മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ബറോസ് 20 ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തുന്നു. 20 ഭാഷകളിലേക്ക് പ്രദര്‍ശനം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ആശിര്‍വാദ് സിനിമാസ് ദുബായില്‍ പുതിയ ആസ്ഥാനം തുറന്നു. ഇതോടെ ഗള്‍ഫില്‍ സിനിമാ വിതരണരംഗത്തേക്ക് പ്രവേശിക്കുകയാണ് ആശിര്‍വാദ് സിനിമാസ്. സിനിമാ വിതരണകമ്പനിയായ ഫാഴ്‌സ് സിനിമാസുമായി കൈകോര്‍ത്താണ് വിതരണ രംഗത്തേക്ക് കടക്കുക.
‘കയ്യില്‍ ഇപ്പോള്‍ ബറോസ് എന്നൊരു വലിയ സിനിമയുണ്ട്. അതിനെ ഏറ്റവും നന്നായി എങ്ങനെ മാര്‍ക്കറ്റ് ചെയ്യാമെന്നാണ് ചിന്തിക്കുന്നത്. ഈജിപ്റ്റ് ഒരു വലിയ മാര്‍ക്കറ്റാണ്. ഈ സിനിമയില്‍ കൂടുതലും പുറത്തുള്ള ആക്‌ടേഴ്‌സാണ്. ഇനി എമ്പുരാന്‍ എന്ന സിനിമയില്‍ സൗദി അറേബ്യയില്‍ നിന്നുള്ള ആക്ടറെ കോര്‍പറേറ്റ് ചെയ്യിക്കുന്നതൊക്കെ വേണമെങ്കില്‍ ആലോചിക്കാന്‍ പറ്റും.
കൊവിഡ് സമയത്ത് ഒരുപാട് ആള്‍ക്കാര് നോര്‍ത്ത് ഇന്ത്യയിലൊക്കെ മലയാള സിനിമ കാണാന്‍ തുടങ്ങി. ദൃശ്യം ആണ് കണ്ടുതുടങ്ങിയത്. പിന്നീട് പുറകിലേക്ക് എല്ലാ സിനിമകളും കാണാന്‍ തുടങ്ങി. ഇപ്പോള്‍ എല്ലാവര്‍ക്കും മലയാള സിനിമയെ കുറിച്ച് നന്നായിട്ട് അറിയാം,’ മോഹന്‍ലാല്‍ പ്രസ് മീറ്റില്‍ പറഞ്ഞു.
ചൈനീസ്, പോര്‍ച്ചുഗീസ് ഉള്‍പ്പെടെ 20 ഭാഷകളില്‍ ഡബ് ചെയ്‌തോ സബ് ടൈറ്റില്‍ നല്‍കിയോ ബറോസ് പുറത്തിറക്കാനാണ് ലക്ഷ്യമിടുന്നത്. എമ്പുരാന്‍ അടക്കം ഇനി വരുന്ന ചിത്രങ്ങള്‍ രണ്ടിലേറെ ഭാഷകളിലായിരിക്കും നിര്‍മിക്കുക. തെലുങ്കിലും മലയാളത്തിലും വരുന്ന വൃഷഭ എന്ന സിനിമയുടെ നിര്‍മാണവും ദുബായ് കേന്ദ്രീകരിച്ചാവും. തങ്ങളുടെ അന്താരാഷ്ട്ര നിര്‍മാണ വിതരണ ശൃംഖല മറ്റ് മലയാള സിനിമകള്‍ക്കും പ്രയോജനപ്പെടുത്താമെന്നും മോഹന്‍ലാല്‍ പറഞ്ഞു. ദുബായ് ബിസിനസില്‍ ബെയിലെ ആശിര്‍വാദ് സിനിമാസ് ആസ്ഥാനത്തിന്റെ ഉദ്ഘാടനവും മോഹന്‍ലാല്‍ നിര്‍വഹിച്ചു.
ബറോസ് എന്ന ചിത്രത്തിന്റെ ഷൂട്ടിങ് ഇതിനോടകം തന്നെ പൂര്‍ത്തിയായതാണ്. ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിക്കുകയാണ്. പ്രേക്ഷകര്‍ കാത്തിരിക്കുന്ന എമ്പുരാന്‍ ഷൂട്ട് ഉടന്‍ ആരംഭിക്കും. വൈശാഖിന്റെ മോണ്‍സ്റ്റര്‍, ഷാജി കൈലാസിന്റെ എലോണ്‍, പ്രിയദര്‍ശന്റെ ഓളവും തീരവും എന്നിവയാണ് ഇനി ഉടന്‍ പുറത്തിറങ്ങാനിരിക്കുന്ന മോഹന്‍ലാലിന്റെ ചിത്രങ്ങള്‍.
Content Highlight: Mohanlal’s directorial debut Barroz is releasing in 20 languages