| Sunday, 29th December 2024, 3:24 pm

പാന്‍ ഇന്ത്യന്‍ എന്ന പേര് വരുന്നതിനും എത്രയോ മുമ്പ് അത്തരത്തിലൊരു സിനിമ മലയാളത്തില്‍ നിന്ന് വന്നിരുന്നു: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

നാലരപ്പതിറ്റാണ്ടായി മലയാളികളുടെ സ്വകാര്യ അഹങ്കാരമായി നിറഞ്ഞുനില്‍ക്കുന്ന നടനാണ് മോഹന്‍ലാല്‍. വില്ലനായി അരങ്ങേറിയ മോഹന്‍ലാല്‍ പിന്നീട് മലയാളസിനിമയുടെ താരസിംഹാസനം അലങ്കരിക്കുന്ന കാഴ്ചയാണ് കാണാന്‍ സാധിച്ചത്. 44 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മോഹന്‍ലാല്‍ പകര്‍ന്നാടാത്ത വേഷങ്ങളില്ല. മലയാളസിനിമയുടെ യശസ്സ് മറ്റ് ഇന്‍ഡസ്ട്രികള്‍ക്ക് മുന്നില്‍ ഉയര്‍ത്തിപ്പിടിക്കാനും മോഹന്‍ലാലിന് സാധിച്ചു.

ഇന്ത്യന്‍ സിനിമയില്‍ നാഴികക്കല്ലായി മാറിയ പല ചിത്രങ്ങളും മലയാളത്തിലാണ് ആദ്യം നിര്‍മിക്കപ്പെട്ടതെന്ന് പറയുകയാണ് മോഹന്‍ലാല്‍. ഇന്ത്യയിലെ ആദ്യത്തെ 70 എം.എം സിനിമ, ആദ്യത്തെ ത്രീ.ഡി സിനിമ എന്നിവ മലയാളത്തിലാണ് നിര്‍മിക്കപ്പെട്ടതെന്ന് മോഹന്‍ലാല്‍ പറഞ്ഞു. വിദേശ പ്രൊഡക്ഷന്‍ ഹൗസുമായി കൈകോര്‍ത്ത ആദ്യത്തെ സിനിമ വാനപ്രസ്ഥമായിരുന്നെന്നും അതിന്റെ നിര്‍മാണപങ്കാളിയായി താനും ഉണ്ടായിരുന്നെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

പ്രിയദര്‍ശനുമായി താന്‍ ഒന്നിച്ച കാലാപാനിയും ഇന്ത്യന്‍ സിനിമയിലെ ബെഞ്ച്മാര്‍ക്കുകളില്‍ ഒന്നാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഇന്ന് പലരും വലിയ കാര്യത്തില്‍ സംസാരിക്കുന്ന പാന്‍ ഇന്ത്യന്‍ എന്ന് പറയപ്പെടുന്ന തരത്തിലായിരുന്നു കാലാപാനി ഒരുക്കിയതെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ ആര്‍ട്ടിസ്റ്റുകളെയും ടെക്‌നീഷ്യന്മാരെയും വെച്ച് എടുത്ത സിനിമയായിരുന്നു കാലാപാനിയെന്ന് മോഹന്‍ലാല്‍ പറഞ്ഞു.

ആ സിനിമക്ക് ശേഷം പാന്‍ ഇന്ത്യനായ ഒരുപാട് സിനിമകള്‍ വരുമെന്ന് പ്രതീക്ഷിച്ചിരുന്നെന്നും എന്നാല്‍ അത്തരത്തില്‍ പാന്‍ ഇന്ത്യന്‍ സിനിമകള്‍ വരാന്‍ ഒരുപാട് സമയമെടുത്തെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. അന്നത്തെ കാലത്ത് കാലാപാനി പോലൊരു സിനിമ ചെയ്യാന്‍ സാധിച്ചത് വലിയൊരു കാര്യമായിരുന്നെന്നും മോഹന്‍ലാല്‍ പറഞ്ഞു. ഗലാട്ടാ തമിഴിനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘ഇന്ത്യന്‍ സിനിമയിലെ നാഴികക്കല്ലുകളായി കണക്കാക്കാന്‍ സാധിക്കുന്ന ഒരുപാട് സിനിമകള്‍ പണ്ടുമുതലേ മലയാളത്തില്‍ നിന്ന് വന്നിരുന്നു. ആദ്യത്തെ 70 എം.എം സിനിമയായ പടയോട്ടം മലയാളത്തിലാണ് ഒരുങ്ങിയത്. അതുപോലെ ആദ്യത്തെ ത്രീ.ഡി ചിത്രം മൈഡിയര്‍ കുട്ടിച്ചാത്തനായിരുന്നു. വിദേശത്തെ പ്രൊഡക്ഷന് ഹൗസുമായി കൈകോര്‍ത്ത ചിത്രം വാനപ്രസ്ഥമായിരുന്നു. അതിന്റ നിര്‍മാണപങ്കാളികളിലൊരാള്‍ ഞാനായിരുന്നു.

പ്രിയദര്‍ശനും ഞാനും ഒന്നിച്ച കാലാപാനിക്കും ഒരു പ്രത്യേകതയുണ്ട്. ഇന്ത്യയിലെ ആദ്യത്തെ പാന്‍ ഇന്ത്യന്‍ ചിത്രമായി അതിനെ കണക്കാക്കാം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളിലെ ആര്‍ട്ടിസ്റ്റുകളെയും ടെക്‌നീഷ്യന്മാരെയും ആ സിനിമയിലേക്ക് കൊണ്ടുവന്നിരുന്നു. എന്നാല്‍ ആ സിനിമ റിലീസ് ചെയ്ത് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടാണ് പ്രോപ്പറായി പാന്‍ ഇന്ത്യന്‍ സിനിമകള്‍ വരുന്നത്,’ മോഹന്‍ലാല്‍ പറഞ്ഞു.

Content Highlight: Mohanlal saying Kaalapani is the first Pan Indian film

We use cookies to give you the best possible experience. Learn more