സംവിധായകന്‍ എന്ന നിലയില്‍ ഒരുപാട് ചരിത്രം സൃഷ്ടിക്കാന്‍ അയാള്‍ക്ക് സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്: മോഹന്‍ലാല്‍
Entertainment
സംവിധായകന്‍ എന്ന നിലയില്‍ ഒരുപാട് ചരിത്രം സൃഷ്ടിക്കാന്‍ അയാള്‍ക്ക് സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 24th December 2024, 4:11 pm

നാല് പതിറ്റാണ്ടിലധികമായി മലയാളത്തില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. ഇത്രയും കാലത്തെ കരിയറില്‍ മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. തന്നിലെ നടനെയും താരത്തെയും ഒരുപോലെ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്ന ചുരുക്കം നടന്മാരില്‍ ഒരാളാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ എന്ന താരത്തെ പരമാവധി ഉപയാഗിക്കാന്‍ കഴിഞ്ഞ സംവിധായകനാണ് പൃഥ്വിരാജ് സുകുമാരന്‍.

ആദ്യചിത്രമായ ലൂസിഫര്‍ ആ വര്‍ഷത്തെ ഇയര്‍ടോപ്പറാക്കാന്‍ പൃഥ്വിരാജ് എന്ന സംവിധായകന് സാധിച്ചു. സ്റ്റീഫന്‍ നെടുമ്പള്ളി എന്ന രാഷ്ട്രീയക്കാരനായും ഖുറേഷി അബ്രാം എന്ന അധോലോകനേതാവായും മോഹന്‍ലാല്‍ നിറഞ്ഞാടിയ ചിത്രമായിരുന്നു ലൂസിഫര്‍. പിന്നീട് ഇതേ കോമ്പോയില്‍ വന്ന ബ്രോ ഡാഡിയും മികച്ച പ്രതികരണങ്ങള്‍ നേടി. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാന്‍ റിലീസിന് തയാറെടുക്കുകയാണ്.

പൃഥ്വിരാജ് എന്ന സംവിധായകനെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. സുകുമാരനെ പണ്ടുമതല്‍ക്കേ അറിയാമെന്നും ആ കുടുംബവുമായി നല്ല സൗഹൃദമാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. പൃഥ്വിരാജ് എന്ന സംവിധായകന് കീഴില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അയാള്‍ക്ക് ആവശ്യമുള്ളത് കിട്ടുന്നതുവരെ ഷോട്ട് പോകുമായിരുന്നെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. സിനിമയെക്കുറിച്ച് എല്ലാ കാര്യങ്ങളും അറിയുന്ന ആളാണ് പൃഥ്വിരാജെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ഓരോ ആര്‍ട്ടിസ്റ്റില്‍ നിന്ന് എന്ത് കിട്ടുമെന്ന് കൃത്യമായ ധാരണ പൃഥ്വിക്കുണ്ടെന്നും ലൂസിഫര്‍ എന്ന ഒറ്റ സിനിമ കൊണ്ട് തനിക്ക് അത് മനസിലായെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ലൂസിഫറിന് ശേഷം അന്യഭാഷയില്‍ നിന്ന് ഒരുപാട് അവസരം പൃഥ്വിയെ തേടിയെത്തിയെന്നും എന്നാല്‍ അതെല്ലാം അയാള്‍ നിരസിച്ചെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ലൂസിഫറിന് പിന്നാലെ ബ്രോ ഡാഡിയും തുടര്‍ന്ന് എമ്പുരാനും പൃഥ്വിയുടെ സംവിധാനത്തില്‍ ചെയ്‌തെന്നും ഓരോ സിനിമയും പ്രത്യേക അനുഭവമായിരുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു. സംവിധായകന്‍ എന്ന നിലയില്‍ ഒരുപാട് ചരിത്രം സൃഷ്ടിക്കാന്‍ കഴിയുന്നയാളാണ് പൃഥ്വിരാജെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഗലാട്ടാ തമിഴിനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘പൃഥ്വി ഒരു ഗ്രേറ്റ് ഡയറക്ടറാണ്. ദുല്‍ഖറിനെപ്പോലെ അയാളുടെ കുട്ടിക്കാലവും എനിക്ക് നന്നായി അറിയാം. സുകുമാരന്‍ ചേട്ടന്റെ വീട്ടിലേക്ക് പോകുമ്പോള്‍ പൃഥ്വി എന്ന കുട്ടിയെ കണ്ട ഓര്‍മ ഇപ്പോഴും ഉണ്ട്. അയാളുടെ കൂടെ ആദ്യമായി വര്‍ക്ക് ചെയ്തത് ലൂസിഫറിലാണ്. സിനിമയെക്കുറിച്ച് എല്ലാം അറിയുന്ന ഒരാളാണ് പൃഥ്വി. അയാളുടെ കീഴില്‍ വര്‍ക്ക് ചെയ്യുമ്പോള്‍ അയാള്‍ക്ക് വേണ്ടത് കിട്ടുന്നതുവരെ നമ്മളെക്കൊണ്ട് ചെയ്യിക്കാറുണ്ട്.

ഓരോ ആര്‍ട്ടിസ്റ്റില്‍ നിന്നും എന്ത് കിട്ടുമെന്ന വ്യക്തമായ ധാരണ പൃഥ്വിക്ക് ഉണ്ട്. ലൂസിഫറിന് ശേഷം അന്യഭാഷയില്‍ നിന്ന് ഒരുപാട് ഓഫറുകള്‍ വന്നു. പക്ഷേ അതൊന്നും അയാള്‍ ചെയ്തില്ല. പിന്നീട് ബ്രോ ഡാഡിയും അത് കഴിഞ്ഞ് എമ്പുരാനും ഞങ്ങള്‍ ഒരുമിച്ച് ചെയ്തു. സംവിധായകന്‍ എന്ന നിലയില്‍ ഒരുപാട് ചരിത്രം സൃഷ്ടിക്കാന്‍ പൃഥ്വിക്ക് സാധിക്കുമെന്ന് എനിക്ക് ഉറപ്പാണ്,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal saying that Prithviraj is great director