|

പാടി, ആടി, ഓടി, ചാടി ഗോളടിച്ച് മോഹന്‍ലാല്‍; മലപ്പുറത്തെ ഇതിഹാസം ഖത്തറിനോട് പറഞ്ഞ് പുതിയ പാട്ട്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

ഫുട്‌ബോള്‍ ലോകകപ്പിലേക്ക് പാട്ടുമായി മോഹന്‍ലാല്‍. ഖത്തര്‍ ലോകകപ്പിന് ട്രിബ്യൂട്ടുമായാണ് മോഹന്‍ലാല്‍ പാടിയ പുതിയ പാട്ടെത്തിയിരിക്കുന്നത്.

ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ കൂടി ഭാഗമായ യൂട്യൂബിലാണ് റിലീസ് ചെയ്തിരിക്കുന്നത്.

ഖത്തറിലെത്തി പന്ത് തട്ടാനൊരുങ്ങുന്ന വിവിധ രാജ്യങ്ങളിലെ വമ്പന്‍ കളിക്കാരോട് മലപ്പുറത്തെ കുറിച്ചാണ് പാട്ടിലൂടെ പറയുന്നത്. അത്തറ് പൂശിയ ഖത്തറുമൊത്തിരി മലയാളത്തിന് ദേശമെന്നും വരികളില്‍ പറയുന്നുണ്ട്.

ഫുട്‌ബോള്‍ ജീവിതമാക്കിയ മലപ്പുറംകാരുടെയും അവരുടെ ഇതിഹാസ കളിയായ സെവന്‍സിനെയും കുറിച്ചാണ് പാട്ട്.

കുട്ടികള്‍ മുതല്‍ പ്രായമായവര്‍ വരെ സ്‌കൂളിലും ഗ്രൗണ്ടിലും കുളത്തിലും വരെ പന്ത് തട്ടുന്ന കാഴ്ചുകളുമായാണ് വീഡിയോയിലുള്ളത്. മനോഹരമായ വിഷ്വലുകളാണ് പാട്ടിലുള്ളത്.

പത്താം നമ്പര്‍ ജേഴ്‌സിയുമണിഞ്ഞാണ് വീഡിയോയില്‍ മോഹന്‍ലാലെത്തുന്നത്. ഓടിയും ചാടിയും കിക്കെടുത്തും ഹെഡറടിച്ചും കളം നിറഞ്ഞാടുകയാണ് നടന്‍.

‘സമയം ഇവിടെ നിശ്ചലമാകുകയാണ്, ലോകകപ്പ് തുടങ്ങുമ്പോള്‍’ എന്ന മോഹന്‍ലാലിന്റെ വാചകത്തോടെയാണ് അവസാനിക്കുന്നത്.

മോഹന്‍ലാല്‍ പാടിയാടി അഭിനയിച്ചിരിക്കുന്ന ഗാനത്തിന് സംഗീതം നല്‍കിയിരിക്കുന്നത് ഹിഷാം അബ്ദുല്‍ വഹാബാണ്. കൃഷ്ണദാസ് പങ്കിയാണ് വരികളെഴുതിയിരിക്കുന്നത്. ടി.കെ. രാജീവ് കുമാറാണ് വീഡിയോ സംവിധാനം ചെയ്തിരിക്കുന്നത്.

Content Highlight: Mohanlal’s new song for Qatar World Cup 2022