| Sunday, 14th February 2021, 4:58 pm

കൊവിഡ് വന്നില്ലായിരുന്നുവെങ്കില്‍ ദൃശ്യം 2 ഇത്ര പെട്ടെന്ന് ഉണ്ടാകുമായിരുന്നില്ല; മോഹന്‍ലാല്‍ പറയുന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ജിത്തു ജോസഫിന്റെ സംവിധാനത്തില്‍ മോഹന്‍ലാല്‍ നായകനായി റിലീസിനൊരുങ്ങുന്ന ചിത്രമാണ് ദൃശ്യം 2. ബോക്‌സ് ഓഫീസില്‍ വമ്പന്‍ കളക്ഷന്‍ നേടിയ സിനിമയുടെ ആദ്യ ഭാഗം വലിയ രീതിയില്‍ പ്രേക്ഷക പ്രശംസയും ഏറ്റുവാങ്ങിയിരുന്നു.

കൊവിഡ് വന്നില്ലായിരുന്നുവെങ്കില്‍ ദൃശ്യം 2 ഇത്രയും പെട്ടെന്ന് ചെയ്യില്ലായിരുന്നുവെന്ന് പറയുകയാണ് മനോരമക്ക് നല്‍കിയ അഭിമുഖത്തില്‍ മോഹന്‍ലാല്‍. ലോക്ക്ഡൗണ്‍ സമയത്ത് വര്‍ക്കൊന്നുമില്ലാതിരുന്നപ്പോള്‍ എവിടെ തുടങ്ങണം എന്നാലോചിച്ചപ്പോളാണ് ദൃശ്യം തുടങ്ങാന്‍ തീരുമാനിച്ചതെന്ന് മോഹന്‍ലാല്‍ പറയുന്നു.

കൊവിഡ്കാലത്ത് തനിക്ക് പിരിമുറുക്കങ്ങളൊന്നും അനുഭവപ്പെട്ടിട്ടില്ലെന്നും ജോലിയില്‍നിന്നു വിട്ടു നമ്മള്‍ മാത്രമാകുന്ന ഒരു കാലം ജീവിതത്തില്‍ ഉണ്ടാകുമെന്ന് തനിക്കറിയാമായിരുന്നെന്നും മോഹന്‍ലാല്‍ പറയുന്നു.

‘എനിക്ക് തനിച്ചിരിക്കാന്‍ പ്രയാസമില്ല. ഒരു ദിവസം ഞാനും തനിച്ചായിപ്പോയേക്കും. വീട്ടിലിരുന്നു പോകുന്നു എന്നതൊരു ഞെട്ടലല്ല. ഞാന്‍ എന്റെ കൂടെ ജോലി ചെയ്ത ഒരുപാടുപേരെ വിളിക്കുകയും മനസ്സു നിറയ്ക്കുകയും ചെയ്തു’, മോഹന്‍ലാല്‍ പറഞ്ഞു.

ദൃശ്യത്തിലെ ജോര്‍ജുകുട്ടിയെന്ന കഥാപാത്രം തനിക്കും ദുരൂഹമാണെന്ന് മോഹന്‍ലാല്‍ നേരത്തേ മറ്റൊരു അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഏഴ് വര്‍ഷത്തിന് ശേഷമാണ് ‘ദൃശ്യത്തിന്റെ ലോക’ത്തിലേക്ക് ഞാന്‍ മടങ്ങുന്നത്. ഈ നിമിഷം ജോര്‍ജുകുട്ടി എനിക്ക് ദുരൂഹമാണ്. ഒരേസമയം എനിക്ക് അയാളെ അറിയാനും അറിയാതിരിക്കാനും പറ്റുന്നുണ്ട്- മോഹന്‍ലാല്‍ പറയുന്നു.

ജോര്‍ജുകുട്ടി ആരാണ് എന്നതില്‍ തന്റെയുള്ളിലും സംവാദം നടക്കുന്നുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

‘ജോര്‍ജുകുട്ടിയ്ക്ക് കുടുംബവുമായി ദൃഢമായ ബന്ധമാണുള്ളത്. എന്തെങ്കിലും സംഭവിച്ചേക്കാം എന്ന ചിന്തയിലാണ് അയാള്‍ ജീവിക്കുന്നത്’, മോഹന്‍ലാല്‍ പറയുന്നു.

മോഹന്‍ലാല്‍, മീന, എസ്‌തേര്‍, അന്‍സിബ, ആശ ശരത്, സിദ്ദീഖ് എന്നീ ദൃശ്യത്തിന്റെ ആദ്യ കാസ്റ്റ് തന്നെയാണ് രണ്ടാം ഭാഗത്തിലും പ്രധാന വേഷത്തിലെത്തുന്നത്. മുരളി ഗോപിയും ഗണേഷ് കുമാറുമാണ് പ്രധാന വേഷത്തിലെത്തുന്ന പുതിയ താരങ്ങള്‍.

2013ലാണ് മോഹന്‍ലാല്‍ നായകനായി ജീത്തു ജോസഫിന്റെ സംവിധാനത്തില്‍ ദൃശ്യം എത്തുന്നത്. 100 ദിവസത്തിനു മുകളില്‍ തീയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കപ്പെടുകയും പിന്നീട് ആറ് ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു ദൃശ്യം. 50 കോടി ക്ലബിലെത്തിയ ആദ്യമലയാള ചിത്രം കൂടിയാണ് ദൃശ്യം.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mohanlal says about lockdown and Drishyam 2

We use cookies to give you the best possible experience. Learn more