| Wednesday, 4th September 2024, 9:47 pm

ആ സിനിമ റീമാസ്റ്റര്‍ ചെയ്യണമെന്ന് ആഗ്രഹിച്ചാലും അതിന് കഴിയാത്ത അവസ്ഥയാണ്, പക്ഷേ മറ്റൊരു സിനിമ കൂടി റീമാസ്റ്റര്‍ ചെയ്യുന്നുണ്ട്: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും മികച്ച നടനാണ് മോഹന്‍ലാല്‍. 40 വര്‍ഷത്തെ അഭിനയജീവിതത്തില്‍ പകര്‍ന്നാടാത്ത വേഷങ്ങളൊന്നും മോഹന്‍ലാലിന് ബാക്കിയില്ല. മോഹന്‍ലാലിന്റെ എക്കാലത്തെയും മികച്ച സിനിമകള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ വീണ്ടും ബിഗ് സ്‌ക്രീനിലേക്കെത്തിയ വര്‍ഷമാണ് 2024. തിയേറ്റില്‍ ആദ്യം റിലീസ് ചെയ്തപ്പോള്‍ പരാജയപ്പെട്ട ദേവദൂതന്‍ റീ റിലീസ് ചെയ്തപ്പോള്‍ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചു.

മലയാളത്തിലെ എക്കാലത്തെയും ക്ലാസിക് സിനിമകളിലൊന്നായ മണിച്ചിത്രത്താഴും റീ റിലീസ് ചെയ്യുകയും ഹിറ്റാവുകയും ചെയ്തു. മലയാളത്തിലെ റീ റിലീസ് ട്രെന്‍ഡിനെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. സാങ്കേതികവിദ്യയെ എങ്ങനെയെല്ലാം സിനിമയെ സഹായിക്കാമെന്നുള്ളതിന്റെ ഉദാഹരണമാണ് റീമാസ്റ്ററിങ് ടെക്‌നോളജിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. മണിച്ചിത്രത്താഴ് റീമാസ്റ്റര്‍ ചെയ്ത അതേ ടീം ഇപ്പോള്‍ ഇരുവര്‍ വീണ്ടും തിയേറ്ററുകളിലെത്തിക്കാന്‍ ശ്രമിക്കുകയാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ പ്രേക്ഷകര്‍ വീണ്ടും കാണണമെന്ന് ആഗ്രഹിക്കുന്ന സിനിമകളുടെ ഫിലിം സൂക്ഷിക്കാന്‍ സാധിക്കാത്തതുകൊണ്ട് ചില സിനിമകള്‍ അതുപോലെ കാണാന്‍ സാധിക്കില്ലെന്നും മോഹന്‍ലാല്‍ പറഞ്ഞു. ചിത്രം എന്ന സിനിമ റീമാസ്റ്റര്‍ ചെയ്യാന്‍ പറ്റാത്ത വിധത്തില്‍ നശിച്ചുപോയെന്നും ആര്‍ക്കൈവ് ചെയ്യുന്നതില്‍ മലയാളസിനിമ പളരെ പിന്നിലാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. കൗമുദി മൂവീസിന് നല്‍കിയ അഭിമുഖത്തിലാണ് മോഹന്‍ലാല്‍ ഇക്കാര്യം പറഞ്ഞത്.

‘മണിച്ചിത്രത്താഴായാലും ദേവദൂതനായാലും എല്ലാ കാലത്തും പ്രേക്ഷകര്‍ കാണുമെന്ന് ഉറപ്പുള്ള സിനിമകളാണ്. അത്തരം സിനിമകളുടെ ഫിലിം യാതൊരു കേടും കൂടാതെ സൂക്ഷിച്ചതുകൊണ്ടാണ് ഇപ്പോള്‍ വീണ്ടും കാണാന്‍ സാധിച്ചത്. വിഷ്വലിനെക്കാള്‍ സൗണ്ടിനാണ് ഇപ്പോള്‍ പ്രാധാന്യം.

മണിച്ചിത്രത്താഴ് ചെയ്ത അതേ ടീം ഇപ്പോള്‍ ഇരുവര്‍ റീമാസ്റ്റര്‍ ചെയ്യുകയാണ്. അതുകഴിഞ്ഞ് ആറാം തമ്പുരാന്‍ റീമാസ്റ്റര്‍ ചെയ്യാനുള്ള പണി ആരംഭിക്കും. ഇതെല്ലാം തിയേറ്ററില്‍ കാണാന്‍ സാധിക്കാത്ത ജനറേഷന് വേണ്ടിയും ഡിജിറ്റല്‍ ഫോര്‍മാറ്റില്‍ സൂക്ഷിക്കാന്‍ വേണ്ടിയുമാണ് ഇങ്ങനെ ചെയ്യുന്നത്.

പക്ഷേ ഇതിലുള്ള പ്രശ്‌നം എന്താണെന്ന് വെച്ചാല്‍ പല നല്ല സിനിമകളുടെ ഫിലിമും ആര്‍ക്കൈവ് ചെയ്ത് വെക്കുന്നതില്‍ നമ്മുടെ ഇന്‍ഡസ്ട്രി പിന്നില് നില്‍ക്കുകയാണ്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണമാണ് ചിത്രം എന്ന സിനിമ. അത് റീമാസ്റ്റര്‍ ചെയ്യണമെന്ന് വിചാരിച്ചാല്‍ നടക്കില്ല. അതിന്റെ ഫിലിം സൂക്ഷിക്കുന്നതില്‍ വീഴ്ച പറ്റി,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal saying that Chithram movie can’t remaster

We use cookies to give you the best possible experience. Learn more