മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. അഭിനയത്തിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ ഇഷ്ട നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിൽ ബറോസ് ആദ്യം മുതലെ ചർച്ചാ വിഷയമാണ്.
ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെടുന്നത്. വിവിധ ഭാഷകളിൽ റിലീസാവുന്ന ചിത്രം ത്രീ.ഡിയിലാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക. ഈയിടെ ഇറങ്ങിയ ചിത്രത്തിന്റെ ട്രയ്ലറിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയയിൽ ലഭിക്കുന്നത്. അടുത്ത മാസം ക്രിസ്മസ് ദിനത്തിൽ സിനിമ പ്രേക്ഷകർക്ക് മുന്നിലെത്തും. മോഹൻലാലിൻറെ ആദ്യ ചിത്രമായ മഞ്ഞിൽ വിരിഞ്ഞ പൂക്കളും ഈ ദിവസം തന്നെയായിരുന്നു തിയേറ്ററിൽ എത്തിയത്.
ലിജോ ജോസ് പെല്ലിശ്ശേരിയുടെ സംവിധാനത്തിൽ പുറത്തിറങ്ങിയ മലൈക്കോട്ടൈ വാലിബനായിരുന്നു ഏറ്റവും ഒടുവിൽ തിയേറ്ററിൽ എത്തിയ മോഹൻലാൽ ചിത്രം. വലിയ ഹൈപ്പോടെ തിയേറ്ററിൽ എത്തിയ ചിത്രം പ്രതീക്ഷിച്ച വിജയം ബോക്സ് ഓഫീസിൽ നേടിയില്ല. കഴിഞ്ഞ വർഷം അവസാനമിറങ്ങിയ ജീത്തു ജോസഫ് ചിത്രം നേരായിരുന്നു പ്രേക്ഷരെ തിയേറ്ററിൽ എത്തിച്ച അവസാന മോഹൻലാൽ ചിത്രം.
എന്നാൽ ബറോസ് അടക്കം പ്രതീക്ഷയുള്ള നിരവധി ചിത്രങ്ങളാണ് മോഹൻലാലിന്റേതായി അടുത്ത വർഷം പുറത്തിറങ്ങാനുള്ളത്. ആ ചിത്രങ്ങളുടെ റിലീസിനെ കുറിച്ചുള്ള സൂചന പുറത്തുവിട്ടിരിക്കുകയാണ് ആശിർവാദ് സിനിമാസ്. ബറോസ് ഡിസംബർ 25 ന് റിലീസായാൽ അടുത്ത വർഷം ആദ്യമെത്തുന്ന മോഹൻലാൽ ചിത്രം തുടരും ആണ്. യുവ സംവിധായകൻ തരുൺ മൂർത്തിയോടൊപ്പം മോഹൻലാൽ ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിന് വലിയ പ്രതീക്ഷ തന്നെ ആരാധകർക്കുണ്ട്. ജനുവരി 30 ന് തുടരും റിലീസാവും.
മലയാളത്തിലെ ഏറ്റവും ചിലവേറിയ ചിത്രമായി ഒരുങ്ങുന്ന എമ്പുരാൻ എന്ന ബിഗ് ബജറ്റ് ചിത്രമാണ് അടുത്ത ലാൽ റിലീസ്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ ഈ പൃഥ്വിരാജ് ചിത്രം മാർച്ച് 27 ന് ലോക വ്യപകമായി റിലീസ് ചെയ്യും. മലയാളികളുടെ ജനപ്രിയ കൂട്ടുകെട്ടായ സത്യൻ അന്തിക്കാടും മോഹൻലാലും വീണ്ടും ഒന്നിക്കുന്ന ഹൃദയപൂർവം എന്ന ചിത്രമാണ് 2025 ലെ മറ്റൊരു പ്രതീക്ഷ നൽകുന്ന സിനിമ. ആഗസ്ററ് 20 ന് സിനിമ ഇറങ്ങുമെന്നാണ് സൂചന.
കുറച്ചുനാളായി യാതൊരു അപ്ഡേറ്റും ഇല്ലാത്ത പാൻ ഇന്ത്യൻ മോഹൻലാൽ ചിത്രം വൃഷഭയും അടുത്ത വർഷം റിലീസാവുമെന്നാണ് സൂചന. ഒക്ടോബർ 16 ന് ചിത്രം പ്രേക്ഷർക്ക് മുന്നിലെത്തുമെന്നാണ് ആശിർവാദ് സിനിമാസ് നൽകുന്ന വിവരം.
ഏറെക്കാലമായി നല്ലൊരു തിയേറ്റർ വിജയമില്ലാത്ത മോഹൻലാലിന് അടുത്ത വർഷം ഗംഭീരമായിരിക്കുമെന്നാണ് സിനിമപ്രേമികളും ലാൽ ആരാധകരും വിലയിരുത്തുന്നത്. വാലിബന് ശേഷം റീ റിലീസായി എത്തിയ ദേവദൂതൻ, മണിച്ചിത്രത്താഴ് എന്നീ മോഹൻലാൽ ചിത്രങ്ങൾ വലിയ സ്വീകാര്യതയാണ് പ്രേക്ഷകർക്കിടയിൽ നേടിയത്. ബോക്സ് ഓഫീസിന്റെ രാജാവ് തിരികെ വരാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.
Content Highlight: Mohanlal’s Upcoming Releases In 2025