നാല് പതിറ്റാണ്ടോളമായി മലയാള സിനിമയില്‍ നിറഞ്ഞ് നില്‍ക്കുന്ന വിസ്മയമാണ് മോഹന്‍ലാല്‍. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ചിത്രത്തിലൂടെ തന്റെ സിനിമ കരിയര്‍ ആരംഭിച്ച അദ്ദേഹം ഇന്ന് ഇന്ത്യയിലെ തന്നെ മികച്ച നടന്മാരില്‍ ഒരാളാണ്. പല തലമുറകളിലുള്ള നടന്മാരുമായും സംവിധായകരുമായും അദ്ദേഹം സിനിമയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
തമിഴിലെ സൂപ്പര്‍താരങ്ങളിലൊരാളായ അജിത് കുമാറിനെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. വളരെ നല്ല വ്യക്തിത്വമാണ് അജിത്തിന്റേതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ഇതുവരെ ഒന്നിച്ച് സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും പലപ്പോഴായി കാണാനും സംസാരിക്കാനും സാധിച്ചിട്ടുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
മരക്കാറിന്റെ ഷൂട്ട് ഹൈദരബാദില്‍ നടക്കുമ്പോള്‍ അവിടെ അജിത്തിന്റെ ഒരു സിനിമയുടെ ഷൂട്ട് ഉണ്ടായിരുന്നെന്നും തങ്ങള്‍ രണ്ടുപേരും ഒരുമിച്ചിരുന്ന് ഒരുപാട് സംസാരിച്ചെന്നും മോഹന്‍ലാല്‍ പറഞ്ഞു. സിനിമയെക്കുറിച്ചാണ് തങ്ങള്‍ നേരിട്ട് കാണുമ്പോള്‍ സംസാരിക്കുകയെന്നും മോഹന്‍ലാല്‍ പറയുന്നു. ഇപ്പോള്‍ അദ്ദേഹം ദുബായിലേക്ക് താമസം മാറിയെന്നും അവിടെ വെച്ച് ഇടക്ക് കണ്ടിട്ടുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
നല്ല ഷെഫാണ് അജിത്തെന്ന് കേട്ടിട്ടുണ്ടെന്നും മോഹന്‍ലാല്‍ പറഞ്ഞു. താനും അത്യാവശ്യം കുക്കിങ്ങില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ താത്പര്യമുള്ള ആളാണെന്നും അജിത്തിന്റെ കൂടെ കുക്ക് ചെയ്യാന്‍ അടുത്ത് തന്നെ അവസരം കിട്ടട്ടെയെന്ന് ആഗ്രഹിക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ബിഹൈന്‍ഡ്‌വുഡ്‌സ് ടി.വിയോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.
‘അജിത് കുമാറിന്റേത് നല്ല വ്യക്തിത്വമാണ്. എല്ലാവരോടും നല്ലവണ്ണം ചിരിച്ച് സംസാരിക്കുന്നയാളാണ് അദ്ദേഹം. ഒരുമിച്ച് സിനിമ ചെയ്യാന്‍ പറ്റിയില്ലെങ്കിലും പലപ്പോഴായി കാണാറും സംസാരിക്കാറുമുണ്ട്. പലപ്പോഴും സിനിമകളെക്കുറിച്ചായിരിക്കും ഞങ്ങള്‍ സംസാരിക്കാറുള്ളത്. മരക്കാറിന്റെ ഷൂട്ട് ഹൈദരബാദില്‍ നടക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഒരു സിനിമയുടെ ഷൂട്ട് അവിടെ നടക്കുന്നുണ്ടായിരുന്നു.
അന്ന് ഞങ്ങള്‍ ഒരുപാട് നേരം സംസാരിച്ചു. ഈയിടെ അദ്ദേഹം കുടുംബത്തോടൊപ്പം ദുബായിലേക്ക് താമസം മാറി. അവിടെ വെച്ചും ഇടക്കൊക്കെ കാണാറുണ്ട്. നല്ല ഷെഫാണ് അജിത്തെന്ന് ഞാന്‍ കേട്ടിട്ടുണ്ട്. ഞാനും കുക്കിങ് ഇഷ്ടപ്പെടുന്നയാളാണ്. അധികം വൈകാതെ അജിത്തിന്റെ കൂടെ എന്തെങ്കിലും കുക്ക് ചെയ്യണമെന്ന് ആഗ്രഹമുണ്ട്,’ മോഹന്‍ലാല്‍ പറയുന്നു.
Content Highlight: Mohanlal says Ajith Kumar is good chef and he want to cook with him