നിങ്ങള്‍ക്ക് മുന്നിലേക്ക് വരാന്‍ എനിക്ക് ആരുടേയും അനുവാദം ആവശ്യമില്ല, ഞാന്‍ ഇവിടെയൊക്കെ തന്നെ കാണും; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍
Kerala
നിങ്ങള്‍ക്ക് മുന്നിലേക്ക് വരാന്‍ എനിക്ക് ആരുടേയും അനുവാദം ആവശ്യമില്ല, ഞാന്‍ ഇവിടെയൊക്കെ തന്നെ കാണും; വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി മോഹന്‍ലാല്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 8th August 2018, 7:54 pm

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാര വിതരണത്തിലേക്ക് മോഹന്‍ലാലിനെ ക്ഷണിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങള്‍ക്ക് മറുപടിയുമായി താരം. പുരസ്‌ക്കാരവേദിയില്‍ വെച്ച് തന്നെയാണ് താരം വിമര്‍ശനങ്ങളോട് പ്രതികരിച്ചത്.

“”സഹപ്രവര്‍ത്തകര്‍ക്ക് അവാര്‍ഡ് ലഭിക്കുന്നത് കാണാനും ആ ചടങ്ങിന് സാക്ഷ്യം വഹിക്കാനും എനിക്കും അവകാശവും കടമയുമുണ്ട്. നിങ്ങളുടെ ഇടയിലേക്ക് കടന്ന് വരാന്‍ എനിക്ക് ആരുടേയും അനുവാദം ആവശ്യമില്ല”” താരം പറഞ്ഞു.

അഭിനയജീവിതം എത്രകാലം മുന്നോട്ട് കൊണ്ട് പോവാന്‍ സാധിക്കുമെന്ന് അറിയില്ല. എന്നാല്‍ അതുവരെ ഇവിടെയൊക്കെത്തന്നെ കാണുമെന്നും താരം കൂട്ടിച്ചേര്‍ത്തു.

തിരുവനന്തപുരത്തിന്റെ മണ്ണില്‍ പുരസ്‌കാരദാന ചടങ്ങ് നടക്കുമ്പോള്‍ മുഖ്യാതിഥി ആയിട്ടല്ല, സഹപ്രവര്‍ത്തകരുമായി ഒത്തുചേരാനാണ് വന്നിട്ടുള്ളതെന്നും താരം ചടങ്ങില്‍ പറഞ്ഞു.

സംസ്ഥാന ദേശീയ പുരസ്‌ക്കാരങ്ങള്‍ സഹപ്രവര്‍ത്തകര്‍ക്ക് കിട്ടുമ്പോള്‍ ഒരിക്കലും അസൂയയോടെയല്ല, ആത്മവിമര്‍ശനത്തോടെയാണ് അതിനെ സമീപിച്ചിട്ടുള്ളതെന്നും താരം പറഞ്ഞു.

മികച്ച നടനുള്ള പുരസ്‌ക്കാരം ലഭിച്ച ഇന്ദ്രന്‍സിന് എല്ലാ ആശംസകളും നേര്‍ന്ന മോഹന്‍ലാല്‍, സിനിമാ മേഖലയില്‍ ഇടപെടുന്ന സര്‍ക്കാരിന് അഭിനന്ദനവും അറിയിച്ചു.

നേരത്തെ ചടങ്ങില്‍ മോഹന്‍ലാലിനെ മുഖ്യാതിഥിയായി ക്ഷണിച്ചതില്‍ സിനിമാ മേഖലയില്‍ നിന്ന് തന്നെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. മോഹന്‍ലാലിനൊട് മത്സരിച്ച് പുരസ്‌ക്കാരത്തിന് അര്‍ഹരായവരെ ആദരിക്കുന്ന ചടങ്ങില്‍ താരത്തെ മുഖ്യാതിഥിയാക്കുന്നതിലെ അനൗചിത്യം ചൂണ്ടിക്കാണിച്ച് കൊണ്ടായിരുന്നു വിമര്‍ശനങ്ങള്‍.