| Monday, 28th June 2021, 6:34 pm

'എന്നെക്കുറിച്ചല്ല ആ സിനിമ എന്ന് ഞാന്‍ ചിന്തിച്ചാല്‍ പോരേ'; ശ്രീനിവാസനുമായി പിണക്കമുണ്ടോ എന്ന ചോദ്യത്തിനും മറുപടി പറഞ്ഞ് മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സരോജ് കുമാര്‍ എന്ന ചിത്രത്തിലൂടെ ശ്രീനിവാസന്‍ തന്നെ പരിഹസിച്ചതാണോ എന്ന ചോദ്യത്തിന് മറുപടി പറഞ്ഞ് മോഹന്‍ലാല്‍. കൈരളി ടി.വിയിലെ ജെ.ബി. ജങ്ഷനിലാണ് മോഹന്‍ലാലിന്റെ തുറന്നുപറച്ചില്‍.

സരോജ് കുമാര്‍ എന്ന ചിത്രത്തിലൂടെ മോഹന്‍ലാലിനെ ശ്രീനിവാസന്‍ പരിഹസിക്കുകയായിരുന്നോയെന്നും സിനിമയിലെ സരോജ് കുമാറിന്റെ കഥാപാത്രം മോഹന്‍ലാലിനെ ഉദ്ദേശിച്ചുകൊണ്ടുള്ളതായിരുന്നോ എന്നുമായിരുന്നു അവതാരകന്റെ ചോദ്യം. എന്നാല്‍ ആ സിനിമ തന്നെക്കുറിച്ചുള്ളതല്ല എന്ന് താന്‍ ചിന്തിച്ചാല്‍ പോരെയെന്നാണ് മോഹന്‍ലാല്‍ ചോദിക്കുന്നത്.

‘താനും ശ്രീനിവാസനും തമ്മില്‍ പിണക്കമൊന്നുമില്ലെന്നും മോഹന്‍ലാല്‍ പറയുന്നു. ഉദയനാണ് താരത്തിന് ശേഷം ഞങ്ങള്‍ക്ക് ഒരുമിച്ച് സിനിമ ചെയ്യാനുള്ള സാഹചര്യം ഇല്ലാതെ പോയതാണ്. പിന്നീട് ഞാന്‍ അദ്ദേഹത്തെ എത്രയോ തവണ കാണുകയും സംസാരിക്കുകയും ചെയ്തിട്ടുണ്ട്. പണ്ടും ശ്രീനിവാസനെ എല്ലാ ദിവസവും വിളിച്ച് ഫോണില്‍ സംസാരിക്കുന്നയാളല്ല ഞാന്‍.

ഞങ്ങള്‍ നല്ല ഫലിതങ്ങള്‍ പറയുന്നവരാണ്. ഉദയനാണ് താരത്തിന് തൊട്ട്മുമ്പ് പോലും ഞങ്ങള്‍ ഒരുമിച്ച് സിനിമ ചെയ്തിരുന്നു. ഒരു നാള്‍ വരും എന്ന ചിത്രം. ഒരു സിനിമ അദ്ദേഹത്തിന് ചെയ്യണമെന്ന് തോന്നിയാല്‍ അദ്ദേഹമത് ചെയ്യുന്നതുകൊണ്ടെന്താ,’ മോഹന്‍ലാല്‍ പറഞ്ഞു.

ശ്രീനിവാസന്‍ തന്നെ അപമാനിക്കാന്‍ വേണ്ടി മനപ്പൂര്‍വ്വം ചെയ്ത സിനിമയാണ് സരോജ് കുമാര്‍ എന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

സിനിമക്ക് ശേഷം അതിന്റെ വിവാദങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും ഒരിക്കലും ശ്രീനിവാസനുമായി സംസാരിച്ചിട്ടില്ല. തന്നെക്കുറിച്ച് ഒരു സിനിമ ചെയ്തിട്ട് അതിലൂടെ വലിയ ആളാകേണ്ട ആവശ്യം ശ്രീനിവാസനില്ലെന്നാണ് താന്‍ വിശ്വസിക്കുന്നത്. ചിത്രം ഇറങ്ങിയതിന് ശേഷവും കുറേ പേര്‍ തന്നോട് ഇതിനെക്കുറിച്ചെല്ലാം ചോദിച്ചിരുന്നുവെന്നും എന്നാല്‍ അതിനൊന്നും പ്രതികരിക്കാന്‍ പോയില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mohanlal says about Sreenivasan

We use cookies to give you the best possible experience. Learn more