ആലപ്പുഴ: എമ്പുരാൻ സിനിമാ വിവാദത്തിൽ മോഹൻലാൽ ഖേദം പ്രകടിപ്പിച്ചതിന് പിന്നാലെ ആലപ്പുഴ മോഹൻലാൽ ഫാൻസ് അസോസിയേഷനിൽ പൊട്ടിത്തെറി. പൊട്ടിത്തെറിക്ക് പിന്നാലെ ഓൾ കേരള മോഹൻലാൽ ഫാൻസ് & കൾച്ചറൽ വെൽഫെയർ അസോസിയേഷൻ സ്റ്റേറ്റ് കമ്മിറ്റിയുടെ ആലപ്പുഴ ജില്ലാ സെക്രട്ടറി ബിനു രാജ് രാജിവെച്ചു.
സെക്രട്ടറി സ്ഥാനം രാജിവെക്കുന്നതായി ബിനു രാജ് ഫേസ്ബുക്ക് പോസ്റ്റ് വഴിയാണ് അറിയിച്ചത്. രാജിയുടെ കാരണം ബിനുരാജ് വിശദീകരിച്ചിട്ടില്ല. താൻ രാജിവെക്കുകയാണെന്നും ഇതുവരെ കട്ടയ്ക്ക് നിന്നവർക്ക് നന്ദിയെന്നുമാണ് ബിനുരാജ് അറിയിച്ചത്.
2019ൽ ഇറങ്ങിയ മോഹൻലാൽ പൃഥ്വിരാജ് ചിത്രമായ ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻ കഴിഞ്ഞ വ്യാഴാഴ്ചയായിരുന്നു തിയേറ്ററുകളിൽ എത്തിയത്. സിനിമ ഇറങ്ങിയതിന് പിന്നാലെ വലിയ വിവാദവും പൊട്ടിപ്പുറപ്പെട്ടിരുന്നു. സെക്കുലര്‍ രാഷ്ട്രീയപ്രവര്‍ത്തകരും ജനകീയ കമ്മീഷനുകളും കണ്ടെത്തിയ ഗുജറാത്ത് കലാപത്തിന്റെ നേർക്കാഴ്ച സിനിമയിൽ വിവരിക്കുന്നുണ്ട്. ഇതിന് പിന്നാലെയാണ് മലയാളം ഇൻഡസ്ട്രി കണ്ട ഏറ്റവും വലിയ സിനിമയായ എമ്പുരാനെതിരെ ഹേറ്റ് ക്യാമ്പെയ്‌നുമായി തീവ്ര ഹിന്ദുത്വ വാദികൾ എത്തിയത്.
പിന്നാലെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്ന് പറഞ്ഞുകൊണ്ട് മോഹൻലാൽ ഫേസ്ബുക്കിൽ കുറിപ്പുമായി എത്തിയിരുന്നു. പൃഥ്വിരാജും ആൻ്റണി പെരുമ്പാവൂരുമടക്കം സിനിമയുടെ ഭാഗമായവരെല്ലാം പോസ്റ്റ് ഷെയർ ചെയ്യുകയും ചെയ്തിരുന്നു. തുടർച്ചയായ സംഘപരിവാർ ആക്രമണത്തിന് പിന്നാലെയാണ് ഖേദം പ്രകടിപ്പിച്ച് മോഹൻലാൽ രംഗത്തെത്തിയത്.
‘ലൂസിഫർ ഫ്രാഞ്ചൈസിൻ്റെ രണ്ടാം ഭാഗമായ എമ്പുരാൻ സിനിമയുടെ ആവിഷ്കാരത്തിൽ കടന്നു വന്നിട്ടുള്ള ചില രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ എന്നെ സ്നേഹിക്കുന്നവരിൽ കുറേപേർക്ക് വലിയ മനോവിഷമം ഉണ്ടാക്കിയതായി ഞാനറിഞ്ഞു. ഒരു കലാകാരൻ എന്ന നിലയിൽ എൻ്റെ ഒരു സിനിമയും ഏതെങ്കിലും രാഷ്ട്രീയ പ്രസ്ഥാനത്തോടോ, ആശയത്തോടോ, മതവിഭാഗത്തോടോ വിദ്വേഷം പുലർത്തുന്നില്ല എന്ന് ഉറപ്പുവരുത്തേണ്ടത് എൻ്റെ കടമയാണ്. അതുകൊണ്ടു തന്നെ എൻ്റെ പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്, ഒപ്പം അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച ഞങ്ങൾ എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ അത്തരം വിഷയങ്ങളെ നിർബന്ധമായും സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ ഒരുമിച്ച് തീരുമാനിച്ച് കഴിഞ്ഞു,’ മോഹൻലാൽ കുറിച്ചു.
അതേസമയസം റിലീസ് ചെയ്ത ആദ്യദിനം തൊട്ട് ഉയർന്നുവന്ന വിവാദങ്ങൾക്ക് വിരാമമിട്ട്, ചിത്രത്തിൽ സംഘപരിവാറിനെ അസ്വസ്ഥമാക്കിയ രംഗങ്ങൾ റി സെൻസറിങ്ങിന് വിധേയമാക്കി. വിവാദപരമായ രംഗങ്ങളിൽ മാറ്റം വരുത്തിയ പുതിയ പതിപ്പ് ഇന്ന് മുതൽ പ്രദർശനത്തിനെത്തും. ചിത്രത്തിലെ 17 ഇടത്താണ് മാറ്റങ്ങൾ വരുത്തിയത്.
മൂന്ന് മിനിറ്റോളം വരുന്ന ഭാഗങ്ങൾ പൂർണമായും നീക്കം ചെയ്യുകയും ചിത്രത്തിലെ പ്രധാന വില്ലൻ്റെ പേരായ ബജ്‌രംഗി എന്നത് മാറ്റുകയും ചെയ്തിട്ടുണ്ട്. പുതിയ പേര് പുറത്തിറക്കുന്ന പതിപ്പിൽ ഉണ്ടായിരിക്കും ഗുജറാത്ത് കലാപത്തിൻ്റെ ഭാഗങ്ങൾ കാണിക്കുന്നയിടത്ത് സ്ത്രീകൾക്കെതിരെയുള്ള അക്രമണങ്ങൾ പൂർണമായും നീക്കം ചെയ്യുമെന്നാണ് അറിയാൻ സാധിക്കുന്നത്.
Content Highlight: Mohanlal’s apology; Alappuzha Fans Association erupts; Secretary Binu Raj resigns