍ വന്ന് ചെയ്യും,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal Says he is a actor and do any kinds of roles

Latest Stories

Video Stories