നാല് പതിറ്റാണ്ടിലധികമായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. ഇത്രയും കാലത്തെ കരിയറില്‍ മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. തന്നിലെ നടനെയും താരത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ചുരുക്കം നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. അഭിനയിത്തല്‍ താന്‍ ഏറെ ബഹുമാനിക്കുന്ന നടന്മാരെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍.
ഭരത് ഗോപിയുടെ പേരാണ് താന്‍ ആ ലിസ്റ്റില്‍ ആദ്യം പറയുകയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. നെടുമുടി വേണു, ജഗതി ശ്രീകുമാര്‍, എം.ആര്‍. രാധ എന്നീ നടന്മാരുടെ അഭിനയം താന്‍ ഒരുപാട് അത്ഭുതത്തോടെയാണ് നോക്കിക്കാണാറുള്ളതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. അവരുടെയെല്ലാം അഭിനയത്തില്‍ ഒരു യുണീക്‌നെസ്സ് എപ്പോഴും ഉണ്ടാകുമെന്നും മറ്റുള്ളവരില്‍ നിന്ന് അവരെ വ്യത്യസ്തരാക്കുന്ന കാര്യം അതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.
ഭരത് ഗോപിയോടൊപ്പവും നെടുമുടി വേണുവിനോടൊപ്പവും അഭിനയിക്കുമ്പോള്‍ ഒരു പ്രത്യേക കെമിസ്ട്രി രൂപപ്പെടാറുണ്ടെന്നും തന്നെ അത് വല്ലാതെ സഹായിക്കാറുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. അവര്‍ എപ്പോഴും സ്വാഭാവികമായാണ് അഭിനയിക്കാറുള്ളതെന്നും അവരോടൊപ്പം സീന്‍ ചെയ്യുമ്പോള്‍ താനും അതുപോലെ നാച്ചുറലായി അഭിനയിക്കുന്നതാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഗലാട്ട പ്ലസിനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
‘ഞാന്‍ ഏറെ ബഹുമാനിക്കുന്ന നടന്മാര്‍ ഒരുപാട് പേരുണ്ട്. അതില്‍ ആദ്യത്തേത് ഭരത് ഗോപിച്ചേട്ടനാണ്. അതുപോലെ നെടുമുടി വേണുച്ചേട്ടന്‍ ,ജഗതി ശ്രീകുമാര്‍, എം.ആര്‍. രാധ, അങ്ങനെ ഒരുപാട് നടന്മാരുണ്ട്. ഇവരുടെയെല്ലാം പെര്‍ഫോമന്‍സ് ഞാന്‍ അത്ഭുതത്തോടെയാണ് നോക്കിക്കാണാറുള്ളത്. അവരുടെ അഭിനയത്തിന് വല്ലാത്തൊരു യുണീക്‌നെസ്സ് ഉണ്ട്. മറ്റ് നടന്മാരില്‍ അവരെ വ്യത്യസ്തരാക്കുന്ന കാര്യമാണത്.
ഗോപിച്ചേട്ടന്റെ കൂടെയായാലും വേണുച്ചേട്ടന്റെ കൂടെയായാലും ഒരു പ്രത്യേക കെമിസ്ട്രി അഭിനയിക്കുമ്പോള്‍ രൂപപ്പെടാറുണ്ട്. ആ സീനിനെയും സിനിമയെയും അത് വല്ലാതെ സഹായിക്കും. അവരെല്ലാം വല്ലാതെ നച്ചുറലായാണ് അഭിനയിക്കുന്നത്. അതിന്റെ കൂടെ പെര്‍ഫോം ചെയ്യുമ്പോള്‍ നമുക്കും ആ നാച്ചുാലിറ്റി വന്നുചേരുകയാണ്,’ മോഹന്‍ലാല്‍ പറയുന്നു.
മോഹന്‍ലാല്‍ ആദ്യമായി സംവിധായകകുപ്പായമണിയുന്ന ബാറോസ് റിലീസിന് തയാറെടുക്കുകയാണ്. ചിത്രത്തിലെ ടൈറ്റില്‍ കഥാപാത്രമായി എത്തുന്നതും മോഹന്‍ലാല്‍ തന്നെയാണ്. മൈ ഡിയര്‍ കുട്ടിച്ചാത്തന് ശേഷം പൂര്‍ണമായും ത്രീ.ഡിയില്‍ അണിയിച്ചൊരുക്കുന്ന ചിത്രം ഫാന്റസി ഴോണറിലാണ് ഒരുങ്ങുന്നത്. ഡിസംബര്‍ 25ന് ചിത്രം തിയേറ്ററുകളിലെത്തും.
Content Highlight: Mohanlal says he admires actors like Bharath Gopi and Nedumudi Venu