ചലച്ചിത്ര അവാര്‍ഡ് വിതരണം; തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍
Kerala State Film Award
ചലച്ചിത്ര അവാര്‍ഡ് വിതരണം; തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്ന് മോഹന്‍ലാല്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 24th July 2018, 8:17 am

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങിലേക്ക് തന്നെ ആരും ക്ഷണിച്ചിട്ടില്ലെന്ന് നടന്‍ മോഹന്‍ലാല്‍. ചടങ്ങിലെ മുഖ്യാതിഥിയായി മോഹന്‍ലാലിനെ പങ്കെടുപ്പിക്കുന്നതിനെതിരെ ഭീമഹരജി നല്‍കിയതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

” എന്നെ ക്ഷണിച്ചാല്‍ പോകണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് ഞാനാണ്. ക്ഷണിക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. എല്ലാക്കാലത്തും സര്‍ക്കാരുകളോട് രാഷ്ട്രീയം നോക്കാതെ ബഹുമാനത്തോടെയാണു ഞാന്‍ പെരുമാറിയിട്ടുള്ളത്. അവാര്‍ഡ് കിട്ടിയതും കിട്ടാത്തതുമായ ചടങ്ങുകള്‍ക്കു മുന്‍പും ഞാന്‍ പോയിട്ടുണ്ട്.”

നിലവില്‍ ക്ഷണിക്കാത്ത കാര്യത്തെക്കുറിച്ച് എങ്ങനെയാണ് പറയുകയെന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു. ഇപ്പോള്‍ വണ്ടിപ്പെരിയാറ്റില്‍ അഭിനയിച്ചുകൊണ്ടിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു.

ALSO READ: മോഹന്‍ലാല്‍ പങ്കെടുത്താല്‍ അവാര്‍ഡ് ചടങ്ങിന്റെ പവിത്രത നഷ്ടപ്പെടും: സച്ചിദാനന്ദന്‍

നടന്‍ പ്രകാശ് രാജ്, സാഹിത്യകാരന്‍ എന്‍.എസ്.മാധവന്‍ തുടങ്ങിയവര്‍ ഉള്‍പ്പെടെ വിവിധരംഗത്തുള്ള 105 ഓളം പേരാണ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരദാനച്ചടങ്ങില്‍ മുഖ്യാതിഥിയെ പങ്കെടുപ്പിക്കരുതെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് ഭീമ ഹരജി നല്‍കിയത്. സാംസ്‌കാരിക മന്ത്രിയുടെ സാന്നിധ്യത്തില്‍ മുഖ്യമന്ത്രി അവാര്‍ഡ് ജേതാക്കള്‍ക്ക് പുരസ്‌കാരം നല്‍കുന്ന ലളിതവും അന്തസ്സുറ്റതുമായ ഒരു ചടങ്ങായിരിക്കണം കേരള സംസ്ഥാന അവാര്‍ഡ് വിതരണ വേദിയെന്നും അവര്‍ ആവശ്യപ്പെട്ടിരുന്നു.

“ചടങ്ങില്‍ മുഖ്യമന്ത്രിയെയും അവാര്‍ഡ് ജേതാക്കളെയും മറികടന്ന് ഒരു മുഖ്യാതിഥിയെ ക്ഷണിച്ചു കൊണ്ടുവരുന്നത് തീര്‍ത്തും അനൗചിത്യം മാത്രമല്ല, പുരസ്‌കാര ജേതാക്കളുടെ നേട്ടത്തെ കുറച്ചു കാട്ടുക കൂടിയാണ്. സിനിമയിലെ ക്രിയാത്മകമായ കലാപ്രവര്‍ത്തനങ്ങള്‍ക്ക് ഒരു സംസ്ഥാനം നല്‍കുന്ന ഉന്നതമായ പുരസ്‌കാരമാണ് കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ്.

ALSO READ: മോഹന്‍ലാലിനോട് എന്തിനാണ് അയിത്തം; ചലച്ചിത്ര പുരസ്‌ക്കാര വിതരണ വിവാദത്തില്‍ പ്രതികരണവുമായി എം.എ നിഷാദ്

മലയാള സിനിമയിലെ കലാകാരന്മാര്‍ക്കു സ്വന്തം നാട്ടില്‍ നിന്നു ലഭിക്കുന്ന ഏറ്റവും വലിയ ആദരവാണ് ഈ പുരസ്‌കാരം. അതുകൊണ്ടുതന്നെ പുരസ്‌കാരം അവര്‍ക്ക് സമ്മാനിക്കേണ്ടതും സാംസ്‌കാരിക പൂര്‍ണമായ ഒരു കലാ അന്തരീക്ഷത്തില്‍ ആകേണ്ടതുണ്ട്” ഭീമ ഹര്‍ജിയില്‍ പറയുന്നു.

മോഹന്‍ലാലിനെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടില്ലെന്ന് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലും പറഞ്ഞിരുന്നു. സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നല്‍കുന്നത് സര്‍ക്കാര്‍ ആണ്. അതിന്റെ പ്രോട്ടോക്കോള്‍ തീരുമാനിക്കുന്നതും ആരൊക്കെ അതിഥികളാകണം എന്നതും സര്‍ക്കാരിന്റെ തീരുമാനാണെന്നും കമല്‍ വ്യക്തമാക്കിയിരുന്നു.

WATCH THIS VIDEO: