| Friday, 21st May 2021, 12:58 pm

'ചെമ്പിന്റെ ചേലുള്ള മോറാണ്'; പിറന്നാള്‍ ദിനത്തില്‍ മരയ്ക്കാറിലെ ലിറിക്ക് സോങ്ങ് പുറത്തുവിട്ട് മോഹന്‍ലാല്‍

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

പിറന്നാള്‍ ദിനത്തില്‍ തന്റെ പുതിയ ചിത്രമായ മരക്കാര്‍ അറബിക്കടലിലെ സിംഹത്തിലെ ലിറിക്ക് സോങ്ങ് പുറത്തുവിട്ട് മോഹന്‍ലാല്‍. ‘ചെമ്പിന്റെ ചേലുള്ള മോറാണ്, ചെത്തിപ്പൂ കത്തണ കണ്ണാണ്, ചായുന്ന ചന്ദന തോളാണ്, ചാമരം പോലൊരു നെഞ്ചാണ്’ എന്ന് തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോയില്‍ സിനിമയിലെ നല്ല സ്റ്റില്‍ ഫോട്ടോഗ്രാഫ്‌സും ഉള്‍പ്പെടുത്തിയാണ് പ്രേക്ഷകരിലെത്തിച്ചിരിക്കുന്നത്.

സംവിധായകന്‍ പ്രിയദര്‍ശന്‍ എഴുതിയ വരികള്‍ വിഷ്ണു രാജ് ആണ് ആലപിച്ചിരിക്കുന്നത്. ഹാപ്പി ബര്‍ത്ത് ഡേ ലാലേട്ടാ എന്ന ഹാഷ് ടാഗുമായി സൈനാ മ്യൂസിക്കിന്റെ യൂറ്റ്യൂബ്  ചാനലില്‍ പുറത്തിറങ്ങിയ ഗാനം ഇതിനകം ആരാധകര്‍ ഏറ്റെടുത്ത് കഴിഞ്ഞു.

മലയാളത്തിലെ ഏറ്റവും ചെലവേറിയ ചിത്രമെന്ന വിശേഷണത്തോടെയാണ് മരയ്ക്കാര്‍ എത്തുന്നത്.
പ്രിയദര്‍ശന്‍ സംവിധാനം നിര്‍വഹിക്കുന്ന ചിത്രം ആശിര്‍വാദ് സിനിമാസ്, മൂണ്‍ഷൂട്ട് എന്റ്റര്‍ടൈന്‍മെന്‍ഡ്, കോണ്‍ഫിഡന്‍ഡ് ഗ്രൂപ്പ് എന്നീ ബാനറുകളില്‍ ആന്റണി പെരുമ്പാവൂര്‍, സന്തോഷ്.ടി കുരുവിള, റോയ് .സി.ജെ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

100 കോടി രൂപയാണ് ബജറ്റ്. വാഗമണ്‍, ഹൈദരാബാദ്, ബാദ്മി, രാമേശ്വരം എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷന്‍.

പ്രണവ് മോഹന്‍ലാല്‍, അര്‍ജ്ജുന്‍, മുകേഷ്, സുനില്‍ ഷെട്ടി, പ്രഭു, മഞ്ജു വാര്യര്‍, സുഹാസിനി, കീര്‍ത്തി സുരേഷ്, കല്യാണി പ്രിയദര്‍ശന്‍, ഫാസില്‍, സിദ്ദിഖ്, നെടുമുടി വേണു, ഇന്നസെന്റ് തുടങ്ങി വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

അതേസമയം, മോഹന്‍ലാലിന്റെ 61-ാം ജന്മദിനം ആഘോഷമാക്കക്കുകയാണ് ആരാധകരും സുഹൃത്തുക്കളും. രാത്രി പന്ത്രണ്ട് മണിക്ക് തന്നെ ജന്മദിനാശംസകളുമായി നടന്‍ മമ്മൂട്ടിയെത്തി. പ്രിയദര്‍ശന്‍, ആസിഫ് അലി, സംയുക്ത, നിവിന്‍ പോളി, പൃഥ്വിരാജ്, ടൊവിനോ തുടങ്ങി സിനിമാ മേഖലയിലെ നിരവധി സഹപ്രവര്‍ത്തകരും താരത്തിന്റെ ജന്മദിനത്തില്‍ ആശംസകള്‍ അറിയിച്ചു.

പിറന്നാളാശംസകള്‍ സ്റ്റീഫന്‍! പിറന്നാളാശംസകള്‍ അബ്‌റാം. പിറന്നാളാശംസകള്‍ ലാലേട്ടാ എന്നായിരുന്നു പൃഥ്വി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്.

1960 മെയ് 21 ന് പത്തനംതിട്ടയിലാണ് മോഹന്‍ലാല്‍ ജനിച്ചത്. സുഹൃത്ത് അശോക് കുമാര്‍ സംവിധാനം ചെയ്ത തിരനോട്ടം ആയിരുന്നു ആദ്യ ചിത്രം. മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന ഫാസില്‍ ചിത്രത്തിലൂടെ മുഖ്യധാര സിനിമയില്‍ എത്തിയ ലാലിന് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

40 വര്‍ഷത്തിലധികം മുന്നൂറ്റി അമ്പതോളം സിനിമകളില്‍ മോഹന്‍ലാല്‍ അഭിനയിച്ചു. മലയാളത്തിനു പുറമേ തമിഴ്, ഹിന്ദി, തെലുഗു, കന്നഡ തുടങ്ങിയ ഭാഷകളിലുള്ള ചലച്ചിത്രങ്ങളിലും ലാല്‍ അഭിനയിച്ചിട്ടുണ്ട്.

അഞ്ച് ദേശീയ പുരസ്‌ക്കാരങ്ങളടക്കം നിരവധി പുരസ്‌ക്കാരങ്ങള്‍ മോഹന്‍ലാലിന് ലഭിച്ചിട്ടുണ്ട്. ചലച്ചിത്ര മേഖലയ്ക്ക് നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് 2001-ല്‍ അദ്ദേഹത്തിന് രാജ്യത്തെ നാലാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മശ്രീ പുരസ്‌കാരവും 2019 ല്‍ രാജ്യത്തെ മൂന്നാമത്തെ ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ പത്മഭൂഷണ്‍ ബഹുമതിയും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
തന്റെ സിനിമാ ജീവിതത്തില്‍ ബറോസ് എന്ന ചിത്രത്തിലൂടെ സംവിധായകനായിരിക്കുകയാണ് മോഹന്‍ലാല്‍. ലാല്‍ തന്നെയാണ് ചിത്രത്തിലെ പ്രധാനകഥാപാത്രമായ ബറോസ് ആവുന്നത്

നെയ്യാറ്റിന്‍കര ഗോപന്റെ ആറാട്ട്, മരക്കാര്‍ അറബിക്കടലിന്റെ സിംഹം എന്നിവയാണ് റിലീസിനൊരുങ്ങുന്ന മോഹന്‍ലാല്‍ ചിത്രങ്ങള്‍.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

CONTENT HIGHLGHTS: Mohanlal releases lyric song in Maraikar on his birthday

We use cookies to give you the best possible experience. Learn more