മമ്മൂട്ടിയുടെ എഴുപതാം പിറന്നാളാഘോഷത്തിലാണ് മലയാള സിനിമാലോകം. ആരാധകരോടൊപ്പം സിനിമാരംഗത്തുള്ളവരും മമ്മൂട്ടിക്ക് ആശംസകളര്‍പ്പിച്ച് എത്തിയിട്ടുണ്ട്. മമ്മൂട്ടിയെ കുറിച്ചുള്ള ഓര്‍മ്മകളും സിനിമാനുഭവങ്ങളും പങ്കുവെച്ചുകൊണ്ട് മോഹന്‍ലാല്‍ ദേശാഭിമാനി വാരാന്തപ്പതിപ്പിലെഴുതിയ കുറിപ്പാണ് ഇക്കൂട്ടത്തില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത്.
മമ്മൂട്ടി തനിക്ക് ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും അദ്ദേഹത്തിന്റെ കാലഘട്ടത്തില്‍ തന്നെ സിനിമകള്‍ ചെയ്യാനായതും ഒരുമിച്ചഭനിയക്കാനായതും മഹാഭാഗ്യമായാണ് കരുതുന്നതെന്നുമാണ് മോഹന്‍ലാല്‍ പറയുന്നത്. നിങ്ങളുടെ മമ്മൂക്ക, എന്റെ ഇച്ചാക്ക എന്ന തലക്കെട്ടോട് കൂടി എഴുതിയ കുറിപ്പ് ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയായി കഴിഞ്ഞു.
മമ്മൂട്ടിക്കൊപ്പം അഭിയനയിച്ച സിനിമകളെ കുറിച്ചും മോഹന്‍ലാല്‍ ഈ കുറിപ്പില്‍ വിശദമായി സംസാരിക്കുന്നുണ്ട്. മമ്മൂട്ടിയുടെ മകനായി അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച തങ്ങളുടെ കാലഘട്ടത്തിലെ ഒരേയൊരു നടനാണ് താനെന്നാണ് മോഹന്‍ലാല്‍ പറയുന്നത്. പടയോട്ടം എന്ന ചിത്രത്തിലായിരുന്നു മമ്മൂട്ടിയും മോഹന്‍ലാലും അച്ഛനും മകനുമായി അഭിനയിച്ചത്.
‘ഐ.വി. ശശിയുടെ അഹിംസ (1981)യിലാണെന്നു തോന്നുന്നു ഞങ്ങളാദ്യം ഒന്നിച്ചഭിനയിച്ചത്. രണ്ടുവര്‍ഷം കഴിഞ്ഞാണ് ഓര്‍ക്കുമ്പോള്‍ ഇപ്പോഴും വിസ്മയം തോന്നുന്ന ഒരു സംഭവം ഞങ്ങളിരുവരുടെയും അഭിനയജീവിതത്തില്‍ സംഭവിച്ചത്. സമകാലികരായ രണ്ട് അഭിനേതാക്കളുടെ ജീവിതത്തില്‍ സാധാരണയായി സംഭവിക്കാനിടയില്ലാത്ത ഒന്ന്.
ജിജോയുടെ സംവിധാനത്തില്‍ പുറത്തിറങ്ങിയ പൂര്‍ണമായി ഇന്ത്യയില്‍ ചിത്രീകരിച്ച മലയാളത്തിലെ ആദ്യത്തെ 70 എം.എം. സ്റ്റീരിയോഫോണിക് ചിത്രമായ പടയോട്ടത്തില്‍ ഞാന്‍ അവതരിപ്പിച്ച കണ്ണന്‍ എന്ന കഥാപാത്രത്തിന്റെ അച്ഛന്‍ കമ്മാരനായി വേഷമിട്ടത് ഇച്ചാക്കയായിരുന്നു. അങ്ങനെ ഇച്ചാക്കയുടെ മകനായി അഭിനയിക്കാന്‍ ഭാഗ്യം ലഭിച്ച ഞങ്ങളുടെ തലമുറയിലെ ഒരേയൊരു നടനായി ഞാന്‍ മാറി.
അതിനുശേഷം കാഴ്ചയില്‍, എന്റെ കഥ, ഗുരുദക്ഷിണ, ഹിമവാഹിനി, വിസ, അക്കരെ, അങ്ങാടിക്കപ്പുറത്ത്, നേരം പുലരുമ്പോള്‍, കാവേരി, പടയണി തുടങ്ങി എം.ടി. സാറിന്റെ സ്‌ക്രിപ്റ്റില്‍ ഐ.വി. ശശിയുടെയും ടി. ദാമോദരന്‍ മാസ്റ്ററുടെയും മറ്റും എത്രയോ മള്‍ട്ടിസ്റ്റാര്‍ ചിത്രങ്ങളില്‍ ഞങ്ങളൊന്നിച്ചു.
അനുബന്ധം, ആള്‍ക്കൂട്ടത്തില്‍ തനിയേ, ഇടനിലങ്ങള്‍, കരിമ്പിന്‍ പൂവിനക്കരെ, വാര്‍ത്ത, അതിരാത്രം, അടിമകള്‍ ഉടമകള്‍, പൂമുഖപ്പടിയില്‍ നിന്നെയും കാത്ത്, പിന്‍നിലാവ്, അസ്ത്രം, കണ്ടുകണ്ടറിഞ്ഞു, ഇനിയെങ്കിലും, അടിയൊഴുക്കുകള്‍, ചങ്ങാത്തം, ഒന്നാണു നമ്മള്‍, ലക്ഷ്മണരേഖ, ഇതാ ഇന്നുമുതല്‍, അറിയാത്ത വീഥികള്‍, ആ ദിവസം, ചക്രവാളം ചുവന്നപ്പോള്‍, അവിടത്തെ പോലിവിടെയും, കരിയിലക്കാറ്റുപോലെ… അങ്ങനെ എത്രയോ ചിത്രങ്ങള്‍. ഇതില്‍ ഇനിയെങ്കിലും, നാണയം തുടങ്ങിയ ചിത്രങ്ങളില്‍ ഞങ്ങള്‍ കൂടപ്പിറപ്പുകളായിട്ടാണ് അഭിനയിച്ചത്,’ മോഹന്‍ലാല്‍ പറയുന്നു.
തങ്ങളൊരുമിച്ച് നിര്‍മ്മിച്ച ഗാന്ധിനഗര്‍ സെക്കന്റ് സ്ട്രീറ്റിലും മഴ പെയ്യുന്നു മദ്ദളം കൊട്ടുന്നു എന്ന ചിത്രത്തിലും മമ്മൂട്ടി അതിഥിതാരമായി എത്തിയപ്പോള്‍ മമ്മൂട്ടി കേന്ദ്ര കഥാപാത്രമായെത്തിയ മനു അങ്കിളിലും കടല്‍ കടന്നൊരു മാത്തുക്കുട്ടിയിലും താന്‍ അതിഥിതാരമായെത്തിയെന്നും മോഹന്‍ലാല്‍ പറയുന്നു.
ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ
ഡൂള്‍ന്യൂസിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം
Content Highlight: Mohanlal’s birthday wish for Mammootty, shares memory of acting as his son in a movie