| Thursday, 12th January 2023, 6:16 pm

മോഹന്‍ലാല്‍ ആറാടിയ മറ്റുഭാഷ ചിത്രങ്ങള്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തമിഴ് സിനിമാസ്വാദകര്‍ പ്രഖ്യാപന സമയം മുതല്‍ കാത്തിരിക്കുന്ന ചിത്രമാണ് രജനികാന്ത് നായകനായി എത്തുന്ന ‘ജയിലര്‍’. ബീസ്റ്റിന് ശേഷം നെല്‍സണ്‍ ദിലീപ്കുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മലയാളികളുടെ പ്രിയതാരം മോഹന്‍ലാലും പ്രധാന വേഷത്തില്‍ എത്തുന്നുവെന്ന് കഴിഞ്ഞ ദിവസം നിര്‍മാതാക്കളായ സണ്‍ പിക്‌ചേഴ്‌സ് അറിയിച്ചിരുന്നു. കൂടാതെ മോഹന്‍ലാലിന്റെ ക്യാരക്ടര്‍ ലുക്കും പുറത്തുവിട്ടു. ഇതിന് പിന്നാലെ ജയിലറിലെ കാസ്റ്റിങ്ങിനെ കുറിച്ചുള്ള ചര്‍ച്ചകള്‍ ട്വിറ്ററില്‍ സജീവമായിരുന്നു.

മോഹന്‍ലാല്‍ മാഫിയ രാജാവാണെന്നും വില്ലനായാണ് ചിത്രത്തില്‍ എത്തുക തുടങ്ങി നിരവധി ചര്‍ച്ചകളാണ് പിന്നാലെ പ്രചരിക്കുന്നത്. മോഹന്‍ലാല്‍ ജയിലറില്‍ അഭിനയിക്കുന്നുണ്ടെന്ന വാര്‍ത്തകള്‍ പുറത്ത് വന്നതിന് ശേഷമാണ് രജനികാന്ത്- നെല്‍സണ്‍ ചിത്രമായ ജയിലര്‍ വീണ്ടും വാര്‍ത്തകളില്‍ നിറയാന്‍ തുടങ്ങിയത്.

മോഹന്‍ലാലിന് മറ്റ് ഇന്‍ഡസ്ട്രിയിലും വലിയ ഫാന്‍ ബേസുണ്ട്. കാമിയോ റോളുകള്‍ക്ക് പുറമെ മുഴുനീള വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരുടെ കയ്യടി വാങ്ങിയ ചിത്രങ്ങളും ഉണ്ട്. അതുകൊണ്ട് തന്നെയാണ് ജയിലറില്‍ മോഹന്‍ലാല്‍ എത്തുന്നുണ്ടെന്ന വാര്‍ത്തകള്‍ ശ്രദ്ധേയമാകുന്നത്. ഇതിന് മുമ്പ് അദ്ദേഹം അഭിനയിച്ച മറ്റ് ഭാഷ ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് ഒന്ന് നോക്കാം.

പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത ഗോപുര വാസലിലെയാണ് മോഹന്‍ലാല്‍ അഭിനയിക്കുന്ന ആദ്യ തമിഴ് ചിത്രം. കാര്‍ത്തിക്കും ഭാനുപ്രിയയും പ്രധാനവേഷത്തിലെത്തിയ ചിത്രത്തിലെ ‘കേലഡീ എന്‍ പാവയെ’… എന്ന പാട്ടില്‍ കാമിയോ റോളിലാണ് മോഹന്‍ലാലെത്തിയത്. നാലു മിനിറ്റുള്ള ഗാനത്തില്‍ ഒരിടത്ത് മാത്രമാണ് താരമെത്തുന്നുള്ളു.

രണ്ടാമതും ഒരു ഗസ്റ്റ് അപ്പീയറന്‍സ് തന്നെയാണ്. ഗന്ധീവം എന്ന തെലുങ്ക് സിനിമയിലും ഒരു പാട്ടില്‍ കപ്പലിലെ ക്യാപ്റ്റന്റെ വേഷത്തിലാണ് താരം എത്തിയത്. ഗോപുര വാസലിലെയില്‍ ഹാര്‍മോണിയം വായിച്ച് പോയെങ്കിലും ഇവിടെ പാട്ട് തീരുന്നതുവരെ മോഹന്‍ലാലുണ്ട്.

1997ല്‍ പുറത്തിറങ്ങിയ മണിരത്‌നം ചിത്രം ഇരുവറിലാണ് മോഹന്‍ലാല്‍ നായകനാകുന്ന ആദ്യ മറ്റ് ഭാഷ ചിത്രം. ചിത്രത്തില്‍ എം.ജി.ആറായിട്ടാണ് അദ്ദേഹം എത്തിയത്. ആനന്ദന്‍ എന്ന കഥാപാത്രമായാണ് മോഹന്‍ലാല്‍ ചിത്രത്തിലെത്തുന്നത്. മണിരത്‌നം ചിത്രങ്ങളില്‍ ഏറെ പ്രശംസിക്കപ്പെട്ട ചിത്രവുമാണ് ഇരുവര്‍. എം.ജി. ആറിന്റെ ജീവിതത്തെ ആസ്പദമാക്കി നിര്‍മിച്ച ചിത്രത്തില്‍ മോഹന്‍ലാല്‍ അഭിനയിച്ച് വിസ്മയിപ്പിച്ചിട്ടുണ്ട്.

അതിന് ശേഷം 2002ല്‍ പുറത്തിറങ്ങിയ ഹിന്ദി ഗാങ്സ്റ്റര്‍ മൂവിയായ കമ്പനിയിലാണ് മോഹന്‍ലാല്‍ എത്തുന്നത്. വീരപ്പള്ളി ശ്രീനിവാസന്‍ ഐ.പി.എസ് എന്ന കഥാപാത്രമായിട്ടാണ് അദ്ദേഹം എത്തിയത്. അജയ് ദേവ്ഗണ്‍, വിവേക് ഒബ്‌റോയ്, എന്നിവരുടെ കൂടെ ചിത്രത്തില്‍ മികച്ച പെര്‍ഫോമന്‍സ് തന്നെയായിരുന്നു അദ്ദേഹം കാഴ്ചവെച്ചത്.

ഇരുവര്‍ക്ക് ശേഷം അദ്ദേഹം പ്രധാന വേഷത്തിലെത്തിയ തമിഴ് ചിത്രമാണ് പോപ് കാണ്‍. സിമ്രാണ്‍ ആയിരുന്നു ഫീമെയില്‍ ലീഡ് റോളില്‍ എത്തിയത്. ലവ് എന്ന കന്നഡ മൂവിയിലും 2004 ല്‍ മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്. കൂടാതെ 2007ല്‍ റാം ഗോപാല്‍ വര്‍മ കീ ആഗ് എന്ന ചിത്രത്തിലും അദ്ദേഹം വേഷമിട്ടുണ്ട്.

കമല്‍ഹാസനൊപ്പം ആദ്യമായി മോഹന്‍ലാല്‍ അഭിനയിച്ച ചിത്രമാണ് ഉന്നയ് പോല്‍ ഒരുവന്‍. ഐ.ജി രാഘവന്‍ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിച്ചത്. അതിന് ശേഷം പ്രിയദര്‍ശന്‍ ഡയറക്ട് ചെയ്ത ടെസ് എന്ന ഹിന്ദി ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിച്ചിട്ടുണ്ട്.

വിജയ് ആരാധകരും മോഹന്‍ലാല്‍ ആരാധകരും ഒരുമിച്ച് ആഘോഷമാക്കിയ ചിത്രമാണ് ജില്ല. വിജയ്‌യുടെ അച്ഛനായ ശിവ എന്ന കഥാപാത്രത്തെയാണ് അദ്ദേഹം ചിത്രത്തില്‍ അവതരിപ്പിച്ചത്. ശക്തമായ കഥാപാത്രം തന്നെയാണ് ശിവ.

അതിന് ശേഷം മൈത്രി എന്ന കന്നഡ സിനിമയിലും മനമന്ദ എന്ന തമിഴ് ചിത്രത്തിലും മോഹന്‍ലാല്‍ അഭിനയിച്ചിരുന്നു. ചിത്രം പിന്നീട് വിസ്മയം എന്ന പേരില്‍ മലയാളത്തില്‍ റീഷൂട്ടും ചെയ്തിരുന്നു.

ജൂനിയര്‍ എന്‍.ടി.ആറും മോഹന്‍ലാലും ഒരുമിച്ചെത്തി കളക്ഷന്‍ സ്വന്തമാക്കിയ ചിത്രമാണ് ജനത ഗാരേജ്. എന്‍.ടി. ആറിന്റെ വല്യച്ഛനായി സത്യം എന്ന റോളിലാണ് അദ്ദേഹം ചിത്രത്തില്‍ മികച്ച പെര്‍ഫോമന്‍സ് കാഴ്ചവെക്കുന്നത്. റഹ്മാന്‍, വിജയ് കുമാര്‍, നിത്യമേനോന്‍, സാമന്ത തുടങ്ങി വലിയ താരനിര തന്നെ ചിത്രത്തിലൂണ്ടായിരുന്നു. 64മാമത് നാഷണല്‍ ഫിലം അവാര്‍ഡില്‍ ചിത്രത്തിലെ അഭിനയത്തിന് സെപെഷല്‍ ജൂറി അവാര്‍ഡും മോഹന്‍ലാലിന് ലഭിച്ചിരുന്നു. ചിത്രം വലിയ ശ്രദ്ധ നേടുകയും ചെയ്തിരുന്നു.

സൂര്യയുടെ കാപ്പാന്‍ എന്ന ചിത്രത്തിലും മോഹന്‍ലാലുണ്ട്. പ്രധാനമന്ത്രിയുടെ വേഷത്തിലാണ് അദ്ദേഹം എത്തിയത്. പക്ഷെ പെട്ടെന്ന് കൊല്ലപ്പെടുന്നുണ്ട്. ആര്യ അഭിനയിച്ച കഥാപാത്രത്തിന്റെ അച്ഛനായിരുന്നു.

2019ല്‍ പുറത്തിറങ്ങിയ കാപ്പാന്‍ ശേഷം മോഹന്‍ലാല്‍ അഭിനയിക്കുന്ന തമിഴ് ചിത്രമാണ് രജനികാന്തിന്റെ ജയിലര്‍. ട്വിറ്ററില്‍ വലിയ ആകാംക്ഷയോടെയാണ് ഈ കാര്യം ചര്‍ച്ചയാവുന്നത്. സണ്‍ പിച്ചേഴ്‌സ് പങ്കുവെച്ച ക്യാരക്ടര്‍ പോസ്റ്റര്‍ നല്ല വെറൈറ്റിയാണ്. മൂന്ന് പതിറ്റാണ്ടിലേറെ നീണ്ട സിനിമാ ജീവിതത്തില്‍ ഇതാദ്യമായാണ് രജനികാന്തും മോഹന്‍ലാലും ഒരുമിച്ച് ഒരു ചിത്രത്തിലെത്തുന്നത്.

ചിത്രത്തില്‍ അധോലോക നായകനായാണ് മോഹന്‍ലാല്‍ എത്തുന്നത് എന്നൊക്കെയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. സിനിമയുടെ ഭൂരിഭാഗവും ജയിലിനുള്ളിലാണ് ചിത്രീകരിച്ചിരിക്കുന്നത്. ജനുവരി എട്ട്, ഒമ്പത് തീയതികളില്‍ ചിത്രത്തിന്റെ സെറ്റില്‍ മോഹന്‍ലാല്‍ എത്തും. പേര് സൂചിപ്പിക്കുന്നത് പോലെ ജയിലറായിട്ട് വരുന്ന രജനികാന്തിനൊപ്പം ഏത് രൂപത്തിലും ഭാവത്തിലുമാണ് മലയാളികളുടെ സൂപ്പര്‍ താരം എത്തുന്നതെന്ന് കാത്തിരുന്ന് കാണാം.

content highlight: mohanlal’s other language movies

We use cookies to give you the best possible experience. Learn more