| Sunday, 5th November 2023, 1:41 pm

മലൈകോട്ടൈ വാലിബന്റെ ഡി.എന്‍.എഫ്.ടി മോഹന്‍ലാല്‍ റിലീസ് ചെയ്തു

എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്

2024 ജനുവരി 25ന് തിയേറ്ററുകളിലെത്തുന്ന ലിജോ ജോസ് പെല്ലിശ്ശേരി – മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബന്റെ ഡി.എന്‍.എഫ്.ടി (ഡീസെന്‍ട്രലൈസ്ഡ് നോണ്‍-ഫണ്‍ജബിള്‍ ടോക്കന്‍) റിലീസ് ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ മോഹന്‍ലാല്‍, സംവിധായകന്‍ ലിജോ ജോസ് പെല്ലിശ്ശേരി, നിര്‍മാതാക്കളായ ഷിബു ബേബി ജോണ്‍, കൊച്ചുമോന്‍ സെഞ്ച്വറി ഫിലിംസ്, അച്ചു ബേബി ജോണ്‍, യു.കെ. ആസ്ഥാനമായ ജി.പി.എല്‍. മൂവീസ് ഉടമ സുഭാഷ് മാനുവല്‍, രാജേഷ് കൃഷ്ണ എന്നിവര്‍ പങ്കെടുത്തു.

ജി.പി.എല്‍ മൂവീസാണ് നിലവിലുള്ള കേന്ദ്രീകൃത എന്‍.എഫ്.ടിക്ക് ബദലായി വികേന്ദ്രീകൃത സാങ്കേതികവിദ്യ വികസിപ്പിച്ചിരിക്കുന്നത്. എന്‍.എഫ്.ടികള്‍ സാധാരണയായി ആസ്തികളുടെ കലാമൂല്യം മാത്രമാണ് കാണുന്നത്. എന്നാല്‍ ഡി.എന്‍.എഫ്.ടിയില്‍ കലാമൂല്യത്തോടൊപ്പം അതിന് സാമ്പത്തികമൂല്യവും കൈവരുന്നു. സവിശേഷമായ വികേന്ദ്രീകൃത മിന്റിങ് പ്രക്രിയയാണ് ഇതിനായി ഉപയോഗിക്കുന്നത്. ആഗോള വിനോദ വ്യവസായ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് ഡി.എന്‍.എഫ്.ടി തുടക്കം കുറിക്കുമെന്നും സിനിമാ നിര്‍മാണ കമ്പനികള്‍ക്ക് പുതിയ സാമ്പത്തിക സ്രോതസ്സ് തുറന്നു നല്‍കുമെന്നും ജി.പി.എല്‍. മൂവീസ് അധികൃതര്‍ വ്യക്തമാക്കി.

https://dnft.global എന്ന വെബ്സൈറ്റ് വഴിയാണ് സിനിമയുടെ ചിത്രങ്ങള്‍ ലഭിക്കുക. ഷിബു ബേബി ജോണ്‍, അച്ചു ബേബി ജോണ്‍ എന്നിവരുടെ നേത്ര്വത്തിലുള്ള ജോണ്‍ ആന്‍ഡ് മേരി ക്രിയേറ്റിവിസ്, കൊച്ചുമോന്റെ ഉടമസ്ഥതയിലുള്ള സെഞ്ച്വറി ഫിലിംസ്, അനൂപിന്റെ മാക്‌സ് ലാബ്, വിക്രം മെഹ്റ, സിദ്ധാര്‍ഥ് ആനന്ദ് കുമാര്‍ എന്നിവരുടെ ഉടമസ്ഥയിലുള്ള സരിഗമ ഇന്ത്യാ ലിമിറ്റഡ് എന്നിവരാണ് മലൈക്കോട്ടൈ വാലിബന്റെ നിര്‍മാതാക്കള്‍.

നൂറ്റി മുപ്പതു ദിവസങ്ങളില്‍ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് പി.എസ്. റഫീക്കാണ്. ‘ചുരുളി’ക്ക് ശേഷം മധു നീലകണ്ഠന്‍ വീണ്ടും ലിജോയ്ക്ക് വേണ്ടി ക്യാമറ ചലിപ്പിക്കുന്ന ചിത്രത്തിന്റെ സംഗീതം നിര്‍വഹിക്കുന്നത് പ്രശാന്ത് പിള്ളയാണ്. ദീപു ജോസഫ് എഡിറ്റിങ് നിര്‍വഹിക്കുന്ന ചിത്രത്തിന്റെ വസ്ത്രാലങ്കാരം റോണക്‌സ് സേവ്യറാണ്. പി.ആര്‍.ഒ പ്രതീഷ് ശേഖര്‍.

Content Highlight: Mohanlal released DNFT of Malaikottai Valiban

We use cookies to give you the best possible experience. Learn more