ഇത്രയും വര്‍ഷങ്ങളായിട്ട് സിനിമയില്‍ അഭിനയിച്ച തനിക്ക് പുതിയ മോഹന്‍ലാല്‍ എന്ന് കാണിക്കേണ്ട ആവശ്യമില്ലെന്ന് പറയുകയാണ് നടന്‍ മോഹന്‍ലാല്‍. ഇത് അഹങ്കാരത്തോടെ പറയുകയല്ലെന്നും സത്യസന്ധമായ കാര്യമാണെന്നും താരം പറയുന്നു.
പലപ്പോഴും അറിയാതെ വിവാദങ്ങളില്‍ പെട്ട് പോകുന്നില്ലേ എന്ന അവതാരകന്റെ ചോദ്യത്തിന് പ്ലാന്‍ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ആളല്ല താനെന്നും തനിക്ക് അങ്ങനെ പെടുന്നതിലോ തന്നെ പറ്റി ആരെങ്കിലും പറയുന്നതിലോ ഒരു കുഴപ്പവുമില്ലെന്നും മോഹന്‍ലാല്‍ കൂട്ടിചേര്‍ത്തു.
തന്റെ ഏറ്റവും പുതുതായി തിയേറ്ററിലെത്തുന്ന നേര് സിനിമയുടെ പ്രമോഷന്റെ ഭാഗമായി മനോരമ ന്യൂസിനോട് സംസാരിക്കുമ്പോഴായിരുന്നു താരം.
‘നോക്കൂ, എന്താണ്? നിങ്ങളും ഇത്തരം വിവാദങ്ങളില്‍ പെടില്ലേ. എല്ലാവരും പെടില്ലേ. പ്ലാന്‍ ചെയ്ത് ജീവിതം മുന്നോട്ട് കൊണ്ട് പോകുന്ന ആളല്ല ഞാന്‍. എനിക്ക് അങ്ങനെ പെടുന്നതിലോ എന്നെ പറ്റി പറയുന്നതിലോ ഒരു കുഴപ്പവും ഇല്ല.
ഇത്രയും വര്‍ഷമായിട്ട് സിനിമയില്‍ അഭിനയിച്ചിട്ട് എനിക്ക് പുതിയ ഒരു മോഹന്‍ലാല്‍ എന്ന് കാണിക്കേണ്ട ആവശ്യമില്ല. ഇത് അഹങ്കാരത്തോടെ പറയുകയല്ല, സത്യസന്ധമായ കാര്യമാണ് പറയുന്നത്.
പെടുക എന്ന വാക്കല്ല, അത് നമ്മള്‍ ഒരു കമന്റ് പറഞ്ഞു, പിന്നെയുള്ളത് മറ്റുള്ളവരുടെ ഇന്റപ്രട്ടേഷനാണ്. ഞാന്‍ ഹലോ എന്ന് പറഞ്ഞ ശേഷം നിങ്ങള്‍ എന്നോട് എന്തിനാണ് ഹലോ പറഞ്ഞതെന്ന് ചോദിച്ചു കഴിഞ്ഞാല്‍, നിങ്ങള്‍ കേട്ട ഹലോയില്‍ ഉള്ള കുഴപ്പമാണ്. ഞാന്‍ പറഞ്ഞത് വളരെ സത്യസന്ധമായിട്ടാകും,’ മോഹന്‍ലാല്‍ പറഞ്ഞു.
അതേസമയം മോഹന്‍ലാല്‍ എന്ന നടനെ ഈ കാലഘട്ടത്തില്‍ മലയാള സിനിമ വേണ്ട വിധം ഉപയോഗിക്കുന്നുണ്ടോ എന്ന് ജീത്തു ജോസഫിനോട് അവതാരകന്‍ ചോദിച്ചപ്പോള്‍ വേണ്ട വിധം എന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നതെന്നും അങ്ങനെ പറയാന്‍ കഴിയില്ലെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറയുന്നു.
Content Highlight: Mohanlal says he don’t need to show himself as the new Mohanlal