| Thursday, 8th August 2024, 1:57 pm

ബറോസ് പ്രത്യക്ഷപ്പെടില്ലേ? ചിത്രത്തിനെതിരെ കോപ്പിയടി ആരോപണവുമായി എഴുത്തുകാരൻ

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

മലയാള സിനിമ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബറോസ്. അഭിനയത്തിൽ കാലങ്ങളായി നിറഞ്ഞു നിൽക്കുന്ന മലയാളികളുടെ ഇഷ്ട നടൻ മോഹൻലാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന രീതിയിൽ ബറോസ് ആദ്യം മുതലെ ചർച്ചാ വിഷയമാണ്.

ചിത്രത്തിൽ ഇതുവരെ കാണാത്ത ഗെറ്റപ്പിലാണ് മോഹൻ ലാൽ പ്രത്യക്ഷപ്പെടുന്നത്. വിവിധ ഭാഷകളിൽ റിലീസാവുന്ന ചിത്രം 3D ആയാണ് പ്രേക്ഷകർക്ക് മുന്നിൽ എത്തുക. എന്നാൽ ചിത്രം റിലീസിനൊരുങ്ങുമ്പോൾ പകർപ്പവകാശ ലംഘനവുമായി ബന്ധപ്പെട്ട് നിയമപരമായി പ്രശ്നങ്ങൾ നേരിടുന്നുവെന്ന റിപ്പോർട്ടുകളാണ് പുറത്ത് വരുന്നത്. ജർമൻ മലയാളിയും എഴുത്തുകാരനുമായ ജോർജ് തുണ്ടിപ്പറമ്പിലാണ് ബറോസിനെതിരെ രംഗത്തെത്തിയിരിക്കുന്നത്.

2008ൽ പ്രസിദ്ധീകരിച്ച തന്റെ മായ എന്ന നോവലുമായി അസാധാരണമായ സാമ്യം ബറോസിന്റെ കഥയ്ക്കുണ്ടെന്നാണ് ജോർജ് തന്റെ വക്കീൽ നോട്ടീസിൽ ആരോപിക്കുന്നത്. മായയുടെ കോപ്പി സംവിധായകൻ രാജീവ്‌ കുമാറിന് തന്റെ സുഹൃത്ത് നൽകിയിരുന്നുവെന്നും ജിജോ പുന്നൂസുമായി ചേർന്ന് സിനിമ ചെയ്യുമെന്ന് അന്ന് രാജീവ്‌ കുമാർ പറഞ്ഞെന്നും ജോർജ് പറയുന്നു.

കഥകൾ രണ്ടും കാപ്പിരിയെന്ന അർദ്ധദൈവത്തെ കുറിച്ചുള്ള കെട്ടുകഥകൾ അടിസ്ഥാനമാക്കിയാണെന്നും അദ്ദേഹം പറയുന്നു. പകർപ്പവകാശ പ്രശ്നങ്ങൾ പരിഹരിക്കുന്നതുവരെ ബറോസിന്റെ റിലീസ് മാറ്റി വെക്കണമെന്നാണ് ജോർജ് തുണ്ടിപ്പറമ്പിൽ അഭ്യർത്ഥിച്ചു. സിനിമയുടെ അണിയറ പ്രവർത്തകർക്ക് ജോർജ് വക്കീൽ നോട്ടീസ് അയച്ചിട്ടുണ്ട്.

ജിജോ പുന്നൂസിന്റെ നോവലിനെ ആസ്പദമാക്കിയായിരുന്നു ബറോസ് പ്ലാൻ ചെയ്തത്. എന്നാൽ പിന്നീട് ഇതിൽ പല എഡിറ്റിങ്ങുകളും നടത്തിയിരുന്നു. തന്റെ കഥയും ഓൺലൈനിൽ പ്രസിദ്ധീകരിച്ച ജിജോ പുന്നൂസിന്റെ കഥയിലെ ചില ഭാഗങ്ങളും തമ്മിൽ ഒരുപാട് സാമ്യതകൾ ഉണ്ടെന്നും ജോർജ് പറയുന്നു. എന്നാൽ ബറോസ് തന്റെ തിരക്കഥയല്ലെന്ന് വ്യക്തമാക്കി ജിജോ പുന്നൂസ് മുന്നോട്ട് വന്നിരുന്നു. ടി. കെ. രാജീവ്‌ കുമാർ തിരക്കഥ മാറ്റി എഴുതിയതാണെന്ന് അദ്ദേഹം അന്ന് വ്യക്തമാക്കിയിരുന്നു.

എന്നാൽ വിഷയത്തെ കുറിച്ച് മോഹൻലാലോ മറ്റ് അണിയറ പ്രവർത്തകരോ ഇതുവരെ പ്രതികരിച്ചിട്ടില്ല. അടുത്ത മാസം പന്ത്രണ്ടിനാണ് ചിത്രം റിലീസ് ചെയ്യാൻ തീരുമാനിച്ചിരുന്നത്. എന്നാൽ നിയമകുരുക്കുകൾ റിലീസിനെ ബാധിക്കുമോയെന്നാണ് അറിയേണ്ടത്.

Content Highlight: Mohanlal’s Barozz release  in Legale Trouble

We use cookies to give you the best possible experience. Learn more