| Sunday, 12th September 2021, 8:33 am

എന്തിനാണ് മോഹന്‍ലാലിന്റെ കാറിന് മാത്രം നടയിലേക്ക് വരാന്‍ അനുമതി നല്‍കിയത്? ഗുരുവായൂര്‍ ക്ഷേത്രത്തിലെ ജീവനക്കാര്‍ക്കെതിരെ കാരണംകാണിക്കല്‍ നോട്ടീസ്

ഡൂള്‍ന്യൂസ് ഡെസ്‌ക്

തൃശൂര്‍: മോഹന്‍ലാലിന്റെ കാര്‍ ഗുരുവായൂര്‍ ക്ഷേത്രനടയ്ക്ക് മുന്നിലേക്ക് കൊണ്ടുവരാന്‍ ഗേറ്റ് തുറന്നുകൊടുത്ത സുരക്ഷ ജീവനക്കാര്‍ക്കെതിരെ നടപടിയെടുത്ത് അഡ്മിനിസ്‌ട്രേറ്റര്‍. മൂന്ന് ജീവനക്കാര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസാണ് നല്‍കിയിരിക്കുന്നത്.

മോഹന്‍ലാലിന്റെ കാറിന് മാത്രം പ്രവേശിക്കാന്‍ അനുവാദം നല്‍കിയത് എന്തിനാണെന്ന് വ്യക്തമാക്കണമെന്നാണ് ജീവനക്കാരോട് ആവശ്യപ്പെട്ടിരിക്കുന്നത്. കാരണംകാണിക്കല്‍ നോട്ടീസ് നല്‍കിയിരിക്കുന്ന ഈ സുരക്ഷാജീവനക്കാരെ ജോലിയില്‍ നിന്നും മാറ്റിനിര്‍ത്തണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം മോഹന്‍ലാലിനൊപ്പം ഭരണസമിതിയംഗങ്ങള്‍ കൂടിയുണ്ടായിരുന്നെന്നും അതുകൊണ്ടാണ് ഗേറ്റ് തുറന്നുകൊടുത്തതെന്നുമാണ് ജീവനക്കാര്‍ നല്‍കുന്ന വിശദീകരണം. മൂന്ന് ഭരണസമിതിയംഗങ്ങള്‍ നടനൊപ്പമുണ്ടായിരുന്നെന്നാണ് ഇവര്‍ പറയുന്നത്.

കഴിഞ്ഞ ദിവസം വ്യവസായി രവി പിള്ളയുടെ മകന്റെ വിവാഹത്തിന് വേണ്ടി ഗുരുവായൂര്‍ ക്ഷേത്രത്തിലെ നടപ്പന്തല്‍ അലങ്കരിച്ചതിനെതിരെ ഹൈക്കോടതി രംഗത്തുവന്നിരുന്നു.

കൊവിഡ് വ്യാപനം നിലനില്‍ക്കെ എന്ത് അടിസ്ഥാനത്തിലാണ് ഇത്തരം അലങ്കാരപ്പണികള്‍ക്ക് അനുമതി നല്‍കിയതെന്ന് അഡ്മിനിസ്‌ട്രേറ്റര്‍ വിശദീകരിക്കണമെന്നായിരുന്നു കോടതി ആവശ്യപ്പെട്ടിരുന്നത്. കൂറ്റന്‍ ബോര്‍ഡുകളും ചെടികളും വെച്ചായിരുന്നു നടപ്പന്തല്‍ അലങ്കരിച്ചിരുന്നത്.

കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ചാണോ ക്ഷേത്രത്തില്‍ വിവാഹം നടക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു. ഇക്കാര്യത്തില്‍ തിങ്കളാഴ്ചയ്ക്കകം സത്യവാങ്മൂലം നല്‍കണമെന്നാണ് അഡ്മിനിസ്‌ട്രേറ്ററോട് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ 

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം


Content Highlight: Mohanlal’s car at Guruvayur temple, action against security employees

We use cookies to give you the best possible experience. Learn more