മോഹന്‍ലാല്‍ ആരാധകര്‍ ഇപ്പോള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബാറോസ്. തന്റെ 40 വര്‍ഷത്തെ സിനിമാജീവിതത്തില്‍ മോഹന്‍ലാല്‍ ആദ്യമായി സംവിധായകകുപ്പായമണിയുന്നു എന്നതാണ് ബാറോസിന്റെ ഏറ്റവും വലിയ പ്രത്യേകത.
ഈ വര്‍ഷം തുടക്കത്തില്‍ ബാറോസിന്റെ ഷൂട്ട് അവസാനിച്ചിരുന്നു. എന്നാല്‍ സമ്മര്‍ റിലീസായി പ്ലാന്‍ ചെയ്ത ചിത്രത്തിന്റെ റിലീസ് നീണ്ടുപോകുകയായിരുന്നു. പിന്നീട് ഒക്ടോബര്‍ മൂന്നിന് റിലീസ് ചെയ്യുമെന്ന് അറിയിച്ചെങ്കിലും മറ്റ് റിലീസുകള്‍ കാരണം ഡേറ്റ് മാറ്റുകയായിരുന്നു. അവസാനം ഡിസംബര്‍ 20ന് ബറോസ് എത്തിയേക്കുമെന്ന സൂചന ലഭിച്ചിരുന്നു.
ഒടുവില്‍ ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്. ഡിസംബര്‍ 25നാണ് സിനിമ തിയേറ്ററില്‍ എത്തുക. സംവിധായകന്‍ ഫാസിലാണ് ഒരു വീഡിയോയിലൂടെ ബറോസിന്റെ റിലീസ് തീയതി പ്രഖ്യാപിച്ചത്. മോഹന്‍ലാല്‍ റിലീസ് തീയതി പറഞ്ഞപ്പോള്‍ താന്‍ വിസ്മയിച്ചു പോയെന്നാണ് അദ്ദേഹം വീഡിയോയിലൂടെ പറയുന്നത്.
മോഹന്‍ലാല്‍ എന്ന 19 വയസുകാരനെ ഇന്നറിയുന്ന മോഹന്‍ലാല്‍ ആക്കിയത് മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയാണെന്നും അത് റിലീസ് ചെയ്യപ്പെട്ടത് ഒരു ഡിസംബര്‍ 25നാണെന്നും സംവിധായകന്‍ പറയുന്നു. ഒപ്പം മണിച്ചിത്രത്താഴ് എന്ന സിനിമ റിലീസിനെത്തിയതും ഇതേ ദിവസമാണെന്നും ഫാസില്‍ കൂട്ടിച്ചേര്‍ത്തു. ഗുരുസ്ഥാനത്ത് നില്‍ക്കുന്ന ആളുകളെ നേരില്‍ കണ്ട് അനുഗ്രഹം വാങ്ങിയാണ് മോഹന്‍ലാല്‍ സിനിമയുടെ വര്‍ക്ക് തുടങ്ങിയതെന്നും ഫാസില്‍ പറയുന്നു.
ബറോസ്:
മൈഡിയര്‍ കുട്ടിച്ചാത്തന് ശേഷം പൂര്‍ണമായും ത്രീ.ഡിയില്‍ ചിത്രീകരിക്കുന്ന സിനിമയാണ് ബാറോസ്. സിനിമയുടെ ടൈറ്റില്‍ റോളില്‍ എത്തുന്നത് മോഹന്‍ലാല്‍ തന്നെയാണ്. മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ അണിയിച്ചൊരുക്കിയ ജിജോ പുന്നൂസാണ് ബാറോസിന്റെ രചന നിര്‍വഹിച്ചിരിക്കുന്നത്.
ദേശീയ അവാര്‍ഡ് ജേതാവായ സന്തോഷ് ശിവനാണ് ബാറോസിന്റെ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് പുറമെ വിദേശത്ത് നിന്ന് ഒരുപാട് ആര്‍ട്ടിസ്റ്റുകള്‍ ക്യാമറയുടെ മുന്നിലും പിന്നിലുമായി ബാറോസിന്റെ ഭാഗമാകുന്നുണ്ട്. ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് ചിത്രം നിര്‍മിക്കുന്നത്.
Content Highlight: Mohanlal’s Barroz Movie Release Date Out