കൊച്ചി: “മോനേ, നാണമുണ്ടോ ഇതൊക്കെ ചോദിക്കാന്‍. ഇത്രയും വലിയൊരു പ്രോബ്ലം നടക്കുമ്പോള്‍ അത് പൊതുവികാരമാണോ”- കന്യാസ്ത്രീകള്‍ നടത്തുന്ന സമരത്തെപ്പറ്റിയുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് നടന്‍ മോഹന്‍ലാല്‍ നല്‍കിയ മറുപടിയാണിത്.
മോഹന്‍ലാലിന്റെ മാതാപിതാക്കളുടെ പേരിലുള്ള വിശ്വശാന്തി ഫൗണ്ടേഷന്റെ സഹായം ദുരന്തബാധിതര്‍ക്ക് നല്‍കുന്ന ചടങ്ങിനിടെയാണ് നടന്റെ പ്രതികരണം. കന്യാസ്ത്രീകളുടെ വിഷയത്തെപ്പറ്റിയുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനാണ് മോഹന്‍ലാല്‍ ഈ രീതിയില്‍ പ്രതികരിച്ചത്.
“മോനെ നിങ്ങള്‍ക്ക് നാണമുണ്ടോ ഇങ്ങനെത്തെ ആവശ്യമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കാന്‍? ആ കന്യാസ്ത്രീകള്‍ എന്ത് ചെയ്യണം. ഇത്രയും വലിയൊരു പ്രോബ്ലം നടക്കുമ്പോള്‍ അത് പൊതുവികാരമാണോ. നിങ്ങള്‍ക്ക് വേറെ എന്തെങ്കിലുമൊക്കെ ചോദിച്ചുകൂടെ. അതും പ്രളയവുമായി എന്താണ് ബന്ധം – എന്നാണ് മോഹന്‍ലാല്‍ പറഞ്ഞത്.
ALSO READ: ഇടുക്കിയിലെ പൊന്‍മുടി അണക്കെട്ട് തുറന്നു
അതേസമയം കന്യാസ്ത്രീകളുടെ സമരത്തിന് പിന്തുണയര്‍പ്പിച്ച് വുമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തെത്തിയിരുന്നു. റിമ കല്ലിങ്കല്‍ ഉള്‍പ്പടെയുള്ള ഡബ്‌ള്യൂ.സി.സി അംഗങ്ങള്‍ കൊച്ചിയിലെ കന്യാസ്ത്രീകളുടെ സമരപ്പന്തലില്‍ എത്തിയിരുന്നു.
സമൂഹവ്യവസ്ഥയിലെ പുരുഷാധിപത്യപരമായ സമീപനങ്ങള്‍ക്കെതിരെയും അനീതികള്‍ക്കെതിരെയും പോരാടുന്ന ഓരോ സ്ത്രീയുടെയും കൂടെയാണ് തങ്ങളെന്നായിരുന്നു സംഘടനയുടെ നിലപാട്.
കേരളത്തിലെ കന്യാസ്ത്രീകള്‍ മുന്നോട്ടു വെക്കുന്ന ചരിത്രപ്രധാനമായ ഈ സമരത്തില്‍ ഞങ്ങളും പങ്കു ചേരുന്നു. ഇത് സ്ത്രീകളുടെ തുറന്നു പറച്ചിലിന്റെ കാലമാണ്. അതിനെ അവഗണിക്കാന്‍ ഒരു ശക്തിക്കുമാവില്ലെന്ന് ഡബ്ലു.സി.സി ഫേസ് ബുക്കില്‍ കുറിച്ചിരുന്നു.