കഴിഞ്ഞ ദിവസമായിരുന്നു സംവിധായകന്‍ രഞ്ജിത്ത് ഒരു അഭിമുഖത്തില്‍ തൂവാനത്തുമ്പികള്‍ സിനിമയിലെ മോഹന്‍ലാലിന്റെ ഭാഷ മോശമാണെന്ന പ്രതികരണം നടത്തിയിരുന്നത്.
ആ പ്രതികരണം സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ചക്ക് വഴിയൊരുക്കിയിരുന്നു. ഇതിനു പിന്നാലെ രഞ്ജിത്തിന് മറുപടിയുമായി സംവിധായകന്‍ അല്‍ഫോണ്‍സ് പുത്രനും രംഗത്തെത്തിയിരുന്നു.
മോഹന്‍ലാല്‍ ഭാഷയുടെ കാര്യത്തില്‍ ശ്രദ്ധിക്കാത്ത ഒരാളാണെന്നും തൂവാനത്തുമ്പികളിലെ അദ്ദേഹത്തിന്റെ തൃശൂര്‍ ഭാഷ വളരെ ബോറാണെന്നുമായിരുന്നു രഞ്ജിത്ത് പറഞ്ഞിരുന്നത്.
ഭാഷയെ ഇമിറ്റേറ്റ് ചെയ്യുകയല്ല വേണ്ടതെന്നും അതിന്റെ പ്രാദേശിക സ്വഭാവത്തെ ബഹുമാനിച്ചുകൊണ്ടാണ് പറയേണ്ടതെന്നും രഞ്ജിത്ത് ആ അഭിമുഖത്തില്‍ പറയുന്നുണ്ട്.
ഇപ്പോള്‍ തന്റെ ഏറ്റവും പുതിയ ചിത്രമായ നേരിന്റെ പ്രമോഷന്റെ ഭാഗമായി മനോരമാ ന്യൂസിന് നല്‍കിയ അഭിമുഖത്തില്‍ രഞ്ജിത്തിന്റെ ഈ പരാമര്‍ശത്തെ പറ്റി സംസാരിക്കുകയാണ് മോഹന്‍ലാല്‍.
താന്‍ തൃശൂരുകാരനല്ലെന്നും തൂവാനത്തുമ്പികള്‍ സിനിമയുടെ സംവിധായകന്‍ പറഞ്ഞു തന്ന കാര്യങ്ങളാണ് താന്‍ ചെയ്തിട്ടുള്ളതെന്നും താരം പറഞ്ഞു. ഒരുപക്ഷെ അന്ന് തന്നെ തിരുത്താന്‍ ആരും ഉണ്ടാവാതിരുന്നത് കൊണ്ടാകാം അങ്ങനെ സംഭവിച്ചതെന്നും മോഹന്‍ലാല്‍ കൂട്ടിചേര്‍ത്തു.
‘ഞാന്‍ തൃശൂരുകാരനല്ലല്ലോ. എനിക്ക് ആ സമയത്ത് പത്മരാജന്‍ എന്ന ആള്‍ പറഞ്ഞു തന്ന കാര്യങ്ങളാണ് ഞാന്‍ ചെയ്തിട്ടുള്ളത്. എത്രയോ ആയിരക്കണക്കിന് അല്ലെങ്കില്‍ ലക്ഷക്കണക്കിന് ആളുകള്‍ കണ്ട സിനിമയാണ് അത്.
തൃശൂരുകാരനല്ലാത്തത് കൊണ്ട് എനിക്ക് അറിയാവുന്ന രീതിയിലല്ലേ അത് പറയാന്‍ പറ്റുകയുള്ളു. അന്നെനിക്ക് അത് കറക്റ്റ് ചെയ്ത് തരാന്‍ ആളില്ലായിരുന്നു.
പത്മരാജന്‍, അദ്ദേഹം തൃശൂര്‍ ഓള്‍ ഇന്ത്യ റേഡിയോയില്‍ ഉണ്ടായിരുന്ന ആളായിരുന്നു. അവിടെ ഒരുപാട് സൗഹൃദം ഉള്ള ആളാണ്. തൃശൂരുക്കാരായ ഒരുപാട് ആളുകള്‍ നില്‍ക്കുമ്പോള്‍ ആണ് നമ്മള്‍ സംസാരിക്കുന്നത്.
പിന്നെ തൃശൂരുകാരെല്ലാം അങ്ങനെ തൃശൂര്‍ ഭാഷ സംസാരിക്കാറില്ല. പലപ്പോഴും മോക്ക് ചെയ്തിട്ട് ആ സിനിമയില്‍ പലയിടത്തും കാണിച്ചിട്ടുണ്ട്. ഒരുപക്ഷെ അന്ന് എന്നെ കറക്റ്റ് ചെയ്യാന്‍ ആരും ഉണ്ടാവാതിരുന്നത് കൊണ്ടാകാം അങ്ങനെ സംഭവിച്ചത്,’ മോഹന്‍ലാല്‍ പറഞ്ഞു.
Content Highlight: Mohanlal’s reply to Ranjith; Maybe it happened because there was no one to correct me then