| Sunday, 13th November 2022, 6:33 pm

മമ്മൂട്ടിയുടെ ഇന്നത്തെ ചെകുത്താന്‍ ചിരിയൊക്കെ മോഹന്‍ലാല്‍ 27ാം വയസിലേ വിട്ട സീനാണ്

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

അടുത്തിടയായി മമ്മൂട്ടിയുടെ അഭിനയവൈഭവം ഓരോ സിനിമക്ക് ശേഷവും ചര്‍ച്ചയാകാറുണ്ട്. മമ്മൂട്ടി തെരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളും സിനിമയും വ്യത്യസ്തത പുലര്‍ത്തുന്നതോടൊപ്പം അദ്ദേഹത്തിന്റെ അഭിനയത്തിന്റെ വീര്യവും കൂടി വരുന്നുവെന്നാണ് പൊതുവെ ഉയരുന്ന കമന്റുകള്‍.

റോഷാക്കിന്റെ ഒ.ടി.ടി റിലീസിന് പിന്നാലെ ഭീഷ്മ പര്‍വ്വം മുതലുള്ള പ്രശംസകളുമായി മമ്മൂട്ടി ആരാധകര്‍ എത്തുകയും ചെയ്തിരുന്നു. ‘പാണന്മാര്‍ പാടിയ കഥകളില്‍’ ഇപ്രാവശ്യം ഏറ്റവും മുന്‍പന്തിയിലുള്ളത് മമ്മൂട്ടിയുടെ രണ്ട് കഥാപാത്രങ്ങളുടെ ചിരിയാണ്.

ഭീഷ്മ പര്‍വ്വത്തിലെ മൈക്കിളപ്പയുടെയും റോഷാക്കിലെ ലൂക്ക് ആന്റണിയുടെയും വില്ലനിസം കലര്‍ന്ന ചിരികളാണിത്. ചെകുത്താന്‍ ചിരി എന്ന ക്യാപ്ഷനോടെയാണ് ഇരു കഥാപാത്രങ്ങളുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചത്.

നെഗറ്റീവ് ടച്ചുള്ള കഥാപാത്രങ്ങളുടെ, അല്ലെങ്കില്‍ കഥാപാത്രങ്ങള്‍ ഡാര്‍ക് മോഡിലേക്ക് നീങ്ങുമ്പോഴുള്ള സമയങ്ങളില്‍ ആരെയും ഒന്ന് വിറപ്പിക്കുന്ന ചിരിയാണ് മമ്മൂട്ടി പുറത്തിറക്കാറുള്ളതെന്നും പലരും അഭിപ്രായപ്പെട്ടിരുന്നു.

ഇപ്പോള്‍ ഈ അഭിനന്ദനങ്ങളില്‍ ചില ചോദ്യങ്ങളുമായി എത്തിയിരിക്കുകയാണ് മോഹന്‍ലാല്‍ ആരാധകര്‍.
ഡെവിളിഷ് സ്‌മൈല്‍ എന്ന പേരില്‍ കൊട്ടിഘോഷിക്കുന്ന അഭിനയനിമിഷങ്ങളൊക്കെ മോഹന്‍ലാല്‍ ചെറുപ്പത്തില്‍ തന്നെ ചെയ്തുകഴിഞ്ഞതാണെന്ന് ഇവര്‍ പറയുന്നു.

എം.ടിയുടെ തിരക്കഥയില്‍ ഹരിഹരന്‍ സംവിധാനം ചെയ്ത അമൃതം ഗമയ എന്ന ചിത്രത്തിലെ മോഹന്‍ലാലിന്റെ പ്രകടനമാണ് ഇവിടെ ചൂണ്ടിക്കാണിക്കപ്പെടുന്നത്.

മോഹന്‍ലാല്‍ അവതരിപ്പിച്ച ഡോ.പി.കെ. ഹരിദാസിന്റെ മെഡിക്കല്‍ കോളേജ് പഠനകാലം ചിത്രത്തിലെ സുപ്രധാന ഭാഗമായിരുന്നു. വിനീതിന്റെ ഉണ്ണികൃഷ്ണന്‍ എന്ന കഥാപാത്രത്തെ ക്രൂരമായ റാഗിങ്ങിന് വിധേയനാക്കുന്ന ഹരിദാസിനെയാണ് ഇവിടെ കാണാനാകുക.

വേദനയും പേടിയും അപമാനഭാരവും കൊണ്ട് പുളയുന്ന ഉണ്ണികൃഷ്ണനെ നോക്കിയുള്ള ഹരിദാസിന്റെ ചിരിയാണ് മലയാള സിനിമയിലെ ഏറ്റവും മികച്ച ചെകുത്താന്‍ ചിരികളിലൊന്നെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.

വലിയ അഭിനയ അനുഭവങ്ങളൊന്നുമില്ലാതെ, തന്റെ 27ാം വയസിലാണ് മോഹന്‍ലാല്‍ ഹരിദാസിനെ പോലെയുള്ള ഒരു സങ്കീര്‍ണ കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇരുപതുകള്‍ മുതല്‍ നാല്‍പതുകളുടെ അവസാനം വരയെുള്ള ഹരിദാസിന്റെ ജീവിതം സിനിമയില്‍ കടന്നുവരുന്നുണ്ട്. ഈ ഓരോ സമയത്തെയും അതീവ തന്മയത്വത്തോടെയാണ് താരം അവതരിപ്പിച്ചതെന്നും ഇവര്‍ ചൂണ്ടിക്കാണിക്കുന്നു.

ഇതോടൊപ്പം ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിയുടെ ചിരിയെ കുറിച്ചും ചിലര്‍ എടുത്തു പറയുന്നുണ്ട്. അങ്ങനെയിരിക്കേ മമ്മൂട്ടിയെ കൊണ്ട് മാത്രമേ ഇതൊക്കെ ചെയ്യാന്‍ കഴിയൂവെന്ന് പറയുന്നത് അല്‍പം കടന്നകയ്യല്ലേ എന്നാണ് ലാലേട്ടന്‍ ആരാധകര്‍ ചോദിക്കുന്നത്.

അതേസമയം കഥാപാത്രങ്ങളും സിനിമയും തെരഞ്ഞെടുക്കുന്നതില്‍ മോഹന്‍ലാലിന് ഇന്ന് വലിയ പാളിച്ചകള്‍ സംഭവിക്കുന്നുണ്ടെന്നും ചിലര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

Content Highlight: Mohanlal’s devilish smile in an old movie is the new discussion

We use cookies to give you the best possible experience. Learn more