മലയാളത്തില്‍ ആ ഒരു പ്രത്യേകതയുള്ള രണ്ടാമത്തെ ചിത്രമാണ് ബാറോസ്: മോഹന്‍ലാല്‍
Entertainment
മലയാളത്തില്‍ ആ ഒരു പ്രത്യേകതയുള്ള രണ്ടാമത്തെ ചിത്രമാണ് ബാറോസ്: മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th November 2024, 6:10 pm

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍ എന്ന നടന്‍. 40 വര്‍ഷത്തിലധികമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താരം പകര്‍ന്നാടാത്ത വേഷങ്ങളില്ല. കരിയറിലാദ്യമായി മോഹന്‍ലാല്‍ സംവിധായകകുപ്പായമണിയുന്ന ചിത്രമാണ് ബാറോസ്. 2019ല്‍ അനൗണ്‍സ് ചെയത് ചിത്രം ഈ വര്‍ഷമാണ് ഷൂട്ട് പൂര്‍ത്തിയാക്കിയത്. ഫാന്റസി ഴോണറിലാണ് മോഹന്‍ലാല്‍ ബാറോസ് അണിയിച്ചൊരുക്കുന്നത്. മോഹന്‍ലാല്‍ തന്നെയാണ് ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

പൂര്‍ണമായും ത്രീഡിയിലാണ് ബാറോസ് ഒരുങ്ങുന്നത്. ചിത്രത്തെക്കുറിച്ച് സംസാരിക്കുകയാണ് മോഹന്‍ലാല്‍. ഇന്ത്യയിലെ തന്നെ ആദ്യ ത്രീ.ഡി. ചിത്രം പുറത്തുവന്നത് മലയാളം ഇന്‍ഡസ്ട്രിയിലാണെന്ന് മോഹന്‍ലാല്‍ പറഞ്ഞു. പിന്നീട് പല ഇന്ത്യന്‍ സിനിമകളും ത്രീ.ഡി എന്ന പേരില്‍ റിലീസായെങ്കിലും അതെല്ലാം ടു.ഡിയില്‍ നിന്ന് ത്രീ.ഡിയിലേക്ക് കണ്‍വെര്‍ട്ട് ചെയ്തവയാണെന്ന് മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ബാറോസ് പൂര്‍ണമായും ത്രീ.ഡി. ക്യാമറയിലാണ് ചിത്രീകരിച്ചതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

വിദേശികളായിട്ടുള്ള ഒരുപാട് ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്മാരും ഈ സിനിമക്ക് വേണ്ടി പ്രവര്‍ത്തിച്ചിട്ടുണ്ടെന്നും ഇന്ത്യന്‍ സിനിമയുടെ അഭിമാനമായി മാറാന്‍ പറ്റുന്ന പലതും ബാറോസിലുണ്ടെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. കുട്ടികള്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഇഷ്ടമാകുന്ന തരത്തിലാണ് ഫാന്റസി കഥ തെരഞ്ഞെടുത്തതെന്നും ഇന്നിറങ്ങുന്ന പല സിനിമകളിലും വയലന്‍സിന്റെ അതിപ്രസരമുള്ളതിനാല്‍ ബാറോസില്‍ അത് വേണ്ടെന്ന് തീരുമാനിച്ചെന്നും മോഹന്‍ലാല്‍ പറഞ്ഞു.

‘ത്രീ.ഡി. സിനിമകള്‍ എല്ലായ്‌പ്പോഴും പ്രേക്ഷകര്‍ക്ക് ഗംഭീര അനുഭവമാണ് സമ്മാനിക്കാറ്. ഇന്ത്യയിലെ ആദ്യത്തെ ത്രീ.ഡി. ചിത്രമായ മൈഡിയര്‍ കുട്ടിച്ചാത്തന്‍ ഒരുങ്ങിയത് മലയാളത്തിലാണ്. പിന്നീട് ഇന്ത്യയില്‍ നിന്ന് ഒരുപാട് ത്രീ.ഡി. സിനിമകള്‍ വന്നിട്ടുണ്ടെങ്കിലും അതെല്ലാം ടു.ഡിയില്‍ നിന്ന് കണ്‍വെര്‍ട്ട് ചെയ്തവയാണ്. പക്ഷേ ബാറോസ് പൂര്‍ണമായും ത്രീ.ഡി ഫോര്‍മാറ്റിലാണ് ഷൂട്ട് ചെയ്തത്. അതിന്റെ എല്ലാ മാജിക്കും പ്രേക്ഷകര്‍ക്ക് അനുഭവിക്കാം. ഇന്ത്യയിലെയും വിദേശത്തെയും മികച്ച ആര്‍ട്ടിസ്റ്റുകളും ടെക്‌നീഷ്യന്മാരുംം ബാറോസില്‍ വര്‍ക്ക് ചെയ്തിട്ടുണ്ട്.

ത്രീ.ഡിയിലെ ഏറ്റവും മികച്ച ഫോര്‍മാറ്റായ ഐമാക്‌സിലും ബാറോസ് റിലീസ് ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്. ഇതിന്റെ കഥ എന്ന് പറയുന്നത് കുട്ടികള്‍ക്കും കുടുംബപ്രേക്ഷകര്‍ക്കും ഒരുപോലെ എന്‍ജോയ് ചെയ്യാന്‍ കഴിയുന്ന ഫാന്റസി കഥയാണ്. ഇന്നിറങ്ങുന്ന പല സിനിമകളിലും വയലന്‍സിന്റെ അതിപ്രസരം കാരണം കുട്ടികള്‍ക്കും ഫാമിലിക്കും അതൊന്നും ആസ്വദിക്കാന്‍ കഴിയില്ല എന്ന ബോധ്യത്തിലാണ് ബാറോസ് ഫാന്റസി ചിത്രമായി ഒരുക്കാന്‍ തീരുമാനിച്ചത്,’ മോഹന്‍ലാല്‍ പറയുന്നു.

Content Highlight: Mohanlal saying Barroz is the second Malayalam movie completely shot in 3d