| Saturday, 8th April 2023, 5:43 pm

മധുവിനെ പരിഹസിച്ചത് അങ്ങേയറ്റം ഖേദകരം; തുടര്‍ നടപടി സ്വീകരിക്കും; പ്രതികരണവുമായി മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

സംവിധായകനും ബിഗ് ബോസ് റിയാലിറ്റി ഷോ മത്സരാര്‍ത്ഥിയുമായ അഖില്‍ മാരാരിന്റെ വിവാദ പരാമര്‍ശത്തില്‍ പ്രതികരണവുമായി മോഹന്‍ലാല്‍. ആള്‍ക്കൂട്ടകൊലപാതകത്തിന് ഇരയായ മധുവിനെതിരെയുള്ള പരാമര്‍ശത്തിലാണ് മോഹന്‍ലാല്‍ ശനിയാഴ്ച സംപ്രേഷണം ചെയ്യുന്ന ബിഗ് ബോസ് എപ്പിസോഡിന്റെ പ്രൊമോയില്‍ പ്രതികരിച്ചത്.

‘മത്സരാര്‍ത്ഥികളില്‍ ഒരാള്‍ രക്തസാക്ഷിയായ സഹോദരന്‍ മധുവിന്റെ പേര് പരാമര്‍ശിച്ച് പരിഹസിച്ചത് അങ്ങേയറ്റം ഖേദകരവും സംഭവിക്കാന്‍ പാടില്ലാത്തതുമായിരുന്നു. ഞങ്ങള്‍ ഈ വിഷയം ബന്ധപ്പെട്ട മത്സരാര്‍ത്ഥിയുമായി സംസാരിക്കുകയും തുടര്‍ നടപടികള്‍ സ്വീകരിക്കുന്നതുമാണ്,’ എന്നാണ് പ്രൊമോ വീഡിയോയില്‍ മോഹന്‍ലാല്‍ പറഞ്ഞത്.

അങ്ങനെ പറഞ്ഞ ആള്‍ക്ക് എന്താണ് മറുപടി നല്‍കാനുള്ളത് എന്ന് മോഹന്‍ലാല്‍ ചോദിക്കുന്നതും അഖില്‍ മാരാര്‍ എഴുന്നേല്‍ക്കുന്നതും പ്രൊമോയില്‍ കാണാം.

അഖിലിനെ വിമര്‍ശിച്ച് നിരവധി പേര്‍ വീഡിയോക്ക് താഴെ പ്രതികരിക്കുന്നുണ്ട്. ‘വളരെ വേദന തോന്നിയ ഈ പരാമര്‍ശനത്തിനെതിരെ നിലപാടെടുത്തതില്‍ വളരെ സന്തോഷം, പ്രിയ സഹോദരന്‍ മധുവിനു പ്രണാമം. അഖിലിനെ പുറത്താക്കുക’ എന്നിങ്ങനെ പോകുന്നു കമന്റുകള്‍. അഖില്‍ മാരാര്‍ സോറി പറയും, പ്രശ്‌നം തീരും അതില്‍ കൂടുതലൊന്നും നടക്കാന്‍ പോകുന്നില്ലെന്നും ചിലര്‍ കമന്റുകളില്‍ കുറിച്ചു.

ബിഗ് ബോസിലെ ഒരു ടാസ്‌കിനിടയില്‍ ‘നിന്നോട് അരിയാഹാരങ്ങള്‍ മോഷ്ടിക്കാന്‍ ആണോടാ പറഞ്ഞത്. നീയാരാ മധുവോ? ബാക്കിയുള്ള സാധനങ്ങള്‍ മോഷ്ടിക്കെടാ. ഭക്ഷണം മോഷ്ടിച്ചാല്‍ ഒടുക്കം മധുവിന്റെ അവസ്ഥ വരും’ എന്നായിരുന്നു അഖില്‍ തമാശയായി പറഞ്ഞത്. ഇത് കേട്ട് ചില മത്സരാര്‍ത്ഥികള്‍ ചിരിക്കുന്നതും കേള്‍ക്കാം.

പരാമര്‍ശത്തില്‍ അഖിലിനെതിരെ സമൂഹിക സംഘടനയായ ദിശ പരാതി നല്‍കിയിരുന്നു. പൊലീസ്, എസ്.സി- എസ്.ടി കമ്മീഷന്‍, ഇന്ത്യന്‍ ബ്രോഡ്കാസ്റ്റിങ്ങ് കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയത്.

Content Highlight: mohanlal’s responses on akhil marar’s statement on madhu

We use cookies to give you the best possible experience. Learn more