കൊച്ചി: ദൃശ്യത്തിലെ ജോര്‍ജുകുട്ടി എന്ന കഥാപാത്രം തനിക്കും ദുരൂഹമാണെന്ന് നടന്‍ മോഹന്‍ലാല്‍. ദൃശ്യം 2 ന്റെ റിലീസിനോടനുബന്ധിച്ച് ഇന്ത്യാ ടുഡേയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഏഴ് വര്‍ഷത്തിന് ശേഷമാണ് ‘ദൃശ്യത്തിന്റെ ലോക’ത്തിലേക്ക് ഞാന്‍ മടങ്ങുന്നത്. ഈ നിമിഷം ജോര്‍ജുകുട്ടി എനിക്ക് ദുരൂഹമാണ്. ഒരേസമയം എനിക്ക് അയാളെ അറിയാനും അറിയാതിരിക്കാനും പറ്റുന്നുണ്ട്- മോഹന്‍ലാല്‍ പറയുന്നു.
ജോര്‍ജുകുട്ടി ആരാണ് എന്നതില്‍ തന്റെയുള്ളിലും സംവാദം നടക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
‘ജോര്‍ജുകുട്ടിയ്ക്ക് കുടുംബവുമായി ദൃഢമായ ബന്ധമാണുള്ളത്. എന്തെങ്കിലും സംഭവിച്ചേക്കാം എന്ന ചിന്തയിലാണ് അയാള്‍ ജീവിക്കുന്നത്’, മോഹന്‍ലാല്‍ പറയുന്നു.
ജോര്‍ജുകുട്ടിയെ അവതരിപ്പിക്കുക എന്നത് തനിക്ക് വെല്ലുവിളിയല്ലായിരുന്നെന്നും എന്നാല്‍ ജോര്‍ജുകുട്ടിയെപ്പോലെ പെരുമാറുക എന്നത് തനിക്ക് വെല്ലുവിളിയായിരുന്നെന്നും ലാല്‍ പറയുന്നു.
മോഹന്‍ലാല്‍, മീന, എസ്തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.
2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.
ഫാമിലി ത്രില്ലര്‍ കാറ്റഗറിയിലാണ് ദൃശ്യം ഒരുക്കിയതെങ്കില്‍ ദൃശ്യം 2 ഒരു കംപ്ലീറ്റ് ഫാമിലി സിനിമ ആയിരിക്കും എന്നാണ് സംവിധായകന്‍ പറയുന്നത്. ഒരു കൊലപാതകത്തില്‍ നിന്നും പൊലീസിനെ കബളിപ്പിച്ചുകൊണ്ട് വിദഗ്ധമായി രക്ഷപ്പെട്ട ജോര്‍ജുകുട്ടിയുടെ കഥയാണ് ദൃശ്യം സിനിമയില്‍ പറയുന്നത്.
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
Content Highlight: Mohanlal says Georgekutty in Drishyam is a mystery Drishyam 2