| Friday, 27th January 2023, 9:40 am

തൊണ്ണൂറുകളില്‍ നിന്ന് വണ്ടി കിട്ടാത്ത ഷാജി കൈലാസും, ക്യൂട്ട്‌നെസ് വാരിവിതറുന്ന മോഹന്‍ലാലും

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

തൊണ്ണൂറുകളിലെ മലയാള സിനിമയിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന ഷാജി കൈലാസ് ചിത്രമാണ് മോഹന്‍ലാല്‍ നായകനായെത്തിയ ‘എലോണ്‍’. സിനിമ കണ്ടു തീര്‍ക്കുമ്പോള്‍ സംവിധായകനായ ഷാജി കൈലാസ് ഇപ്പോഴും 90കളിലെ മലയാള സിനിമയില്‍ തന്നെ കടിച്ച് തൂങ്ങി നില്‍ക്കുകയാണെന്ന് തോന്നിപ്പോകും. അത്രയേറെ പഴക്കമുണ്ട് ഈ സിനിമയുടെ അവതരണ ശൈലിക്ക്.

പ്രത്യേകിച്ച് എഡിറ്റിങ്ങും ബി.ജി.എമ്മുമൊക്കെ ഈ സംശയം ഊട്ടിയുറപ്പിക്കുകയും ചെയ്യുന്നു. കണ്ടുമറന്ന പല സിനിമകളിലെയും ബി.ജി.എമ്മുമായി സാമ്യം തോന്നുന്ന അല്ലെങ്കില്‍, ഒരു ആവശ്യവുമില്ലാതെ ബി.ജി.എം വാരിവിതറുന്നത് പോലെയൊക്കെയാണ് സിനിമ കാണുന്ന പ്രേക്ഷകര്‍ക്ക് അനുഭവപ്പെടുക. പ്രത്യേകിച്ച് മോഹന്‍ലാലിനെ കാണിക്കുന്ന സീനുകളില്‍ വെറുതെ ബി.ജി.എം കുത്തിക്കയറ്റിയതുപോലെയും തോന്നും.

തീയേറ്ററില്‍ ഒരു ഇമ്പാക്റ്റും സൃഷ്ടിക്കാത്ത ചില മാസ് ഡയലോഗുകളെയൊക്കെ ബി.ജി.എം കുത്തിനിറച്ച്, നായകന്റെ നടപ്പിനെ സ്ലോമോഷനില്‍ കാണിച്ച് കയ്യടി വാങ്ങാനുള്ള ശ്രമവും സിനിമയില്‍ നടത്തുന്നുണ്ട്. എന്നാല്‍ ആ ശ്രമങ്ങളൊക്കെ പൂര്‍ണമായി പരാജയപ്പെട്ടു. സിനിമയുടെ എഡിറ്റിങ് കാണുമ്പോള്‍ 90കളില്‍ നിന്നും സംവിധായകന് ഇതുവരെയും വണ്ടി കിട്ടിയിട്ടില്ല എന്ന് തോന്നും.

ടെക്‌നിക്കലി ഒട്ടും അപ്‌ഡേറ്റഡല്ലാതെ, സിനിമയെടുക്കാന്‍ വേണ്ടി സിനിമയെടുത്തത് പോലെ തോന്നുന്ന ഒരു അനുഭവമാണ് ശരിക്കും പറഞ്ഞാല്‍ എലോണ്‍. യഥാര്‍ത്ഥത്തില്‍ കൊവിഡും ലോക്ക് ഡൗണും മാത്രമാണ് ഇന്നത്തെ കാലവുമായി എന്തെങ്കിലും തരത്തിലുള്ള സാമ്യം നിലനിര്‍ത്തുന്നത്.

എഡിറ്റിങ് മാത്രമല്ല, കഥ നടക്കുന്ന ആ ഫ്‌ളാറ്റിലൂടെ ക്യാമറ ഒഴുകി നടക്കുന്നതായും പ്രേക്ഷകര്‍ക്ക് അനുഭവപ്പെടും. ഒരു കാര്യവുമില്ലാതെ കട്ടിലിനടിയില്‍ നിന്നും കതകിന് പിന്നില്‍ നിന്നും കര്‍ട്ടനിടയില്‍ നിന്നുമൊക്കെയുള്ള ചില ഷോട്ടുകള്‍ കാണാം. ഇതൊക്കെ എന്തിനായിരുന്നു എന്നും സിനിമയ്ക്ക് എന്ത് ഇമ്പാക്ടാണ ഇതൊക്കെ നല്‍കിയതെന്നും ബാക്കിനില്‍ക്കുന്ന ചില ചോദ്യങ്ങളാണ്.

നായകനായെത്തിയ മോഹന്‍ലാലിന്റെ കാളിദാസനായുള്ള പ്രകടനം ഒരുതരത്തിലും തൃപ്തികരമായിരുന്നില്ല. ചില സന്ദര്‍ഭങ്ങളില്‍ ഒരു ആനിമേഷന്‍ സിനിമ കാണുന്ന അനുഭവമാണ് അദ്ദേഹത്തിന്റെ അഭിനയം പ്രേക്ഷകര്‍ക്ക് നല്‍കുന്നത്. ചില ഭാഗങ്ങളിലൊക്കെ മോഹന്‍ലാലിന്റെ അഭിനയം ഓവറായി അനുഭവപ്പെടും. എന്നാല്‍ ആ കഥാപാത്രത്തിന് അത് ആവശ്യമായതുകൊണ്ട് അതിനെ ഒരു നെഗറ്റീവ് ആയി പറയാന്‍ സാധിക്കില്ല. പഴയ മോഹന്‍ലാലിനെ തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങള്‍ ഷാജി കൈലാസ് ഇവിടെയും നടത്തുന്നുണ്ട്. എന്നാല്‍ അതൊക്കെ പൂര്‍ണമായി പാളി എന്നു തന്നെ പറയാം.

നിരവധി ഹിറ്റുകള്‍ മോഹന്‍ലാലിന് സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. അതുകൊണ്ടുതന്നെ ആ സൂപ്പര്‍ ഹിറ്റ് കോംബോ വീണ്ടും ഒരുമിക്കുമ്പോള്‍ വലിയ പ്രതീക്ഷകളുമായാണ് സിനിമ പ്രേമികളും മോഹന്‍ലാല്‍ ആരാധകരും കാത്തിരുന്നത്. എന്നാല്‍ തുടര്‍ പരാജയങ്ങള്‍ ഏറ്റുവാങ്ങുന്ന മോഹന്‍ലാലിന് ഒരു ഹിറ്റ് സമ്മാനിക്കാന്‍ ഷാജി കൈലാസിനും കഴിയാതെ പോയി.

content highlight: mohanlal’s new movie alone

We use cookies to give you the best possible experience. Learn more