'കുറച്ചുകാലം കഴിഞ്ഞാല്‍ ഇങ്ങനെ പടമായിട്ടിരിക്കേണ്ട ആളാണ്'; സ്വന്തം ചിത്രം നോക്കി മോഹന്‍ലാല്‍ പറഞ്ഞു, ആ തണുത്ത പ്രഭാതത്തിലും ഞാനൊന്നു വിയര്‍ത്തു: ശ്രീകാന്ത് കോട്ടക്കല്‍
മോഹന്‍ലാലുമൊത്തുള്ള ഭൂട്ടാനിലേക്കുള്ള യാത്രയെ കുറിച്ചുള്ള മനോഹരമായ വിവരണമാണ് മാധ്യമപ്രവര്‍ത്തകനും ലാലിന്റെ സുഹൃത്തുമായ ശ്രീകാന്ത് കോട്ടക്കല്‍ ഇത്തവണ സ്റ്റാര്‍ ആന്‍ഡ് സ്‌റ്റൈല്‍ മാഗസിനില്‍ എഴുതിയിരിക്കുന്നത്. യാത്രയുടെ തുടക്കം മുതല്‍ തിരിച്ചെത്തുന്നതുവരെയുള്ള ഓരോ സംഭവങ്ങളും അദ്ദേഹം കുറിപ്പില്‍ വിവരിക്കുന്നുണ്ട്.
ഒന്നിച്ച് നടത്തിയ ഒരുപാട് യാത്രകളുടേയും അവ എത്രമാത്രം മോഹന്‍ലാല്‍ എന്ന സാധാരണക്കാരനായ മനുഷ്യന്‍ ആസ്വദിക്കുന്നു എന്നതിന്റേയും ബോധ്യത്തിലായിരുന്നു ഭൂട്ടാനിലേക്കുള്ള ഒരു യാത്ര അദ്ദേഹത്തിനൊപ്പം താന്‍ പ്ലാന്‍ ചെയ്തതെന്നും ശ്രീകാന്ത് പറയുന്നുണ്ട്.
യാത്രക്കായി തങ്ങള്‍ തലേ ദിവസം തന്നെ കൊച്ചിയിലെത്തിയെന്നും ആറരമണിക്കുള്ള ദല്‍ഹി ഫ്‌ളൈറ്റിന് യാത്രതിരിക്കാനായി വെളുപ്പിന് മൂന്നരമണിക്ക് തന്നെ ലാല്‍ തന്നെ വിളിച്ചേല്‍പ്പിച്ചെന്നും ശ്രീകാന്ത് പറയുന്നു.
‘ കൃത്യം മൂന്നര മണിക്ക് മോഹന്‍ലാല്‍ ഗോവണിയിറങ്ങി വന്നു. പഴയ കാരണവന്മാരെപ്പോലെ മുണ്ട് കക്ഷത്തേക്ക് കയറ്റിക്കെട്ടിയിരുന്നു. ബ്രാഹ്മമുഹൂര്‍ത്തത്തിന്റെ നിറഞ്ഞ നിശബ്ദത ചുറ്റിലും. ലോകം മുഴുവന്‍ ഉറങ്ങുകയാണ്. ചെവിയോര്‍ത്താല്‍ ഒരു പൂവിടരുന്ന ശബ്ദം കൂടി കേള്‍ക്കാം. എന്റെ മുറിയില്‍ വന്ന് ലാല്‍ കുറച്ചുനേരം ഇരുന്നു. ഒന്നും മിണ്ടിയില്ല.
ജനല്‍പ്പടിയില്‍ ഏതോ ആരാധകന്‍ വരച്ചുകൊടുത്ത മനോഹരമായ ഒരു ലാല്‍ ചിത്രമിരുന്ന് ചിരിക്കുന്നു. ‘ നല്ല ചിത്രം’, ഞാന്‍ പറഞ്ഞു. ‘ കുറച്ചുകാലം കഴിഞ്ഞാല്‍ ഇങ്ങനെ പടമായിട്ടിരിക്കേണ്ടയാളാണിത്’ ലാല്‍ പറഞ്ഞത് പെട്ടെന്ന് എനിക്ക് മനസിലായില്ല. ‘ മരിച്ചുകഴിഞ്ഞാല്‍പ്പിന്നെ നമ്മളെല്ലാവരും വെറും പടം മാത്രമല്ലേ…’ തണുത്ത പ്രഭാതത്തിലും ഞാനൊന്നു വിയര്‍ത്തു. ഈ മനുഷ്യന്‍ എത്ര അനായാസമായിട്ടാണ് ജീവിതം എന്ന യാഥാര്‍ത്ഥ്യത്തെ മനസിലാക്കിവെച്ചിരിക്കുന്നതെന്നോര്‍ത്ത് അത്ഭുതപ്പെട്ടു’ ശ്രീകാന്ത് പറഞ്ഞു.
വിമാനത്തില്‍ കയറിയിരുന്ന ലാല്‍ ആദ്യം തന്നെ ഫോണ്‍ ഓഫ് ചെയ്ത് ഭൂമിയുമായുള്ള എല്ലാ ബന്ധവുമുപേക്ഷിച്ചു. വിമാനം ടേക്ക് ഓഫ് ചെയ്യുമ്പോള്‍ പിറകില്‍ നിന്ന് വിളിച്ചുപറഞ്ഞു, ‘ നമുക്ക് ദല്‍ഹിയില്‍ കാണാം. ഞാന്‍ ഒന്നുറങ്ങും. പത്തുമിനുട്ട് കഴിഞ്ഞ് ഞാന്‍ തിരിഞ്ഞു നോക്കുമ്പോള്‍ മഹാനടന്‍ സുഖമായുറങ്ങുന്നു. കുഞ്ഞുകുട്ടികളെപ്പോലെ ഒറ്റനിമിഷം കൊണ്ട് ഉറക്കത്തിലേക്ക് മറയാനുള്ള ഈ മനുഷ്യന്റെ അപൂര്‍വ്വ സിദ്ധി പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട്. ഈ ഉറക്കവും മോഹന്‍ലാല്‍ അഭിനയിക്കുകയാവുമോ? വിശ്വാസം വരാനായി പത്തുമിനിറ്റ് കഴിഞ്ഞപ്പോള്‍ ഞാന്‍ തിരിഞ്ഞുനോക്കി. ലാല്‍ ഉറങ്ങുകയാണ്. അഭിനയമാണെങ്കിലും ശരി, നല്ല ഒറിജിനാലിറ്റി !!
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക