ഡബ്ല്യൂ.സി.സിയും അമ്മയുമൊക്കെ വിടു, മലയാള സിനിമയെ കുറിച്ച് സംസാരിക്കു: മോഹൻലാൽ
Film News
ഡബ്ല്യൂ.സി.സിയും അമ്മയുമൊക്കെ വിടു, മലയാള സിനിമയെ കുറിച്ച് സംസാരിക്കു: മോഹൻലാൽ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 31st August 2024, 3:25 pm

ഹേമ കമ്മിറ്റി റിപ്പോർട്ടിന് ശേഷം ആദ്യമായി മാധ്യമ പ്രവർത്തകരോട് പ്രതികരിച്ച് മോഹൻലാൽ. അമ്മ താരസംഘടനയുടെ തലപ്പത്ത് നിന്ന് മോഹൻലാൽ രാജി വെച്ചതിന് ശേഷം ആദ്യമായി ഒരു പൊതുവേദിയിൽ എത്തിയതായിരുന്നു നടൻ.

ഡബ്ല്യൂ.സി.സി, അമ്മ എന്നുള്ളത്തിനുപരി മലയാള സിനിമയെ കുറിച്ച് സംസാരിക്കുവെന്ന് മോഹൻലാൽ മാധ്യമ പ്രവർത്തകരോട് പറഞ്ഞു. തങ്ങൾക്ക് ആരോടും വിരോധമില്ലെന്നും അമ്മ മാത്രമല്ല വേറെയും ഒരുപാട് സംഘടനകളും സിനിമയിലുണ്ടെന്നും മോഹൻലാൽ പറഞ്ഞു. പരിചയമില്ലാത്ത ഒരുപാട് പേരുടെ പ്രശ്നങ്ങൾ കേട്ടിട്ടുണ്ടെന്നും ഒരു വലിയ ഇൻഡസ്ട്രിയിൽ അമ്മ മാത്രം ഇതിനോട് പ്രതികരിക്കുകയെന്നത് ബുദ്ധിമുട്ടാണെന്നും അദ്ദേഹം പറഞ്ഞു.

‘ഡബ്ല്യൂ.സി.സി, അമ്മ എന്നുള്ളതൊക്കെ വിടു, നിങ്ങൾ മലയാള സിനിമയെ കുറിച്ച് സംസാരിക്കു. അതിൽ എന്തുവേണമെങ്കിലും ചെയ്യാൻ തയ്യാറാണ്. നിങ്ങൾ എല്ലാവരും കൂടെ ചേർന്ന് ചെയ്യൂ. പുതിയൊരു ഇലക്ഷൻ വരുമ്പോൾ തീർച്ചയായും വരും. ഞങ്ങൾക്ക് ആരോടും വിരോധമില്ല. അമ്മ മാത്രമല്ല, ഒരുപാട് സംഘടനകളില്ലെ. അവരുടെയെല്ലാം റിപ്പോർട്ട് എടുക്കു. അവർക്ക് എന്താണ് പറയാനുള്ളതെന്ന് കേൾക്കു.

പരിചയമില്ലാത്ത, മുഖമറിയാത്ത ഏതൊക്കെയോ കാര്യങ്ങൾ പല സ്ഥലത്ത് നിന്നും കേട്ടിട്ടുണ്ട്. അമ്മ എന്ന സംഘടന ഇതിനൊക്കെ പ്രതികരിക്കണമെന്ന് പറഞ്ഞാൽ, ഇതൊരു വലിയ ഇൻഡസ്ട്രിയാണ്.

എന്താണ് നടന്നിരിക്കുന്നതെന്ന് അറിയില്ലല്ലോ. 21 യൂണിയനുകളുണ്ട്. അതിൽ എന്തെങ്കിലും പ്രശ്നം ഉണ്ടെങ്കിൽ അവരെയല്ലേ അറിയിക്കേണ്ടത്. അതിൽ ഇല്ലാത്തവർ അമ്മയിൽ വന്ന് പറഞ്ഞിട്ട് ഞങ്ങൾ അഭിപ്രായം പറഞ്ഞില്ലെന്ന് പറയുന്നതിൽ എന്ത് പ്രസക്തിയാണുള്ളത്,’മോഹൻലാൽ പറയുന്നു.

അതേസമയം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നാടകീയമായ സംഭവങ്ങളാണ് മലയാള സിനിമയിൽ സംഭവിച്ച് കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സംവിധായകൻ ആഷിഖ് അബു ഫെഫ്കയിൽ നിന്ന് രാജി വെച്ചിരുന്നു.

ജൂനിയർ ആർട്ടിസ്റ്റിന്റെ പരാതിയിൽ നടൻ സുധീഷിനെതിരെയും ഇടവേള ബാബുവിനെതിരെയും ഇന്ന് കോഴിക്കോട് നടക്കാവ് പൊലീസ് കേസെടുത്തിട്ടുണ്ട്. യുവാവിന്റെ പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരെയും കേസ് എടുത്തിട്ടുണ്ട്.

 

Content Highlight: Mohanlal’s Press Meet After Hema Committee Report