പ്രേക്ഷകലക്ഷങ്ങള്‍ നെഞ്ചേറ്റുന്ന മലയാളത്തിലെ രണ്ട് നടന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും. മലയാളസിനിമയില്‍ 50 വര്‍ഷങ്ങള്‍ പിന്നിട്ട മമ്മൂട്ടിയെക്കുറിച്ച്, സ്വന്തം ഇച്ചാക്കയെക്കുറിച്ച് മോഹന്‍ലാല്‍ പറയുന്ന കാര്യങ്ങളാണ് ഇപ്പോള്‍ ശ്രദ്ധേയമാവുന്നത്.
മമ്മൂട്ടി പറയുന്ന ഒരു വാചകം സത്യന്‍ അന്തിക്കാട് ഒരു ഉപദേശം പോലെ ഓര്‍മിപ്പിക്കാറുണ്ടെന്നാണ് മോഹന്‍ലാല്‍ ഗൃഹലക്ഷ്മിയില്‍ എഴുതിയ കുറിപ്പില്‍ പറയുന്നത്. സിനിമയ്ക്ക് നമ്മളെ വേണ്ട, നമുക്ക് സിനിമയെയാണ് വേണ്ടത് എന്നാണ് മമ്മൂട്ടി പറയാറുള്ളതെന്നും അത് സത്യന്‍ അന്തിക്കാട് ഇടക്ക് പറയാറുണ്ടെന്നുമാണ് മോഹന്‍ലാല്‍ എഴുതിയത്.
ഇക്കാര്യം നന്നായി അറിഞ്ഞുകൊണ്ടാണ് മമ്മൂട്ടി ഉയരങ്ങളിലേക്ക് കഠിനാധ്വാനത്തിലൂടെ കയറിപ്പോയതെന്നും ഓരോ ചുവടിലും ദൃഢനിശ്ചയത്തിന്റെ മുദ്രകളുണ്ടായിരുന്നുവെന്നും മോഹന്‍ലാല്‍ പറയുന്നു.
മമ്മൂട്ടി ചിട്ടയോടെ ശരീരം സംരക്ഷിക്കുന്നതിനെക്കുറിച്ചും മോഹന്‍ലാല്‍ പറയുന്നുണ്ട്.
‘പടയോട്ടം എന്ന സിനിമയുടെ കാലത്ത് കണ്ട അതു പോലെ തന്നെയാണ് ഇന്നും മമ്മൂട്ടി എന്ന് ഞാന്‍ പറഞ്ഞാല്‍ അതൊരു ക്ലീഷേയാവും. എന്നാല്‍ അതാണ് യഥാര്‍ത്ഥത്തില്‍ ശരി. ശരീരം, ശാരീരം, സംസാര രീതി, സമീപനങ്ങള്‍ എന്നിവയില്‍ മമ്മൂട്ടിക്ക് ഒരു മാറ്റവും വന്നിട്ടില്ല. ഏറ്റവും പ്രധാനപ്പെട്ടത് ശരീരം മേദസ്സുകളില്ലാതെ കാത്തുസൂക്ഷിക്കുന്നതില്‍ അദ്ദേഹം ശ്രദ്ധിക്കുന്ന കാര്യങ്ങളാണ്. ഗായകന് തന്റെ ശബ്ദം പോലെയാണ് ഒരു നടന് സ്വന്തം ശരീരം. അത് കാത്തുസൂക്ഷിക്കുന്നതാണ് ഏറ്റവും വലിയ ധര്‍മ്മം.
ചിട്ടയോടെ ഇക്കാര്യം വര്‍ഷങ്ങളായി പാലിക്കുന്ന ഒരേ ഒരാളെ ഞാന്‍ കണ്ടിട്ടുള്ളു. അത് മമ്മൂട്ടിയാണ്. ഇക്കാര്യത്തിലാണ് എനിക്ക് മമ്മൂട്ടിയോട് ഏറ്റവും അധികം അസൂയ ഉള്ളതും. ആയുര്‍വേദ ചികിത്സയൊന്നും മമ്മൂട്ടിക്ക് ആവശ്യമില്ല. ഇക്കാര്യത്തില്‍ ആയുര്‍വേദം മമ്മൂട്ടിയില്‍ നിന്നാണ് പഠിക്കേണ്ടത്. ആത്മനിയന്ത്രണം മമ്മൂട്ടിയില്‍ നിന്ന് പഠിക്കേണ്ട ഒന്നാണ്. നിരവധി തവണ ഞങ്ങള്‍ ഒരുമിച്ച് ഭക്ഷണം കഴിച്ചിട്ടുണ്ട്. തനിക്ക് ആവശ്യമുള്ള അളവ് കഴിഞ്ഞാല്‍ പിന്നെ ഒരു തരി പോലും മമ്മൂട്ടി ഭക്ഷണം കഴിക്കില്ല. അവര്‍ എത്ര പ്രിയപ്പെട്ടവരാണെങ്കിലും എത്ര നിര്‍ബന്ധിച്ചാലും അങ്ങനെ തന്നെയാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.
മമ്മൂട്ടി സമൂഹമാധ്യമങ്ങളില്‍ പങ്കുവെക്കുന്ന സ്വന്തം ഫോട്ടോകളെല്ലാം വലിയ ശ്രദ്ധ പിടിച്ചുപറ്റാറുണ്ട്. മോഹന്‍ലാലിന്റെയും മമ്മൂട്ടിയുടെയും സൗഹൃദപരമായ ബന്ധം പ്രേക്ഷകര്‍ ആഘോഷിക്കാറുണ്ട്. ഇരുവരും പലവേദികളിലും പരസ്പരം ഉണ്ടായിട്ടുള്ള അനുഭവങ്ങള്‍ പങ്കുവെക്കാറുമുണ്ട്.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Mohanlal says about Mammoottys statement