47 വര്‍ഷമായി അഭിനയിക്കുകയാണ്, പോകുമ്പോള്‍ ഒരു സങ്കടം തോന്നും, പക്ഷേ എളുപ്പം തിരിച്ചു വരും: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മോഹന്‍ലാലിന്റെ വാക്കുകള്‍
Entertainment
47 വര്‍ഷമായി അഭിനയിക്കുകയാണ്, പോകുമ്പോള്‍ ഒരു സങ്കടം തോന്നും, പക്ഷേ എളുപ്പം തിരിച്ചു വരും: സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മോഹന്‍ലാലിന്റെ വാക്കുകള്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 5th July 2024, 9:10 pm

മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മോഹന്‍ലാല്‍. 40 വര്‍ഷത്തിലധികമായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന താരം മലയാളികള്‍ക്ക് എന്നും പ്രിയപ്പെട്ടതാണ്. അഭിനയജീവിതത്തില്‍ 360ാമത് ചിത്രത്തിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. ഓപ്പറേഷന്‍ ജാവ, സൗദി വെള്ളക്ക എന്നീ ചിത്രങ്ങള്‍ ഒരുക്കിയ തരുണ്‍ മൂര്‍ത്തിയാണ് ചിത്രത്തിന്റെ സംവിധായകന്‍. എല്‍ 360 എന്ന് താത്കാലികമായി പേരിട്ടിരിക്കുന്ന സിനിമയുമായി ബന്ധപ്പെട്ട വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച.

ചിത്രത്തിന്റെ ആദ്യ ഷെഡ്യൂള്‍ അവസാനിച്ചതുമായി ബന്ധപ്പെട്ടുള്ള വീഡിയോയാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്. വീഡിയോയില്‍ മാഹന്‍ലാല്‍ പറയുന്ന വാക്കുകളാണ് ഹൈലൈറ്റ്. 47 വര്‍ഷമായി അഭിനയിച്ചുകൊണ്ടിരിക്കുന്ന ആളാണ് താനെന്നും ആദ്യത്തെ സിനിമ പോലെയാണ് താന്‍ ഈ സിനിമയെയും കാണുന്നതെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ചില സിനിമകള്‍ ചെയ്യുമ്പോള്‍ അതിനോട് പ്രത്യേക സ്‌നേഹം തോന്നാറുണ്ടെന്നും അത്തരത്തിലൊരു സിനിമയാണിതെന്നും താരം പറഞ്ഞു. ഈ സിനിമക്ക് ബ്രേക്ക് കൊടുത്ത് എല്ലാവരും പോകുമ്പോള്‍ തനിക്ക് ചെറിയ സങ്കടം തോന്നുമെന്നും ആ സങ്കടം എല്ലാവര്‍ക്കും ഉണ്ടാകുമെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. എന്നാല്‍ ഇടവേള കഴിഞ്ഞ് എളുപ്പം തിരിച്ചുവരുമെന്നും മോഹന്‍ലാല്‍ പറഞ്ഞു.

’47 വര്‍ഷമായി അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ആദ്യത്തെ സിനിമ പോലെ തന്നെയാണ് ഈ സിനിമയെയും ഞാന്‍ കാണുന്നത്. ചില സിനിമകള്‍ ചെയ്യുന്ന സമയത്ത് അതിനോട് പ്രത്യേക സ്‌നേഹം തോന്നാറുണ്ട്. അത്തരത്തിലൊരു സിനിമയാണ് ഇതും. പോകുമ്പോള്‍ ചെറിയൊരു സങ്കടം എനിക്ക് തോന്നുന്നുണ്ട്. ആ സങ്കടം എല്ലാവര്‍ക്കുമുണ്ടെന്നാണ് കരുതുന്നത്. പക്ഷേ, ബ്രേക്ക് കഴിഞ്ഞ് എളുപ്പം തിരിച്ചു വരുമെന്ന് ഉറപ്പാണ്,’ മോഹന്‍ലാല്‍ പറഞ്ഞു.

മലയാളത്തിലെ എക്കാലത്തെയും ഹിറ്റ് ജോഡികളിലൊന്നായ മോഹന്‍ലാല്‍- ശോഭന ജോഡികള്‍ വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നിക്കുന്നു എന്നതാണ് എല്‍ 360യുടെ ഏറ്റവും വലിയ പ്രത്യേകത. മണിയന്‍പിള്ള രാജു, ബിനു പപ്പു തുടങ്ങിയവരാണ് മറ്റ് താരങ്ങള്‍. രജപുത്ര വിഷ്വല്‍ മീഡിയയുടെ ബാനറില്‍ രജപുത്ര രഞ്ജിത്താണ് ചിത്രം നിര്‍മിക്കുന്നത്. ജേക്‌സ് ബിജോയാണ് ചിത്രത്തിന്റെ സംഗീതം. ഒക്ടോബറില്‍ ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് കരുതുന്നത്.

Content Highlight: Mohanlal’s speech on L360 break is viral on social media