|

ബറോസ് അടുത്ത വര്‍ഷം; ഛായാഗ്രഹകനാവുന്നത് സന്തോഷ് ശിവന്‍; പ്രഖ്യാപനം നടന്നു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

കൊച്ചി: മലയാളത്തിന്റെ പ്രിയ നടന്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം ബറോസില്‍ ഛായാഗ്രാഹകനായി സന്തോഷ് ശിവനും. അടുത്ത വര്‍ഷം ആദ്യം ചിത്രീകരണം ആരംഭിക്കാനാണ് തീരുമാനം.

നേരത്തെ കെ.യു മോഹനന്‍ ക്യാമറ ചെയ്യുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പിന്നീട് സന്തോഷ് ശിവനെ തീരുമാനിക്കുകയായിരുന്നു. നിലവില്‍ ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുകയാണ്.

ദൃശ്യം 2 വിന്റെ തൊടുപുഴയിലെ സെറ്റില്‍ സന്തോഷ് ശിവന്‍ എത്തിയിരുന്നു. ഇതിന് പിന്നാലെ അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ താന്‍ സിനിമയുടെ ഭാഗമാവുന്നതായി പ്രഖ്യാപിച്ചത്.

ഇന്ത്യയിലെ ആദ്യ ത്രീഡി സിനിമയായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്ത ജിജോ (നവോദയ) എഴുതിയ ഇംഗ്ലീഷ് കഥ ‘ബറോസ്സ്-ഗാര്‍ഡിയന്‍ ഓഫ് ഡി ഗാമാസ് ട്രഷര്‍’ ആണ് സിനിമയാവുന്നത്.

ബറോസ് ഒരു ത്രീഡി ചിത്രമാണെന്നും ബറോസ്സായി അഭിനയിക്കുന്നത് താന്‍ ആണെന്നും നേരത്തേ മോഹന്‍ലാല്‍ പറഞ്ഞിരുന്നു.പോര്‍ച്ചുഗീസ് പശ്ചാത്തലത്തില്‍ എഴുതപ്പെട്ട ഒരു നിഗൂഢ രചനയാണിത്. ഗാമയുടെ നിധി സൂക്ഷിക്കുന്നയാളാണ് ബറോസ്സ്. നാനൂറിലധികം വര്‍ഷങ്ങളായി അയാളതു കാത്തുസൂക്ഷിക്കുന്നു. യഥാര്‍ഥ പിന്തുടര്‍ച്ചക്കാര്‍ വന്നാല്‍ മാത്രമേ അയാളതു കൈമാറുകയുള്ളൂ.

ബറോസ്സിന്റെ അടുത്തേക്ക് ഒരു കുട്ടി വരികയാണ്. അവര്‍ തമ്മിലുള്ള ബന്ധവും അതിന്റെ രസങ്ങളുമാണു കഥയെന്നും മോഹന്‍ലാല്‍ പറഞ്ഞിരുന്നു.

സ്പാനിഷ് നടി പാസ് വേഗ, നടന്‍ റഫേല്‍ അമാര്‍ഗോ എന്നിവര്‍ ചിത്രത്തില്‍ പ്രധാനവേഷത്തിലെത്തും. ബറോസില്‍ വാസ്‌കോഡഗാമയുടെ വേഷത്തിലാണ് റാഫേല്‍ അഭിനയിക്കുക. ഭാര്യയായി പാസ് വേഗയും അഭിനയിക്കും. റാംബോ;ലാസ്റ്റ് ബ്ലഡ്, സെക്സ് ആന്‍ഡ് ലൂസിയ, ഓള്‍ റോഡ്സ് ലീഡ്സ് ടു റോം എന്നീ ചിത്രങ്ങളിലൂടെ പ്രശസ്തയാണ് പാസ് വേഗ.

ബോളിവുഡില്‍ നിന്നുള്ള അഭിനേതാക്കളും വിദേശതാരങ്ങളും സിനിമയിലുണ്ടാകും. രാജ്യത്തെ മിക്ക ഭാഷകളിലും സിനിമ ഡബ് ചെയ്യും. ഗോവ, പോര്‍ച്ചുഗീസ് തുടങ്ങിയ സ്ഥലങ്ങളായിരിക്കും പ്രധാന ലൊക്കേഷനുകള്‍.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം,പേജുകളിലൂടെയും വാട്സാപ്പിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlights: Mohanlal’s first directorial Movie Barroz start next year, Santosh Sivan will be the cinematographer