നാല്പതോളം വർഷങ്ങളായി മലയാള സിനിമയിൽ ഒഴിച്ചു കൂടാനാവാതെ നിറഞ്ഞ് നിൽക്കുന്നുണ്ട് മോഹൻലാൽ. നിരവധി വേഷ പകർച്ചകളിലൂടെ ഒരുപാട് സിനിമകളുടെ ഭാഗമായിട്ടുള്ള മോഹൻലാൽ, എന്നാൽ തനിക്ക് പുതിയ സിനിമകൾ കാണാൻ കുറച്ചു പ്രയാസമുണ്ടെന്നാണ് പറയുന്നത്. ചെന്നൈയിലെ വീട്ടിൽ പോവുമ്പോൾ മാത്രമേ തനിക്ക് സിനിമ കാണാൻ കഴിയുകയുള്ളൂവെന്നും അദ്ദേഹം പറഞ്ഞു.
2023 ൽ ഇറങ്ങിയ സിനിമകളെ കുറിച്ച് എന്താണ് അഭിപ്രായം എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു മോഹൻലാൽ.
അവസാനം കണ്ട ചിത്രം ജയിലർ ആണെന്നും കഴിഞ്ഞ ദിവസങ്ങളിലായി ഒരു തെലുങ്ക് ചിത്രത്തിന്റെ ഭാഗമായി ന്യൂസിലാൻഡിൽ ആയിരുന്നുവെന്നും മൂവി മാൻ ബ്രോഡ്കാസ്റ്റിങ്ങിന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം പറഞ്ഞു.
‘സിനിമകൾ കാണാൻ കുറച്ചു പ്രയാസമുള്ള ആളാണ് ഞാൻ. കഴിഞ്ഞവർഷം അധികവും രാജ്യത്തിന് പുറത്തായിരുന്നു. അല്ലെങ്കിൽ ചെന്നൈയിലെ വീട്ടിൽ പോവുമ്പോഴാണ് ഞാൻ സിനിമകൾ കാണാറുള്ളത്.
ഞാൻ ജയിലർ കണ്ടിരുന്നു. അതാണ് ഞാൻ അവസാനം കണ്ടത്. പിന്നെ നെപ്പോളിയൻ എന്ന ഒരു സിനിമ കണ്ടിരുന്നു. മലയാള സിനിമയിൽ ജയ ജയ ഹേ പോലെ കുറേ സിനിമകൾ കണ്ടിരുന്നു.
എനിക്ക് കാണാനുള്ള സൗകര്യകുറവുണ്ട്. സിദ്ദിഖ് ഒക്കെ തിയേറ്ററിൽ ചെന്ന് സിനിമ കാണുന്ന ആളാണ്. നമുക്കങ്ങനെ പോവാൻ പറ്റാത്തത് കൊണ്ട് ഞാൻ വീട്ടിൽ ഇരുന്ന് സിനിമ കാണാറുണ്ട്. മദ്രാസിൽ ഞാൻ ഉണ്ടായിരുന്നില്ല.
ഞാൻ യാത്രകളിൽ ആയിരുന്നു. മൂന്ന് ദിവസം മുൻപാണ് ഞാൻ വന്നത്. ഒരു തെലുങ്ക് സിനിമയുടെ ഭാഗമായി ഞാൻ ന്യൂസിലാൻഡിൽ ആയിരുന്നു. അവിടെ വെച്ചൊന്നും സിനിമ കാണാനുള്ള സാഹചര്യം ഉണ്ടായിരുന്നില്ല,’മോഹൻലാൽ പറയുന്നു.
അതേസമയം മോഹൻലാൽ – ജീത്തു ജോസഫ് കൂട്ടുകെട്ട് വീണ്ടും ഒന്നിക്കുന്ന നേര് ക്രിസ്തുമസ് റിലീസായി തിയേറ്ററുകളിൽ എത്തും.