| Wednesday, 18th December 2024, 7:14 pm

ഞാനും പ്രിയദര്‍ശനും ഇപ്പോള്‍ ഒരു സിനിമ ചെയ്യുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നമാണത്: മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് കോമ്പിനേഷനുകളിലൊന്നാണ് മോഹന്‍ലാല്‍ -പ്രിയദര്‍ശന്‍ കൂട്ടുകെട്ട്. ഇരുവരും ഒന്നിച്ചപ്പോള്‍ മലയാളികള്‍ക്ക് എക്കാലവും ഓര്‍ത്തിരിക്കാന്‍ കഴിയുന്ന ഒരുപിടി മികച്ച സിനിമകളാണ് ലഭിച്ചത്. കാക്കക്കുയില്‍, ചന്ദ്രലേഖ, ചിത്രം, കിലുക്കം, ബോയിങ് ബോയിങ്, വന്ദനം, കാലാപാനി എന്നീ ചിത്രങ്ങള്‍ ഈ കൂട്ടുകെട്ടില്‍ പിറന്നവയാണ്. മലയാളത്തില എക്കാലത്തെയും മികച്ച ആര്‍ട്ടിസ്റ്റുകളുടെ സാന്നിധ്യം ഈ സിനിമകളിലെല്ലാം ഉണ്ടായിരുന്നു.

എന്നാല്‍ ഇപ്പോള്‍ അത്തരം നടന്മാരെ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്ന് പറയുകയാണ് മോഹന്‍ലാല്‍. ഒരുപാട് മികച്ച ആര്‍ട്ടിസ്റ്റുകള്‍ ഉണ്ടായിരുന്ന ഇന്‍ഡസ്ട്രിയായിരുന്നു മലയാളസിനിമയെന്ന് മോഹന്‍ലാല്‍ പറഞ്ഞു. ജഗതി ശ്രീകുമാറിനെപ്പോലെയുള്ള നടന്മാരെ താന്‍ വല്ലാതെ മിസ് ചെയ്യുന്നുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.

താനും പ്രിയദര്‍ശനും ഇപ്പോള്‍ ഒരു കഥയെപ്പറ്റി ചര്‍ച്ച ചെയ്യുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അത്തരം ആര്‍ട്ടിസ്റ്റുകളുടെ ലഭ്യതക്കുറവാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. ജഗതി ശ്രീകുമാര്‍, ശങ്കരാടി, കുതിരവട്ടം പപ്പു എന്നീ നടന്മാര്‍ നിലവില്‍ തങ്ങള്‍ക്കൊപ്പമില്ലെന്നും തങ്ങളെ സംബന്ധിച്ച് വളരെ വലുതാണെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ബാറോസിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഗലാട്ടാ പ്ലസിനോട് സംസാരിക്കുകയായിരുന്നു മോഹന്‍ലാല്‍.

‘കിലുക്കം പോലുള്ള സിനിമകളുടെ ഏറ്റവും ബെസ്റ്റ് പാര്‍ട്ട് ജഗതി ശ്രീകുമാറിനെപ്പോലുള്ള നടന്മാരാണ്. അദ്ദേഹത്തെപ്പോലെ അസാധ്യ നടന്മാര്‍ നമുക്ക് ഉണ്ടായിരുന്നു. ഞാനും പ്രിയദര്‍ശനും ഇപ്പോള്‍ ഒരു കഥ ഡിസ്‌കസ് ചെയ്യുമ്പോള്‍ നേരിടുന്ന ഏറ്റവും വലിയ പ്രശ്‌നം ഇത്തരം നടന്മാരുടെ കുറവാണ്. ജഗതി ചേട്ടന്‍ ഇപ്പോള്‍ അഭിനയിക്കുന്നില്ല. കുതിരവട്ടം പപ്പു, ശങ്കരാടി തുടങ്ങിയ നടന്മാര്‍ നമ്മളെ വിട്ടുപോയി. അതെല്ലാം ഞങ്ങള്‍ക്ക് നികത്താനാകാത്ത നഷ്ടമാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

മോഹന്‍ലാല്‍ ആദ്യമായി സംവിധായകകുപ്പായമണിയുന്ന ചിത്രമാണ് ബാറോസ്. 2019ല്‍ അനൗണ്‍സ് ചെയ്ത ചിത്രം പല കാരണങ്ങളാല്‍ നീണ്ടുപോവുകയായിരുന്നു. മൈഡിയര്‍ കുട്ടിച്ചാത്തന് ശേഷം പൂര്‍ണമായും ത്രീ.ഡിയില്‍ ചിത്രീകരിച്ച ചിത്രം കൂടിയാണ് ബാറോസ്. ദേശീയ അവാര്‍ഡ് ജേതാവായ സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ക്യാമറ കൈകാര്യം ചെയ്യുന്നത്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മിക്കുന്ന ചിത്രം ഡിസംബര്‍ 25ന് തിയേറ്ററുകളിലെത്തും.

Content Highlight: Mohanlal saying he missing actors like Jaghathy Sreekumar, Shankarady

We use cookies to give you the best possible experience. Learn more